ബി.ജെ.പിയുമായുള്ള ആദ്യ ഏറ്റുമുട്ടലില്‍ അടിപതറി സി.പി.എം
ന്യൂഡല്‍ഹി: ഇന്ത്യയിലാദ്യമായി സംഘ്പരിവാറുമായി നേരിട്ടുള്ള ആദ്യഏറ്റുമുട്ടലില്‍ അടിപതറി ഇടതുപക്ഷം.
എടുത്തുപറയത്തക്ക ഭരണവിരുദ്ധ വികാരമില്ലാതിരുന്നിട്ടും ജനകീയനായ മുഖ്യമന്ത്രി മണിക് സര്‍ക്കാരിന്റെ വ്യക്തിപ്രഭാവം കൊണ്ടും ബി.ജെ.പിയെ തടുത്തുനിര്‍ത്താന്‍ സി.പി.എമ്മിനായില്ല. തെരഞ്ഞെടുപ്പിനു മുമ്പേ സംസ്ഥാനത്തെ മുഖ്യപ്രതിപക്ഷമായിരുന്ന കോണ്‍ഗ്രസ് പരാജയം 'സമ്മതിച്ച'ത് ബി.ജെ.പിയുടെ പ്രധാന വിജയകാരണമായി. മറ്റ് സംസ്ഥാനങ്ങളില്‍ പയറ്റിയതു പോലെ എതിര്‍പാര്‍ട്ടികളിലെ നേതാക്കളെ അടര്‍ത്തിമാറ്റുന്ന തന്ത്രമാണ് ആദ്യം ബി.ജെ.പി ചെയ്തത്. അഞ്ച് എം.എല്‍.എമാരടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെ സ്വന്തം പാളയത്തിലെത്തിച്ചതോടെ ആദ്യ ഘട്ടത്തില്‍ ബി.ജെ.പി ജയിച്ചു. ഒപ്പം അനുയായികളും ബി.ജെ.പി പാളയത്തിലെത്തി. ഇതോടെ 2014ലെ പൊതുതെരഞ്ഞെടുപ്പില്‍ 15,000 പ്രവര്‍ത്തകരാണ് ത്രിപുരയില്‍ ബി.ജെ.പിക്ക് ഉണ്ടായിരുന്നതെങ്കില്‍ ഈ വര്‍ഷം അത് രണ്ടുലക്ഷത്തിനു മുകളിലായി. നേതാക്കള്‍ പോയതോടെ തന്നെ 1972ല്‍ മൂന്നിലൊന്ന് ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ കോണ്‍ഗ്രസ് പരാജയം സമ്മതിച്ചു. അതോടെ പോരാട്ടം അതിനു മുമ്പ് 1.5 ശതമാനം മാത്രം വോട്ട് വിഹിതം നേടിയ ബി.ജെ.പിയും ഭരണകക്ഷിയായ സി.പി.എമ്മും തമ്മിലായി. പേരിനുമാത്രമാണ് രാഹുല്‍ഗാന്ധി പോലും ത്രിപുരയില്‍ പ്രചാരണം നടത്തിയത്. മാറ്റം ആഗ്രഹിച്ചിരുന്നവര്‍ക്കു മുമ്പില്‍ നല്ലൊരുബദല്‍ അവതരിപ്പിക്കാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞതുമില്ല.
ത്രിപുരയെ വിഭജിച്ച് ഗോത്രവര്‍ഗങ്ങള്‍ക്കായി പ്രത്യേക സംസ്ഥാനം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടുവന്നിരുന്ന വിഘടനവാദികളായ ഇന്‍ഡിജിനസ് പീപ്പിള്‍ ഫ്രണ്ട് ഓഫ് ത്രിപുരയെ (ഐ.പി.എഫ്.ടി) വളരെ മുമ്പേ കൂട്ടുപിടിച്ച് ബി.ജെ.പി പ്രതലം ഒരുക്കിയത് സി.പി.എമ്മിനു തിരിച്ചറിയാനായില്ല. സംസ്ഥാന ജസംഖ്യയില്‍ 28 ശതമാനംവരുന്ന ആദിവാസികള്‍ക്കിടയില്‍ ഗണ്യമായ സ്വാധീനമുള്ള ഐ.പി.എഫ്.ടി കടുത്ത സി.പി.എം വിരുദ്ധ നിലപാട് പുലര്‍ത്തുന്നവരാണ്.
