നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപിന് നല്‍കരുതെന്ന് പ്രോസിക്യൂഷന്‍
അങ്കമാലി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപിന് നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍. അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ച രേഖകളുടെയും വിഡിയോ ദൃശ്യങ്ങളുടെയും പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹരജിയിലാണ് പ്രോസിക്യൂഷന്‍ നിലപാട് വ്യക്തമാക്കിയത്.
പ്രതിഭാഗത്തിന് ദൃശ്യങ്ങള്‍ കാണാന്‍ കോടതിയുടെ സാന്നിധ്യത്തില്‍ അനുവദിച്ചിട്ടുപോലും ദൃശ്യങ്ങളിലെ വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവിട്ട് ഇരയെ അപകീര്‍ത്തിപ്പെടുത്തുന്ന സാഹചര്യമുണ്ടായി. ദൃശ്യങ്ങള്‍ പ്രതിഭാഗത്തിന് ലഭിച്ചാല്‍ അത് ഇരയുടെ സുരക്ഷയെ ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ദൃശ്യങ്ങള്‍ പ്രതിഭാഗത്തിന്റെ കൈവശമുണ്ടെന്ന് സംശയിക്കുന്നതായും പ്രോസിക്യൂഷന്‍ അറിയിച്ചു. പകര്‍പ്പ് നല്‍കാന്‍ കഴിയുന്നരേഖകളുടെയും നല്‍കാനാവാത്ത രേഖകളുടെയും പട്ടിക പൊലിസ് നല്‍കി. പ്രതിഭാഗം ആവശ്യപ്പെടുന്ന പല രേഖകളും നേരത്തേ നല്‍കിയിട്ടുള്ളതാണെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.
കോടതിനടപടികള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്തതിന് മാധ്യമങ്ങള്‍ക്കും കോടതിയുടെ രൂക്ഷ വിമര്‍ശനമുണ്ടായി.
പലപ്പോഴും മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. കോടതിയില്‍ നടക്കാത്ത കാര്യങ്ങള്‍പോലും റിപ്പോര്‍ട്ട് ചെയ്യുന്നു. കേസുമായി ബന്ധപ്പെട്ട രേഖകള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുന്നതില്‍ പ്രോസിക്യൂഷനെയും പ്രതിഭാഗത്തെയും കോടതി ശക്തമായി താക്കീത് ചെയ്തു. 24ന് പള്‍സര്‍ സുനി അടക്കമുള്ള എല്ലാ പ്രതികളും ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."