സഊദിയില്‍ അധ്യാപകനെ തല്ലിയാല്‍ 10 വര്‍ഷം തടവും 10 ലക്ഷം റിയാല്‍ പിഴയും: പുതിയ നിയമം ഉടനെ വിദ്യാഭ്യാസ മന്ത്രി
ജിദ്ദ: സഊദിയില്‍ അധ്യാപകര്‍ക്കും വിദ്യാലയങ്ങളിലെ മറ്റ് ജീവനക്കാര്‍ക്കും സുരക്ഷ ശക്തമാക്കാന്‍ തയ്യാറെടുക്കുന്നു. വിദ്യാര്‍ഥികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും സ്‌കൂള്‍ അധികൃതര്‍ക്കെതിരേ അക്രമസംഭവം കൂടിവരുന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് നടപടി. ഇതിന്റെ ഭാഗമായി അധ്യാപകരെയും സ്റ്റാഫിനെയും ശാരീരികമായി ഉപദ്രവിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കാന്‍ വിദ്യാഭ്യാസ മന്ത്രാലയം നടപടി തുടങ്ങി. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ 10 വര്‍ഷം തടവിന് ശിക്ഷിക്കാനും ഇവരില്‍ നിന്ന് 10 ലക്ഷം റിയാല്‍ പിഴ ഈടാക്കാനുമാണ് മന്ത്രാലയം ആലോചിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി അഹ്മദ് അല്‍ ഇസ്സ പറഞ്ഞു.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും അവിടത്തെ ജീവനക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നതിന് ചേര്‍ന്ന യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മന്ത്രാലയത്തിലെയും ബന്ധപ്പെട്ട മറ്റു വകുപ്പുകളിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. സ്ഥാപനങ്ങളുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിന് വിദ്യാലയങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കുന്ന കാര്യവും പരിഗണിച്ചുവരികയാണെന്ന് മന്ത്രി പറഞ്ഞു. ഇതിനുപുറമെ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുകയും ചെയ്യും. ഇത്തരം നിയമങ്ങള്‍ താഴേത്തട്ട് മുതല്‍ സര്‍വകലാശാല വരെയുള്ള മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും ബാധകമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറായി വരികയാണ്. നിയമവിദഗ്ധരുമായും മറ്റും കൂടിയാലോചിച്ച ശേഷമാണ് ഇതിന് അന്തിമരൂപം നല്‍കിയിട്ടുള്ളത്. മന്ത്രാലയം ഇതേക്കുറിച്ച് വിശദമായ പഠിച്ച ശേഷം ആവശ്യമായ ഭേദഗതികള്‍ കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു. അതോടൊപ്പം അധ്യാപകരുടെയും ജീവനക്കാരുടെയും പെരുമാറ്റത്തിലും പ്രവര്‍ത്തനങ്ങളിലും അച്ചടക്കം കൊണ്ടുവരുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും തയ്യാറായി വരികയാണെന്നും മന്ത്രി പറഞ്ഞു. ഇത് ഉടന്‍ തന്നെ പുറത്തിറക്കും. വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ക്കിടയില്‍ പരസ്പര ബഹുമാനത്തില്‍ അധിഷ്ഠിതമായ സംസ്‌കാരം വളര്‍ത്തിയെടുക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."