ബഹ്റൈനില്‍ ആത്മഹത്യ ചെയ്ത പത്താം ക്ലാസ് വിദ്യാര്‍ഥിനിയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലേക്ക് കൊണ്ടു പോകും
മനാമ: ബഹ്റൈനില്‍ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത പത്താം ക്ലാസ് വിദ്യാര്‍ഥിനി അന്‍സു ജേക്കബിന്റെ (15) മൃതദേഹം തിങ്കളാഴ്ച ഉച്ചക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസില്‍ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
കോട്ടയം പുതുപ്പള്ളി സ്വദേശികളായ ജേക്കബ് കുരുവിളയുടെയും കൊച്ചുമോളുടെയും മകളാണ് അന്‍സു. കഴിഞ്ഞ ദിവസം ബഹ്റൈന്‍ കേരളീയ സമാജത്തിന് സമീപത്തെ താമസ സ്ഥലത്താണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവിടെ ഏഷ്യന്‍ സ്കൂളിലെ പത്താംതരം വിദ്യാര്‍ഥിനിയാണ്.
വിദ്യാര്‍ഥിനി ആത്മഹത്യചെയ്യാനുള്ള കാരണം വ്യക്തമല്ല. മാര്‍ച്ചില്‍ ബോര്‍ഡ് എക്സാം എഴുതാനുള്ള തയ്യാറെടുപ്പില്‍ ആയിരുന്നു അന്‍സു. സംഭവമറിഞ്ഞപ്പോള്‍ ഏഷ്യന്‍ സ്കൂള്‍ അധ്യാപകര്‍ അന്‍സുവിന്റെ കുടുംബം സന്ദര്‍ശിക്കുകയും മരണത്തില്‍ അനുശോചനം പ്രകടിപ്പിക്കുകയും ചെയ്തു.
സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം തിങ്കളാഴ്ച രാവിലെ 8 മണിക്ക് ഗുദൈബിയ സേക്രട്ട് ഹാര്‍ട്ട് പള്ളിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.തുടര്‍ന്ന് പ്രാര്‍ഥനാ ചടങ്ങുകള്‍ക്ക് ശേഷമായിരിക്കും നാട്ടിലേക്ക് കൊണ്ട് പോവുക. അന്‍സുവിന്റെ മരണത്തില്‍ ഖേദിച്ച് വൈകീട്ട് 8 മണിക്ക് കേരളാ കാത്തലിക് അസോസിയേഷനില്‍ വച്ച് അനുശോചന യോഗം ചേരുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."