'അനാഥമാകുന്ന കെട്ടിടങ്ങള്‍'
ലക്ഷങ്ങള്‍ മുടക്കി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ നിര്‍മിച്ച നിരവധി കെട്ടിടങ്ങള്‍ ഉപയോഗ ശൂന്യമായി കിടക്കുന്നുണ്ട്. ജില്ലയിലുടനീളം ഇത്തരം കെട്ടിടങ്ങള്‍ കാണാം. ചെറിയ അറ്റകുറ്റപ്പണികള്‍ നടത്തിയാല്‍ ഉപയോഗപ്പെടുത്താവുന്ന ഇത്തരം കെട്ടിടങ്ങള്‍ അധികൃതര്‍ അവഗണിക്കുകയാണ്. നമ്മുടെ നികുതിപ്പണം കൊണ്ട് പണിതുയര്‍ത്തുന്ന സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ ആര്‍ക്കും ഉപകാരപ്പെടാതെ കിടക്കുന്ന ചിലതിനെ കുറിച്ചുള്ള വാര്‍ത്തകളിലൂടെ...
നോക്കുകുത്തിയായി പനമരം ടൗണിലെ തൊഴില്‍പരിശീലന കേന്ദ്രങ്ങള്‍
പനമരം: ആദിവാസികളുടെ പേരില്‍ ലക്ഷങ്ങള്‍ മുടക്കി പനമരം അങ്ങാടി വയലില്‍ നിര്‍മിച്ച സര്‍ക്കാര്‍ കെട്ടിടം വര്‍ഷങ്ങളായി ഉപയോഗശൂന്യമായി കിടക്കുന്നു. ആദിവാസികളായ സ്ത്രീകള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കി സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുന്നതിന് 2000-2005ല്‍ പനമരം പഞ്ചായത്തിലെ അങ്ങാടിവയലില്‍ ഒരുഏക്കര്‍ സ്ഥലം പൊന്നുംവില കൊടുത്താണ് ജില്ലാ പഞ്ചായത്ത് വാങ്ങിയത്.
തൊഴില്‍ പരിശീലന കേന്ദ്രത്തിന് ആവശ്യമായ ഒരു ഓഫിസ് മുറിയും നീളത്തിലുള്ള ഒരുഹാളോടുകൂടിയുമാണ് കെട്ടിടം പണിതത്. കുടിവെള്ളത്തിന് ആവശ്യമായ കിണറും ഇവിടെ നിര്‍മിച്ചിട്ടുണ്ട്. എന്നാല്‍ മഴക്കാലങ്ങളില്‍ ഇവിടേക്ക് എത്തിപ്പെടാന്‍ കഴിയില്ല. മഴ ശക്തമാകുന്നതോടെ പനമരം ചെറുപുഴ കരകവിഞ്ഞ് ഒഴുകി വയലേലകളില്‍ വെള്ളം നിറയുമ്പോള്‍ കെട്ടിടത്തിന്റെ മുക്കാല്‍ ഭാഗവും വെള്ളത്തിലാകാറാണ് പതിവ്.
അതുകൊണ്ട് തന്നെ ഇതിന്റെ പ്രവര്‍ത്തനം അവതാളത്തിലാണ്. ലക്ഷങ്ങള്‍ മുടക്കി കെട്ടിടത്തിന് വെള്ളം കേറുന്ന സ്ഥലം കണ്ടെത്തിയതില്‍ അപാകതയുണ്ടെന്ന് ചൂണ്ടി കാണിച്ച് ചിലര്‍ വിജിലന്‍സിന് പരാതി കൊടുത്തിരുന്നു. എന്നാല്‍ നടപടിയൊന്നുമുണ്ടായില്ല. ഒരു പതിറ്റാണ്ടായി ഇത് വെറുതെ കിടക്കുകയാണ്. കെട്ടിടത്തിന്റെ ജനല്‍ പാളികള്‍ അഴിച്ച് മാറ്റിയ നിലയിലാണിപ്പോള്‍. മേല്‍ക്കൂരിയിലെ ഷീറ്റ് കാറ്റില്‍ പൊട്ടിയും പറന്നുപോയും നശിച്ചു. കുറച്ചുകാലം നാടോടികള്‍ ഇവിടെ തലചായ്ച്ചിരുന്നു. അതിനുശേഷം കന്നുകാലികളെ കെട്ടാനുള്ള പൗണ്ടാലയായി ഉപയോഗിച്ചു. ഇപ്പോള്‍ സാമൂഹിക വിരുദ്ധര്‍ക്ക് അഴിഞ്ഞാടാനുള്ള അവസരമായി കെട്ടിടം മാറി. കെട്ടിടത്തിന്റെ കല്ല്, ഇഷ്ടിക എന്നിവയിളക്കി പാവങ്ങള്‍ക്ക് വീട് വെക്കാനുള്ള അവസരം ഉണ്ടാക്കി കൊടുക്കണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
മേപ്പാടിയിലും കെട്ടിടങ്ങള്‍ അനാഥം; പഞ്ചായത്തിന് നഷ്ടമാകുന്നത് ലക്ഷങ്ങള്‍
മേപ്പാടി: ബസ്സ്റ്റാന്‍ഡ് പരിസരത്ത് ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഗവ. പോളിടെക്‌നിക്ക് കോളജ് കെട്ടിടത്തിന്റെ അടിഭാഗത്തെ മുറികള്‍ സാമൂഹ്യ വിരുദ്ധര്‍ കയ്യടക്കുന്നു. നേരത്തെ ബി.എസ്.എന്‍.എല്‍ ടെലഫോണ്‍ എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിച്ചിരുന്ന മുറികളാണ് ഇത്.
