ഔദ്യോഗിക പരിപാടിയില്‍ പങ്കെടുക്കാതെ വിദ്യാഭ്യാസമന്ത്രിയും പാര്‍ട്ടി പരിപാടിക്കു പോയി
തൃശൂര്‍: പാര്‍ട്ടി സമ്മേളനങ്ങള്‍ക്കു വേണ്ടി ഔദ്യോഗിക പരിപാടി ഒഴിവാക്കി മന്ത്രി സി രവീന്ദ്രനാഥും. ഇന്നലെ തൃശൂരിലാരംഭിച്ച സംസ്‌കാരിക വകുപ്പിനു കീഴിലുള്ള അന്താരഷ്ട്ര നാടകോത്സവം ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന വിദ്യാഭ്യാസ മന്ത്രി അതില്‍ പങ്കെടുക്കാതെ സി.പി.എം എറണാകുളം ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു.
സമ്മേളനം തുടങ്ങുന്നതിന് ഏതാനും നിമിഷം മുന്‍പു മാത്രമാണ് മന്ത്രി പാര്‍ട്ടിസമ്മേളനത്തില്‍ പങ്കെടുക്കാനായി എറണാകുളത്തേയ്ക്കു പോകുന്നതായി സംഘാടകരെ അറിയിച്ചത്. അക്കാര്യം അതേപോലെ സംഘാടകര്‍ സദസ്സിനെ അറിയിച്ചു. ജനുവരി അഞ്ചു മുതല്‍ പത്തുവരെ നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടിയില്‍ പങ്കെടുക്കാതെ സി.പി.എം കൊല്ലം ജില്ലാ സമ്മേളനത്തിനു പോയത് ഏറെ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇടയാക്കിയിരുന്നു. അതിന്റെ അലയടികള്‍ ഒതുങ്ങുന്നതിനു മുമ്പാണ് വിദ്യാഭ്യാസമന്ത്രിയുടെ നടപടി. സാംസ്‌കാരികവകുപ്പിന്റെ നിയന്ത്രണത്തിലാണ് അന്താരാഷ്ട്ര നാടകോത്സവം നടക്കുന്നത്.
വകുപ്പു മന്ത്രി എ.കെ ബാലനും മുഖ്യമന്ത്രി പിണറായി വിജയനും ഡല്‍ഹിയില്‍ പാര്‍ട്ടി കേന്ദ്രകമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ പോയിരിക്കുകയാണ്. പകരക്കാരനായാണു മന്ത്രി രവീന്ദ്രനാഥിനെ നിശ്ചയിച്ചത്. നാടകോത്സവം ഉദ്ഘാടനം ചെയ്ത ശേഷമാണ് കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ സി.പി.ഐ ജില്ലാ സമ്മേളനത്തിന് പോയത് എന്നതും ശ്രദ്ധേയമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."