ലാസ്റ്റ് ഗ്രേഡ്: ബിരുദ യോഗ്യത മറച്ചുവച്ചാല്‍ ഡീബാര്‍ ചെയ്യും
തിരുവനന്തപുരം: ബിരുദ യോഗ്യത മറച്ചുവച്ച് ലാസ്റ്റ് ഗ്രേഡ് തസ്തികയിലെ തെരഞ്ഞെടുപ്പില്‍ പങ്കെടുത്തതായി തെളിഞ്ഞാല്‍ ഇത്തരക്കാരെ പരീക്ഷകളില്‍നിന്ന് ഡീബാര്‍ ചെയ്യാന്‍ ഇന്നലെ ചേര്‍ന്ന പി.എസ്.സി യോഗത്തില്‍ തീരുമാനം. ഇക്കാര്യം വണ്‍ ടൈം വെരിഫിക്കേഷന് അറിയിപ്പിനൊപ്പം ഉദ്യോഗാര്‍ഥികളെ അറിയിക്കാനും അപേക്ഷ സമര്‍പ്പിക്കുന്ന അവസാന തിയതിക്കുമുന്‍പ് ബിരുദം നേടിയിട്ടില്ലെന്ന സത്യവാങ്മൂലം ഉദ്യോഗാര്‍ഥികളെക്കൊണ്ട് പ്രൊഫൈലില്‍ രേഖപ്പെടുത്തി വാങ്ങാനും യോഗം തീരുമാനിച്ചു.
കേരളാ അഡ്മിനിസ്ട്രേറ്റീവ് സര്‍വിസ് സംബന്ധിച്ച് സര്‍ക്കാര്‍ സമര്‍പ്പിച്ച സ്പെഷല്‍ റൂളില്‍ പരീക്ഷാ സ്കീം സംബന്ധിച്ച നിര്‍ദേശത്തിലെ അവ്യക്തത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്തെഴുതാനും തീരുമാനിച്ചിട്ടുണ്ട്. 'പി.എസ്.സിയെ അറിയുക' എന്നത് സ്കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ഥിക്കും. കേരളാ മുനിസിപ്പല്‍ കോമണ്‍ സര്‍വിസില്‍ ഹെല്‍ത്ത് ഓഫിസര്‍ ഗ്രേഡ് 3, വനിതാ മെഡിക്കല്‍ ഓഫിസര്‍, അസിസ്റ്റന്റ് ഹെല്‍ത്ത് ഓഫിസര്‍ തസ്തികയുടെ ഒഴിവുകള്‍ ആരോഗ്യ വകുപ്പിലെ അസിസ്റ്റന്റ് സര്ജന് റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളില്‍നിന്ന് സമ്മതപത്രം വാങ്ങി നികത്താനും കെ.എസ്.ഇ.ബി മീറ്റര്‍ റീഡര്‍, സ്പോട്ട് ബില്ലര്‍ തസ്തികയുടെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കോടതി ഉത്തരവിട്ടതിനാല്‍ ആയിരം പേരെ ഉള്‍പ്പെടുത്തി മുഖ്യപട്ടികയും ആവശ്യമായ ഉദ്യോഗാര്‍ഥികളെ ഉള്‍പ്പെടുത്തി സപ്ലിമെന്ററി പട്ടികയും തയാറാക്കി സാധ്യതാപട്ടിക പ്രസിദ്ധീകരിക്കാനും യോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."