കല്ലടയാര്‍ മൂന്നു മണിക്കൂറോളം ദിശമാറി ഒഴുകിയത് കൗതുകമായി
കൊട്ടാരക്കര : ഏനാത്ത് പാലത്തിന് സമീപം കല്ലടയാര്‍ മൂന്ന് മണിക്കൂറോളം ദിശമാറി ഒഴുകിയത് കൗതുകമായി. ഇന്നല രാവിലെ 6 മണിയോടെയാണ് ഈ പ്രതിഭാസം നാട്ടുകാരുടെ ശ്രദ്ധയില്‍പെടുന്നത്. സംഭവം അറിഞ്ഞതോടെ നൂറുകണക്കിന് ആളുകളാണ് സ്ഥലത്തെത്തിയത്. പഴയ പാലത്തിന് സമീപം ഇപ്പോള്‍ ബെയ്ലി പാലം നിര്‍മിക്കുന്ന സ്ഥലത്തിന് സമീപമായിരുന്നു ആറിന്റെ മേല്പ്പോട്ടുള്ള ഒഴുക്ക്. താഴോട്ട് ഒഴുകികൊണ്ടിരുന്ന വെള്ളം ദൃശ്യമാകുന്ന രീതിയില്‍ തന്നെ മേല്പ്പോട്ട് ഒഴുകയായിരുന്നു. ഇതിന്റെ കാരണം എന്താണന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. ഒന്‍പതു മണിവരെ ഈ പ്രതിഭാസം നീണ്ടുനിന്നു.
വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതുപോലെ ഉണ്ടായതായി നാട്ടുകാര്‍ പറയുന്നു. ബെയ്ലി പാലത്തിന്റെ കല്‍ക്കെട്ടിന്റെ (അബട്ട്മെന്റ്) നിര്‍മാണം ഇന്നലെ മുതല്‍ ആരംഭിച്ചു. ഇരു കരകളിലും ഇതേ പോലെയുള്ള കല്‍ക്കെട്ടുകള്‍ നിര്‍മിച്ച ശേഷമാണ് അപ്രോച്ച് റോഡ് നിര്‍മിക്കുന്നത്. പാലം നിര്‍മിക്കുന്ന സ്ഥലത്ത് അപ്രോച്ച് റോഡ് ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഒരുക്കി നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. സൈന്യം ഇപ്പോള്‍ തയാറാക്കിയിരിക്കുന്നത് മിനിലോറികള്‍, ആംബുലന്‍സ് എന്നീ വാഹനങ്ങള്‍ക്ക് വരെ കടന്നുപോകാന്‍ ശേഷിയുള്ള പാലത്തിന്റെ രുപരേഖയാണ്. വണ്‍വേ ആയിട്ടായിരിക്കും വാഹനങ്ങള്‍ കടത്തിവിടുക. 55 മീറ്റര്‍ നീളവും 5 മീറ്റര്‍ വീതിയുമുള്ള ബെയ്ലി പാലമാണ് കല്ലടയാറിന് കുറുകെ പണിയുന്നത്. ഏനാത്ത്, കുളക്കട ഭാഗത്തെ റോഡിന്റെ നിലവിലുള്ള ഘടന അനുസരിച്ചാണ് പാലം പണിയുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."