സി.പി.എം സംസ്ഥാന സമ്മേളനത്തിന് ഉജ്ജ്വല പരിസമാപ്തി
തൃശൂര്‍: സാംസ്‌കാരിക തലസ്ഥാനത്തെ ചെങ്കടലാക്കി സി.പി.എം സംസ്ഥാന സമ്മേളനത്തിന് ഉജ്ജ്വല പരിസമാപ്തി. ചെറുസംഘങ്ങളായി മുദ്രാവാക്യം വിളിച്ചെത്തിയ പ്രവര്‍ത്തകര്‍ അക്ഷരാര്‍ഥത്തില്‍ പൂരനഗരിയെ ചെങ്കടലാക്കി. പൊതുസമ്മേളനത്തിന് മുന്നോടിയായി നടന്ന റെഡ് വളണ്ടിയര്‍ മാര്‍ച്ചില്‍ തൃശൂര്‍ ജില്ലയിലെ 16 ഏരിയാ കമ്മിറ്റികളില്‍ നിന്നായി 25,000 പ്രവര്‍ത്തകര്‍ അണിനിരന്നു. 10,000 വനിതാ റെഡ് വളണ്ടിയര്‍മാരും 15,000 പുരുഷ വളണ്ടിയര്‍മാരുമാണ് മാര്‍ച്ചിന്റെ ഭാഗമായത്. ശക്തന്‍ നഗര്‍, പടിഞ്ഞാറെ കോട്ട, കിഴക്കേ കോട്ട, വടക്കേ ബസ് സ്റ്റാന്‍ഡ് എന്നീ കേന്ദ്രങ്ങളില്‍ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. സ്വരാജ് റൗണ്ടില്‍ ജില്ലാ ആശുപത്രിക്ക് മുന്‍പിലായി മാര്‍ച്ചുകള്‍ സംഗമിച്ചു. വൈകിട്ട് അഞ്ചോടെ തേക്കിന്‍കാട് മൈതാനത്തെത്തിയ റെഡ് വളണ്ടിയര്‍ മാര്‍ച്ചിന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സല്യൂട്ട് നല്‍കി. തുടര്‍ന്ന് തേക്കിന്‍കാട് മൈതാനത്ത് പ്രത്യേകം സജ്ജമാക്കിയ മാമക്കുട്ടി നഗറില്‍ നടന്ന പൊതുസമ്മേളനം സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു. കോടിയേരി ബാലകൃഷ്ണന്‍ അധ്യക്ഷനായി.
പൊളിറ്റ്ബ്യൂറോ അംഗങ്ങളായ എസ്. രാമചന്ദ്രന്‍പിള്ള, പ്രകാശ് കാരാട്ട്, പിണറായി വിജയന്‍, എം.എ ബേബി, കേന്ദ്രകമ്മിറ്റി അംഗങ്ങളായ വി.എസ് അച്യുതാനന്ദന്‍, ഇ.പി ജയരാജന്‍, എളമരം കരീം, ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണന്‍, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എന്‍.എന്‍ കൃഷ്ണദാസ്, ബേബി ജോണ്‍ തുടങ്ങി നിരവധി നേതാക്കള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."