രണ്ടുവര്‍ഷം മുന്‍പ് ടെലഫോണ്‍ എക്‌സ്‌ചേഞ്ച് സ്വന്തം കെട്ടിടത്തിലേക്ക് മാറ്റിയതോടെയാണ് മുറികള്‍ കാലിയായത്. എന്നാല്‍ മറ്റു സ്ഥാപനങ്ങള്‍ക്കായി മുറികള്‍ നല്‍കാന്‍ ഗ്രാമപഞ്ചായത്ത് തയാറായിട്ടില്ല.
മുറികളുടെ വാതിലുകള്‍ തുറന്ന് കിടക്കുകയാണ്. മാസത്തിന്‍ പതിനായിരത്തിലേറെ വാടക ലഭിക്കുന്ന കെട്ടിടമാണിത്. നേരം ഇരുട്ടിയാല്‍ സാമൂഹ്യ വിരുദ്ധര്‍ കെട്ടിടം കയ്യടക്കുകയാണിപ്പോള്‍.
കെട്ടിടം സംരക്ഷിക്കണമെന്ന് പലതവണ ആവശ്യം ഉയര്‍ന്നെങ്കിലും നടപടി ഉണ്ടായിട്ടില്ല.
നാല്‍ക്കാലികളെ പാര്‍പ്പിക്കാന്‍ നിര്‍മിച്ച പൗണ്ട് കെട്ടിടം നശിക്കുന്നു
മേപ്പാടി: ടൗണില്‍ അലഞ്ഞ് തിരിയുന്ന നാല്‍ക്കാലികളെ പിടികൂടി പാര്‍പ്പിക്കുന്നതിനായി നിര്‍മിച്ച പൗണ്ട് കെട്ടിടം സാമൂഹ്യ വിരുദ്ധരുടെതാവളമായി. മേപ്പാടി പഞ്ചായത്ത് ഓഫിസിന് സമീപം നിര്‍മിച്ച കെട്ടിടമാണ് സാമൂഹിക വിരുദ്ധര്‍ താവളമാക്കുന്നത്.
1998ല്‍ ഗ്രാമ പഞ്ചായത്ത് നിര്‍മിച്ച കെട്ടിടമാണിത്. ടൗണില്‍ ഉടമസ്ഥരില്ലാതെ മേഞ്ഞ് നടന്നിരുന്ന നാല്‍ക്കാലികളെ പിടികൂടി ഇവിടെ പാര്‍പ്പിക്കുകയും പിഴ ഈടാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ വര്‍ഷങ്ങളോളമായി കെട്ടിടത്തില്‍ നാല്‍ക്കാലികളെ പാര്‍പ്പിക്കാറില്ല.
കെട്ടിടത്തിന്റെ കവാടം തുറന്ന് കിടക്കുന്നതിനാല്‍ സാമൂഹിക വിരുദ്ധര്‍ രാപ്പകല്‍ വ്യത്യാസമില്ലാതെ ഇവിടം കേന്ദ്രീരിക്കുകയാണ്.
