അധിനിവേശ സസ്യങ്ങള്‍ പിഴുതുമാറ്റി 'സഞ്ചാരി'യുടെ പരിസ്ഥിതി പുനഃസ്ഥാപന യജ്ഞം
തോല്‍പ്പെട്ടി: പ്രകൃതിക്കൊപ്പം സഞ്ചാരം എന്ന സന്ദേശവുമായി സഞ്ചാരി ട്രാവലേഴ്‌സ് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന യുവജന കൂട്ടായ്മ വയനാട് വന്യജീവി സങ്കേതത്തിലെ തോല്‍പ്പെട്ടി റേഞ്ചില്‍ രാക്ഷസക്കൊന്നയുടെ(മഞ്ഞക്കൊന്ന) നാലായിരത്തിലധികം തൈകള്‍ പിഴുതുമാറ്റി.
പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജനം, ലഘുലേഖ വിതരണം എന്നിവയും നടത്തി. പരിസ്ഥിതി പുനഃസ്ഥാപന യജ്ഞത്തിന്റെ ഭാഗമായി വയനാട് വന്യജീവി കേന്ദ്രം, വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെയാണ് സഞ്ചാരി ട്രാവലേഴ്‌സ് രാക്ഷസക്കൊന്ന, പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജനത്തില്‍ ഏര്‍പ്പെട്ടത്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളില്‍നിന്നായി 55 യുവാക്കള്‍ പങ്കാളികളായി.
മഞ്ഞക്കൊന്ന എന്നും പേരുള്ള വിദേശ അധിനിവേശ സസ്യമാണ് രാക്ഷസക്കൊന്ന.
വയനാടന്‍ കാടുകളിലും നാഗര്‍ഹോള, ബന്ദിപ്പുര, മുതുമല വന്യജീവി കേന്ദ്രങ്ങളിലും വേഗത്തില്‍ വളരെ വേഗം വ്യാപിക്കുന്ന രാക്ഷസക്കൊന്ന വനത്തില്‍ പരിസ്ഥിതി സന്തുലനം താറുമാറാക്കുന്ന സാഹചര്യത്തിലാണ് സഞ്ചാരി ട്രാവലേഴ്‌സ് തോല്‍പ്പെട്ടിയില്‍ ദ്വിദിന യജ്ഞം സംഘടിപ്പിച്ചത്. വളരെ വേഗത്തില്‍ 28 മീറ്റര്‍ വരെ ഉയരത്തില്‍ കുടയുടെ ആകൃതിയില്‍ വളരുന്നതാണ് രാക്ഷസക്കൊന്ന. മണ്ണിന്റെ നൈസര്‍ഗിക ഗുണങ്ങള്‍ നഷ്ടമാക്കുന്ന ഈ സസ്യം വലിയതോതിലുള്ള നിര്‍ജലീകരണത്തിനും കാരണമാണ്. മഞ്ഞക്കൊന്നയുടെ ചുവട്ടിലോ പരിസരത്തോ പുല്ലുപോലും വളരില്ല.
ചെടിയുടെ ഇലയിലും തടിയിലും വിഷാംശം ഉള്ളതായും പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. രാക്ഷസക്കൊന്നയുടെ വിറക് കത്തിക്കുമ്പോള്‍ ഉണ്ടാകുന്ന പുക ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും തെളിഞ്ഞിട്ടുണ്ട്. മുത്തങ്ങ, ബത്തേരി, തോല്‍പ്പെട്ടി, കുറിച്യാട് എന്നിങ്ങനെ നാല് റേഞ്ചുകള്‍ ഉള്‍പ്പെടുന്നതാണ് 344.4 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള വയനാട് വന്യജീവി സങ്കേതം. ഇതില്‍ കുറിച്യാട് ഒഴികെ റേഞ്ചുകളില്‍ രാക്ഷസക്കൊന്നകള്‍ ധാരാളമുണ്ട്. വന്യജീവി സങ്കേതത്തിന്റെ ആകെ വിസ്തൃതിയില്‍ അഞ്ച് ശതമാനത്തെയും അതിര്‍ത്തി പ്രദേശങ്ങളില്‍ 20 ശതമാനത്തെയും മഞ്ഞക്കൊന്നകള്‍ കീഴ്‌പ്പെടുത്തിയതായാണ് വനം വകുപ്പിന്റെ കണക്ക്.
23 ഇനം അധിനിവേശ സസ്യങ്ങളുടെ സാന്നിധ്യമാണ് വന്യജീവി സങ്കേതത്തില്‍ ഇതിനകം സ്ഥിരീകരിച്ചത്. ഏതാനും വര്‍ഷം മുമ്പുവരെ ഇവയില്‍ നാലാം സ്ഥാനത്തായിരുന്ന മഞ്ഞക്കൊന്ന ഇപ്പോള്‍ ഒന്നാം സ്ഥാനത്താണ്. അരിപ്പൂ(കൊങ്ങിണി), കമ്മ്യൂണിസ്റ്റ് പച്ച, ആനത്തൊട്ടാവാടി, ധൃതരാഷ്ട്രപ്പച്ച, പാര്‍ത്തീനിയം, കമ്മല്‍പ്പൂ തുടങ്ങിയവയാണ് വന്യജീവി സങ്കേതത്തില്‍ കാണുന്ന മറ്റു പ്രധാന അധിനിവേശ സസ്യങ്ങള്‍.
തൈകള്‍ വേരോടെ പിഴുതുമാറ്റിയും (അപ്‌റൂട്ടിംഗ്) വളര്‍ച്ചെയത്തിയവയുടെ തോല്‍ ഒരു മീറ്റര്‍ ഉയരത്തില്‍ ചെത്തിനീക്കി ഉണക്കിയുമാണ് (ബാര്‍ക്കിംഗ്) രാക്ഷസക്കൊന്നയുടെ വ്യാപനം ഒരളവോളം തടയുന്നത്.
യജ്ഞത്തിന്റെ ഭാഗമായി കാട്ടിക്കുളം മുതല്‍ തോല്‍പ്പെട്ടി വരെ വനപാതയുടെ വശങ്ങളിലുണ്ടായിരുന്ന പ്ലാസ്റ്റിക് മാലിന്യവും നീക്കം ചെയ്തു.
പ്ലാസ്റ്റിക് മാലിന്യത്തിന്റെ ദൂഷ്യവശങ്ങള്‍ വിശദീകരിക്കുന്നതായിരുന്നു യാത്രക്കാര്‍ക്കടക്കം വിതരണം ചെയ്ത ലഘുലേഖകള്‍.
അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ രതീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. മുനീര്‍ ഹുസൈന്‍ അധ്യക്ഷനായി. എന്‍ ബാദുഷ, ഷൈനിജ് റഹ്മാന്‍, അരുള്‍ ബദുഷ, ഡോ. റഹീസ്, സുവൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."