ഇവരെ അനുനയത്തിലൂടെ കൂടെകൂട്ടാന്‍ കോണ്‍ഗ്രസും ശ്രമിച്ചില്ല. സ്വത്വവാദികള്‍ എന്ന് ആക്ഷേപിച്ച് സി.പി.എം ഇവരെ മാറ്റിനിര്‍ത്തുകയാണു ചെയ്തത്. ഇവരുടെ ശക്തി അവഗണിച്ചത് സി.പി.എമ്മിനുണ്ടായ മറ്റൊരു പ്രധാന വീഴ്ചയായി.
നമുക്ക് മാറാം എന്നായിരുന്നു ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം. ഭരണവിരുദ്ധ വികാരമില്ലാഞ്ഞിട്ടും സവിശേഷമായ ഭൗമശാസ്ത്ര പ്രത്യേകതകളുള്ള ത്രിപുരയിലെ അടിസ്ഥാനസൗകര്യവികസനമില്ലായ്മ സി.പി.എമ്മിന്റെ പിടിപ്പുകേടാണെന്ന് പ്രചരിപ്പിച്ച് ബി.ജെ.പി മുതലെടുപ്പ് നടത്തി. മൂന്നുവര്‍ഷത്തിനിടെ 52 കേന്ദ്രമന്ത്രിമാരാണ് ത്രിപുര സന്ദര്‍ശിച്ചത്. സോഷ്യല്‍മീഡിയ പരമാവധി ഉപയോഗിച്ചു. 50 പേര്‍ക്ക് ഒരു ആര്‍.എസ്.എസ് വളന്റിയര്‍ എന്ന നിലയ്ക്കാണ് പ്രചാരണം നടന്നത്. പലകേന്ദ്രപദ്ധതികളും സംസ്ഥാനം നടപ്പാക്കുന്നില്ല, കേന്ദ്രഫണ്ട് ജനങ്ങളില്‍ എത്തുന്നില്ല, കേന്ദ്രത്തില്‍ ഭരണം ഉള്ളതിനാല്‍ ബി.ജെ.പി ജയിച്ചാല്‍ വികസനം എത്തും തുടങ്ങിയ പ്രചാരണങ്ങള്‍ വ്യാപകമായി അഴിച്ചുവിട്ടു. ഇന്ത്യയുടെ മൂന്നാമത്തെ ഇന്റര്‍നെറ്റ് ഹബ്ബ് ആണ് തലസ്ഥാനമായ അഗര്‍ത്തല എങ്കിലും നഗരത്തിലെവിടെയും പ്രധാന ഐ.ടി കേന്ദ്രമില്ല. ജീവിതത്തിലിതുവരെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാത്ത മണിക് സര്‍ക്കാര്‍ 2015ല്‍ പ്രമുഖ ഐ.ടി കമ്പനികളുടെ സി.ഇ.ഒമാരുമായി കൂടിക്കാഴ്ച നിരസിച്ചതടക്കമുള്ള സംഭവങ്ങള്‍ക്ക് സംസ്ഥാനത്ത് വന്‍പ്രചാരണം ലഭിച്ചു.
മറുഭാഗത്ത്, ഇത്തരം പ്രചാരണങ്ങള്‍ക്ക് മറുതന്ത്രം ഒരുക്കുന്നതില്‍ സി.പി.എം പാടേ പരാജയപ്പെട്ടു. ത്രിപുരക്കു പുറത്തുള്ള സി.പി.എമ്മിന്റെ ഏക മുഖ്യമന്ത്രി പിണറായി വിജയനോ മറ്റു കേരളത്തിലെ സി.പി.എം നേതാക്കളോ പ്രചാരണം നടത്തുകയോ അവരെ ക്ഷണിക്കുകയോ ഉണ്ടായില്ല. രാജ്യത്തെ ഏറ്റവും ദരിദ്രനായ മുഖ്യമന്ത്രിയെന്നു വിശേഷണമുള്ള മണിക് സര്‍ക്കാരിന്റെ വ്യക്തിപ്രഭാവം മാത്രമായിരുന്നു സി.പി.എമ്മിന് ആകെ എടുത്തുപറയാനുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."