അത്താണികള്‍ അന്യമാകുന്നു, ഓര്‍മകളും
കൂറ്റനാട്: പഴയ കാലത്ത് ധാരാളമായി കണ്ടിരുന്ന നന്മയുടെ പ്രതീകമായിരുന്ന അത്താണികള്‍ അന്യമാകുന്നു. ഭാരം ചുമന്നു വരുന്നവര്‍ക്ക്‌നീണ്ട വഴി യാത്രക്കാര്‍ക്ക് തങ്ങളുടെ തലയിലും തോളത്തുമുള്ള ഭാരം, മാറാപ്പ് എന്നിവ ഇറക്കിവെക്കാനും അല്പ സമയം വിശ്രമിക്കാനുമുള്ള ഒരു സംവിധാനം. പരസഹായമില്ലാതെ ഭാരം ഇറക്കി വെക്കാനും വീണ്ടും തലയിലേറ്റാനും കഴിയുന്ന രീതിയിലാണ് അതിന്റെ നിര്‍മ്മാണം. മിക്കവാറും സ്ഥലങ്ങളില്‍ അത്താണിയോടു ചേര്‍ന്ന് തണ്ണീര്‍പ്പന്തലും ഉണ്ടാകും. സംഭാരവും ദാഹം തീര്‍ക്കാന്‍ വെള്ളവും ചിലയിടങ്ങളില്‍ അത്യാവശ്യം ഭക്ഷണവും ചിലപ്പോള്‍ ലഭ്യമാകും. നാല്‍ക്കാലികള്‍ക്കും വെള്ളം കുടിക്കാനും വിശ്രമിക്കാനും ഇതോടൊപ്പം സൗകര്യമുണ്ടാകും. ചില അത്താണികള്‍ കേവലം ചുമടുതാങ്ങികള്‍ മാത്രമായിരിക്കും. മിക്കവാറും ഇത്തരം ചുമടുതാങ്ങികള്‍ ഇടവിട്ടു കാണാറുണ്ട്. ഭക്ഷണവും പാനീയങ്ങളുമെല്ലാം സൗജന്യമായാണ് നല്‍കപ്പെടുക. ചിലപ്പോള്‍ കര പ്രമാണിമാരോ നാടുവാഴികളോ ദേശത്തെ ഏതെങ്കിലും സമ്പന്നരോ ഇത് പരിപാലിച്ചുവന്നിരുന്നു. അത്താണികള്‍ എന്നത് ഇന്നത്തെ തലമുറയ്ക്ക് അപരിചിതമാണ്. കേവലമൊരു സ്ഥലപ്പേരു് എന്ന രീതിയില്‍ മാത്രമേ പുതുതലമുറ ഇതറിയുകയുള്ളൂ.
രണ്ടു വലിയ കരിങ്കല്‍ത്തൂണുകളില്‍ താങ്ങി നിര്‍ത്തുന്ന വലിയ കരിങ്കല്‍പ്പാളി. അതില്‍ അത്താണിസ്ഥാപിച്ച വര്‍ഷവും അത് സംഭാവന ചെയ്ത ഉദാരമതിയുടെ പേരും വീട്ടു പേരും കൊത്തിവെച്ചിരിക്കും.മിക്കവാറും അത്താണികളെല്ലാം റോഡുവികസനത്തിന്റെ ഭാഗമായി തല്ലിപ്പൊളിച്ചു കളഞ്ഞു. വികസനമെന്നത് റോഡിന്റെ വീതി കൂട്ടല്‍ മാത്രമാണെന്ന് അന്ധമായി വിശ്വസിക്കുന്ന രീതിയില്‍ മലയാളിയുടെ പൊതുബോധം മാറിയിരിക്കുന്നു. ആറങ്ങോട്ടുകരയില്‍ ഇപ്പോഴും നശിക്കാതെ നില്‍ക്കുന്നുഅത്താണികള്‍ മിഥുനം 8നു കുമരനെല്ലൂര്‍ വലിയ പറമ്പില്‍ശങ്കരനാരായണനെഴുത്തശ്ശന്‍ പണികഴിപ്പിച്ചത് എന്ന് വ്യക്തമായി വായിച്ചെടുക്കാന്‍ കഴിയുന്നുണ്ട്. നിര്‍ഭാഗ്യവശാല്‍ കൊല്ലം വ്യക്തമല്ല. ഇപ്പഴത്തെ തലപ്പിള്ളി താലൂക്കിന്റെ അതിര്‍ത്തിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.പാലക്കാട് ജില്ലയും തൃശൂര്‍ ജില്ലയും അതിര്‍ത്തി പങ്കിടുന്ന ഒരു പ്രദേശത്ത്. മുന്‍ കാലങ്ങളില്‍ ഈ പരിസരത്ത് ധാരാളം അത്താണികള്‍ ഉണ്ടായിരുന്നു. രണ്ടു നാട്ടുരാജ്യങ്ങള്‍ അതിരു പങ്കിടുന്ന പ്രദേശമായതുകൊണ്ട് ചുങ്കംപിരിക്കലുംപരിശോധനകളും ഉണ്ടായിരുന്നവത്രേ. പിന്നീട് രാജഭരണവ്യവസ്ഥിതിക്കു ശേഷവും രണ്ടു ജില്ലകളിലായാണ് ഈ പ്രദേശം നിലനില്‍ക്കുന്നത്. ചെക്കു പോസ്റ്റുകള്‍ പോലെയുള്ള സംവിധാനങ്ങളും പരിശോധനകളും കുറേക്കാലം നിലനിന്നിരുന്നു.
രണ്ടു കരകളിലായി ധാരാളം അത്താണികള്‍ സ്വാഭാവികമായി നിലവിലുണ്ടായിരുന്നു. പിന്നീട് പലതും കാലത്തിനു വഴിമാറി അവയെല്ലാം നശിപ്പിക്കപ്പെട്ടു എല്ലാംതട്ടിയുടച്ച് കരിങ്കല്‍ച്ചീളുകള്‍ മാത്രമാക്കി. നശിക്കാതെ നില്‍ക്കുന്ന പഴയ കാല നന്‍മയുടെ ഒരു പ്രതീകം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."