സഊദി മന്ത്രിസഭയിലും സൈനികതലപ്പത്തും അഴിച്ചുപണി; മന്ത്രിസ്ഥാനത്തേക്ക് ആദ്യമായി വനിതയും
ജിദ്ദ: സഊദിയുടെ സൈനിക തലപ്പത്ത് അഴിച്ചുപണി. സൈനിക മേധാവിക്കു പുറമെ നിരവധി ഉന്നത റാങ്കുകളുള്ള സൈനിക ഉദ്യോഗസ്ഥരെയും തല്‍സ്ഥാനത്തുനിന്നു മാറ്റി. സഊദിയിലെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ സഊദി പ്രസ് ഏജന്‍സിയാണ് (എസ്.പി.എ) വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
സൈനിക മേധാവിയെ തല്‍സ്ഥാനത്തുനിന്നു മാറ്റി പുതിയ ആളെ നിയമിക്കുകയും വ്യോമസേന മേധാവി വിരമിക്കുന്നതിനെത്തുടര്‍ന്ന് പുതിയ ആളെ നിയമിക്കുകയും ചെയ്തു. ലഫ്റ്റനന്റ് ജനറല്‍ ഫയ്യാദ് ബിന്‍ ഹമദ് അല്‍ റുവൈലിയെയാണ് പുതിയ സൈനിക മേധാവിയായി നിയമിച്ചത്.
ഇതോടൊപ്പം മന്ത്രിസഭയിലും അഴിച്ചുപണി നടത്തിയിട്ടുണ്ട്. ഡെപ്യൂട്ടി ആഭ്യന്തര മന്ത്രിയെയും ഡെപ്യൂട്ടി വിദേശകാര്യ മന്ത്രിയെയും തല്‍സ്ഥാനത്തുനിന്നു നീക്കം ചെയ്തു. ഡെപ്യൂട്ടി മന്ത്രിസ്ഥാനത്തേക്ക് ആദ്യമായി ഒരു വനിതയെയും നിയമിച്ചിട്ടുണ്ട്. തമാദുര്‍ ബിന്‍ത് യൂസുഫ് അല്‍ റമാഹിനെയാണ് ഡെപ്യൂട്ടി തൊഴില്‍ മന്ത്രിയായി നിയമിച്ചത്. സ്ത്രീകള്‍ക്ക് പൊതുസമൂഹത്തില്‍ അവസരം നല്‍കാറില്ലെന്ന വിമര്‍ശനം നിലനില്‍ക്കുമ്പോഴാണ് സഊദിയുടെ ചരിത്രമായ പുതിയ നീക്കം.
സല്‍മാന്‍ രാജാവ് ആണ് പുതിയ പുനഃസംഘടന നടത്തിയത്. സിറ്റി മേയര്‍മാരെയും നീക്കം ചെയ്ത് പുതിയ ആളുകളെ നിയമിച്ചിട്ടുണ്ട്. ആഭ്യന്തര, സുരക്ഷ, ധനകാര്യ മേഖലകളില്‍ യുവാക്കളെയും ഊര്‍ജസ്വലരായ ചെറുപ്പക്കാരെയും കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. തിങ്കളാഴ്ച രാത്രിയാണ് വാര്‍ത്ത പുറത്തുവിട്ടത്.
അസീര്‍ പ്രിവിശ്യയുടെ ഡെപ്യൂട്ടി ഗവര്‍ണറായി നിയമിച്ചിരിക്കുന്നത് തുര്‍ക്കി ബിന്‍ തലാല്‍ രാജകുമാരനെയാണെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. സൗദി കോടീശ്വരന്‍ അല്‍വലീദ് ബിന്‍ തലാല്‍ രാജകുമാരന്റെ സഹോദരനാണ് തുര്‍ക്കി രാജകുമാരന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."