പഞ്ചായത്ത് ഓഫിസിന് തൊട്ട് മുന്‍പിലെ കെട്ടിടമെന്ന നിലക്ക് പൊതു ശൗചാലയമായി ഇത് മാറ്റണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നെങ്കിലും അധികൃതര്‍ അത് പരിഗണിച്ചിട്ടില്ല.
കെട്ടിടം നിര്‍മിച്ചിട്ട് ഒന്നരപതിറ്റാണ്ട്; ബത്തേരി വ്യവസായ പാര്‍ക്ക് ഇന്നും സ്വപ്‌നം മാത്രം
സുല്‍ത്താന്‍ ബത്തേരി: മുനിസിപ്പാലാറ്റിയാവുന്നതിനും ഒന്നര പതിറ്റാണ്ടു മുന്‍പാണ് ബത്തേരി പൂതിക്കാട് വ്യവസായ പാര്‍ക്കിനായി കെട്ടിടം നിര്‍മിച്ചത്. എന്നാല്‍ കെട്ടിടം നിര്‍മിച്ച് പതിറ്റാണ്ട് പിന്നിട്ടെങ്കിലും ഇതുവരെ യാതൊരുവിധ വ്യവസായങ്ങളും ആരംഭിച്ചിട്ടില്ല. ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച കെട്ടിടം അനാഥമായി കിടക്കുകയാണിപ്പോള്‍.
2000ത്തിലാണ് പൂതിക്കാട് വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനായി പഞ്ചായത്ത് തനത് ഫണ്ട് ഉപയോഗിച്ച് ഒരേക്കര്‍ സ്ഥലം വാങ്ങിയത്. തുടര്‍ന്ന് തൊട്ടടുത്ത വര്‍ഷം കെട്ടിടവും നിര്‍മിച്ചു. ലക്ഷകണക്കിന് രൂപ മുടക്കിയാണ് രണ്ട് കെട്ടിടവും ഒരു കിണറും പാര്‍ക്കിനായി നിര്‍മിച്ചത്. കെട്ടിടം നിര്‍മിച്ച് ആവശ്യക്കാര്‍ക്ക് വ്യവസായങ്ങള്‍ക്കായി കൊടുക്കാനായിരുന്നു തീരുമാനം. കൂടാതെ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അരിമില്‍ ആരംഭിച്ച് നെല്ല് സംഭരിച്ച് അരിയാക്കി പഞ്ചായത്തിന്റെ പേരില്‍ പൊതുവിപണിയില്‍ ഇറക്കാനും തീരുമാനമുണ്ടായിരുന്നു. എന്നാല്‍ കെട്ടിടം നിര്‍മിച്ചു എന്നല്ലാതെ ഇതിനായി യാതൊരു ശ്രമവും പിന്നീട് നടന്നില്ല. ഇതോടെ കെട്ടിടവും സ്ഥലവും അനാഥമായി. നിലവില്‍ സ്ഥലം കന്നുകാലികളുടെ മേച്ചില്‍ സ്ഥലമാണ്. കെട്ടിടത്തില്‍ ഊര്‍ജിത കന്നുകാലി പരിപാലന കേന്ദ്രത്തിന്റെ ഒരു ഓഫിസ് താല്‍ക്കാലികമായ പ്രവര്‍ത്തിക്കുന്നുണ്ട് എന്നതൊഴിച്ചാല്‍ കെട്ടിടം ഭാര്‍ഗവി നിലയംപോലെ കിടക്കുകയാണ്.
സഞ്ചാരികള്‍ക്ക് വഴി കാട്ടാനായി നിര്‍മിച്ച കെട്ടിടവും അനാഥമായി
മേപ്പാടി: ഫോറസ്റ്റ് ഓഫിസിന് സമീപത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ ഓഫിസ് തുടങ്ങുന്നതിനായി നിര്‍മിച്ച കെട്ടിടം കാട് മൂടി നശിക്കുന്നു. വനം വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളായ സൂചിപ്പാറ വെള്ളച്ചാട്ടം, ചെമ്പ്ര മല, സണ്‍റൈസ് വാലി തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള ടിക്കറ്റ് വില്‍പ്പനയും കൂടാതെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നതിനുമായാണ് 2012ല്‍ ഒന്‍പത് ലക്ഷം രൂപയോളം ചിലവഴിച്ച് കെട്ടിടം നിര്‍മിച്ചത്. തുടക്കത്തില്‍ കെട്ടിട നിര്‍മാണത്തിലെ അപാകത ചോദ്യം ചെയ്ത് കോടതിയില്‍ കേസ് നിലനിന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."