സഊദിയില്‍ ഗതാഗത മേഖലയില്‍ സമ്പൂര്‍ണ സ്വദേശിവത്കരണം നടപ്പാക്കുന്നു
ജിദ്ദ: ഗതാഗത മേഖലയില്‍ സമ്പൂര്‍ണ സ്വദേശിവത്കരണം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതായി ഗതാഗത അതോറിറ്റി മേധാവിയും സഊദി റെയില്‍വേ പ്രസിഡന്റുമായ ഡോ. റുമൈഹ് അല്‍റുമൈഹ്.
'റെന്റ് എ കാര്‍' മേഖലയില്‍ 45 ദിവസത്തിനകം പൂര്‍ണമായും സ്വദേശികളായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വനിതകള്‍ക്ക് ഡ്രൈവിങ് അനുവദിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് വനിതാ ടാക്‌സിയും നിലവില്‍ വരും. എന്നാല്‍ ഈ ജോലിക്ക് വിദേശി വനിതകളെ റിക്രൂട്ട് ചെയ്യുമെന്ന വാര്‍ത്ത അതോറിറ്റി മേധാവി നിഷേധിച്ചു.
സ്വദേശി വനിതകള്‍ ടാക്‌സി ഓടിക്കാന്‍ തയാറാണെന്നിരിക്കെ വിദേശ റിക്രൂട്ടിങ്ങിനെ അവലംബിക്കില്ല. അന്താരാഷ്ട്ര നിലവാരമുള്ള ഓണ്‍ലൈന്‍ ആപ് വഴിയുള്ള ടാക്‌സി സര്‍വീസില്‍ സ്വദേശികള്‍ കഴിവുതെളിയിച്ചിട്ടുണ്ട്. 'റെന്റ് എ കാര്‍' മേഖലയില്‍ നിരവധി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
പെര്‍മിറ്റില്ലാത്ത സ്ഥാപനങ്ങള്‍, സ്വദേശിവത്കരണ തോത് പാലിക്കാത്തവര്‍, ഇന്‍ഷൂറന്‍സ് നിയമം നടപ്പാക്കാത്തവര്‍, താമസ മേഖലകളില്‍ വാഹനങ്ങളുടെ തിരക്കുണ്ടാക്കുന്ന രീതിയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നവര്‍ എന്നിവ ഇതില്‍ ചിലതാണ്.
എന്നാല്‍ സ്വദേശിവത്കരണത്തിന് നിശ്ചയിച്ച മാര്‍ച്ച് 18ഓടെ (റജബ് ഒന്ന്) ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമാവുമെന്നും പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അല്‍റുമൈഹ് പ്രത്യാശ പ്രകടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."