ബി.ജെ.പിക്കെതിരേ വിശാല ഐക്യംവേണം: സുധാകര്‍ റെഡ്ഡി
മലപ്പുറം: ഇടതുപക്ഷത്തിന്റെ മുഖ്യശത്രു ആര്‍.എസ്.എസ് നയിക്കുന്ന ബി.ജെ.പി തന്നെയാണെന്നും ഇതിനെതിരെ ദേശീയതലത്തില്‍ വിശാല ഐക്യം വേണമെന്നും സി.പി.ഐ ദേശീയ സെക്രട്ടറി സുധാകര്‍ റെഡ്ഡി. മലപ്പുറത്ത് ആരംഭിച്ച സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വര്‍ഗീയ, തീവ്രവാദ, ഫാസിസ്റ്റ് നയങ്ങളെ ചെറുത്ത് തോല്‍പിക്കുക മാത്രമാണ് ലക്ഷ്യമെന്നും ഇതിനെ തെരഞ്ഞെടുപ്പ് കൂട്ടുകെട്ടായി കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ തലത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഐക്യം കൂടുതല്‍ ശക്തമാവണം. അഭിപ്രായ വ്യത്യാസങ്ങളെല്ലാം ചര്‍ച്ചകള്‍ വഴി പരിഹരിക്കപ്പെടണം. ഇടതുപക്ഷം ശിഥിലീകരിക്കപ്പെട്ടാല്‍ നാട്ടില്‍ സമ്പൂര്‍ണ അരാജകത്വമായിരിക്കും സൃഷ്ടിക്കപ്പെടുകയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ മതന്യൂനപക്ഷങ്ങള്‍ സുരക്ഷിതരായിരിക്കുമ്പോള്‍ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലെ അവസ്ഥ ഇതല്ല. കേരളത്തിലെ മതമൈത്രി തകര്‍ക്കാനാണ് ബി.ജെ.പിയും ആര്‍.എസ്.എസും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ കോര്‍പറേറ്റ് അനുകൂല നടപടികളും ഫാസിസ്റ്റ് മനോഭാവവും അപകടകരമാണ്.
രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ തുടര്‍ച്ചയായി വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുകയാണ്. 2019ലും മോദി സര്‍ക്കാര്‍ തന്നെയാകും തെരഞ്ഞെടുക്കപ്പെടുന്നതെന്ന നിരാശാബോധം ജനങ്ങളിലുണ്ട്. അതില്‍ നിന്ന് ജനങ്ങളെ മോചിപ്പിക്കാന്‍ പുതിയ പോരാട്ടങ്ങളും സമരങ്ങളും ഉയര്‍ന്ന് വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."