ചാംപ്യന്‍സ് ലീഗ് ബാഴ്‌സലോണക്ക് സമനിലപ്പൂട്ട് ഗോള്‍ മഴ പെയ്യിച്ച് ബയേണ്‍
ലണ്ടന്‍: ചാംപ്യന്‍സ് ലീഗില്‍ ബാഴ്‌സലോണയും ചെല്‍സിയും തമ്മിലുള്ള ആവേശപ്പോരില്‍ ബാര്‍സലോണക്ക് സമനില. ബെസ്‌കിറ്റാസും ബയേണ്‍മ്യൂണിക്കും ഏറ്റുമുട്ടിയ മത്സരത്തില്‍ ബയേണ്‍ മ്യൂണിക്ക് ബെസ്‌കിറ്റാസിനെ അഞ്ചു ഗോളുകള്‍ക്ക് മുക്കി. ബാര്‍സലോണ ചെല്‍സി മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടിയാണ് സമനിലയില്‍ പിരിഞ്ഞത്. കളിയുടെ 62-ാം മിനിറ്റില്‍ വില്യനാണ് ചെല്‍സിക്കായി ഗോള്‍ നേടിയത്. ബോക്‌സിന്റെ വലത് മൂലയില്‍ നിന്ന് ലഭിച്ച പന്ത് പ്രതിരോധക്കാരെ കാഴ്ചക്കാരാക്കി പോസ്റ്റിന്റെ ഇടത് മൂലയിലെത്തിച്ചതോടെ ചെല്‍സി ഒരു ഗോളിന്റെ ലീഡ് നേടി. ഗോള്‍ നേടാന്‍ ഉണര്‍ന്ന് കളിച്ച ബാഴ്‌സലോണക്ക് വേണ്ടി സൂപ്പര്‍ താരം ലയണല്‍ മെസ്സിയാണ് ഗോള്‍ നേടിയത്. ചെല്‍സി പ്രതിരോധ താരത്തിന്റെ പിഴവില്‍ നിന്ന് ലഭിച്ച പന്തുമായി ബോക്‌സിന്റെ വലത് മൂലയിലെത്തിയ ഇനിയെസ്റ്റ പന്ത് ഡി ബോക്‌സിനു മുന്നില്‍ നില്‍ക്കുകയായിരുന്ന മെസ്സിക്ക് നല്‍കി. പന്ത് ലഭിച്ച മെസ്സി ആദ്യ ടച്ചില്‍ തന്നെ ഗോള്‍ കീപ്പറെ കാഴ്ചക്കാരനാക്കി 75-ാം മിനുട്ടില്‍ പന്ത് വലയിലെത്തിച്ചതോടെ കളി സമനിലയിലായി. വ്യക്തമായ ആധിപത്യത്തോടെ ബാഴ്‌സലോണ കളിച്ചെങ്കിലും കൂടുതല്‍ ഗോളുകളൊന്നും നേടാനായില്ല. കളിയുടെ പല സമയത്തും കുറച്ച് സമയം മാത്രമാണ് ചെല്‍സിക്ക് പന്ത് സ്വന്തം വരുതിയില്‍ വെക്കാനായത്. ചെല്‍സി 198 പാസുകള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ 792 പാസുകളാണ് ബാര്‍സലോണ പൂര്‍ത്തിയാക്കിയത്. എവേ മത്സരത്തില്‍ ഗോള്‍ നേടിയത് ബാര്‍സലോണക്ക് അടുത്ത മത്സരത്തില്‍ മുന്‍തൂക്കം നല്‍കും. മാര്‍ച്ച് 15നാണ് ബാഴ്‌സലോണയും ചെല്‍സിയും തമ്മിലുള്ള രണ്ടാം പാദ മത്സരം. ബയേണ്‍ ബെസ്‌കിറ്റാസ് മത്സരത്തില്‍ ആദ്യ പകുതി അവസാനിക്കാന്‍ രണ്ട് മിനുട്ട് ബാക്കി നില്‍ക്കെയായിരുന്നു തോമസ് മുള്ളറുടെ വക ബയേണിന്റെ ആദ്യ ഗോള്‍. രണ്ടാം പകുതിക്ക് ശേഷം ശക്തരായി തിരിച്ചെത്തിയാണ് ബയേണ്‍ ഗോള്‍ വെടിക്കെട്ട് നടത്തിയത്.
കിങ്‌സ്‌ലി കൊമാന്‍ (52), തോമസ് മുള്ളര്‍ (62), ലെവന്‍ഡോസ്‌കി (79,88) എന്നിവരാണ് ബയേണിനു വേണ്ടി ഗോളുകള്‍ നേടിയ മറ്റു താരങ്ങള്‍. രണ്ടാം പകുതിക്ക് ശേഷം തുടരെ തുടരെ ഗോളുകള്‍ വീണതോടെ തീര്‍ത്തും പ്രതിരോധത്തിലായ ബെസ്‌കിറ്റാസിനുമേല്‍ ആധികാരിക ജയം നേടിയാണ് ബയേണ്‍ കളം വിട്ടത്. മുള്ളറെ ബോക്‌സിനു പുറത്ത് ഫൗള്‍ ചെയ്ത് വീഴ്ത്തിയതിന് ബെസ്‌കിറ്റാസ് താരം ഡാംഗോജ് വിഡക്ക് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്ത് പോവേണ്ടി വന്നു. മാര്‍ച്ച് 14നാണ് ബയേണും ബെസ്‌കിറ്റാസും തമ്മിലുള്ള അടുത്ത മത്സരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."