പത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ഒന്നര കോടിയുടെ നിലമ്പൂര്‍ തേക്ക്
നിലമ്പൂര്‍: പത്മനാഭസ്വാമി ക്ഷേത്രം നവീകരണത്തിനായി ഒന്നരകോടിയുടെ തേക്ക് തടികള്‍ നിലമ്പൂരില്‍ നിന്ന്. ശ്രീകോവിലിന്റെ മേല്‍ക്കൂരക്കുള്ള തേക്കുതടികളാണ് ഇന്നലെ നിലമ്പൂരില്‍ നിന്ന് കൊണ്ടുപോയത്. പത്മനാഭസ്വാമി ക്ഷേത്രത്തിന്റേയും നരസിംഹമൂര്‍ത്തി ക്ഷേത്രത്തിന്റേയും ശ്രീകോവിലിന്റെ മേല്‍ക്കൂരകളാണ് ഈ തടികള്‍ ഉപയോഗിച്ച് നിര്‍മിക്കുക. 1944-ല്‍ ബ്രിട്ടീഷുകാരുടെ കാലത്ത് നട്ടുവളര്‍ത്തിയ നിലമ്പൂര്‍ ചാത്തംപുറായി എന്ന സ്ഥലത്തെ തേക്ക് തോട്ടത്തില്‍ നിന്നുള്ള തടികളാണ് ക്ഷേത്രം അധികൃതര്‍ തിരഞ്ഞെടുത്തത്. വാസ്തുശാസ്ത്ര വിധിപ്രകാരം ക്ഷേത്രം പൂജാരിയും തച്ചന്‍മാരും നേരത്തെ വന്ന് കണ്ടെത്തിയ ലക്ഷണമൊത്ത നിലമ്പൂര്‍ തേക്കുതടികളാണിത്.
34 ഘനമീറ്റര്‍ തേക്കുതടികളാണ് ഇതിനായി തിരഞ്ഞെടുത്തിട്ടുള്ളത്. ഉയര്‍ന്ന ഗുണനിലവാരമുള്ള ബി.ഒന്ന്, ബി.രണ്ട് എന്നിവയും സി.ഒന്ന് ഇനത്തില്‍പ്പെട്ടതുമായ തടികളാണ് ക്ഷേത്രത്തിലേക്ക് വാങ്ങിയത്. കഴുക്കോലുകളാണ് ഇതുപയോഗിച്ച് നിര്‍മിക്കുക. മൊത്തം ഒന്നരകോടി രൂപയുടെ തേക്കാണ് ക്ഷേത്രത്തിലേക്ക് വാങ്ങിയിരിക്കുന്നത്.
33 തടിക്കഷ്ണങ്ങളില്‍ 16 എണ്ണം ലോറി മുഖേന ഇന്നലെ കൊണ്ടുപോയി. ക്ഷേത്രം മാനേജര്‍ ബി. ശ്രീകുമാര്‍, ജീവനക്കാരായ എം.ജി.മനോജ്, എം.അനില്‍ കുമാര്‍, വിഷ്ണു വിജയ് എന്നിവരാണ് തടി കൊണ്ടുപോകാനായി നിലമ്പൂരില്‍ എത്തിയത്. ഡിപ്പോ റെയ്ഞ്ച് ഓഫിസര്‍ കെ.നീതു, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ മണിലാല്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് തേക്ക് തടികള്‍ വില്‍പനക്കെടുത്തത്.
പഴക്കം ചെന്നതിനാല്‍ പത്മനാഭസ്വാമി ക്ഷേത്രത്തിലെ തന്നെ തിരുവമ്പാടി ശ്രീകൃഷ്ണക്ഷേത്രത്തിന്റെ കൊടിമരവും മാറ്റുന്നുണ്ട്. ഇതിനുള്ള തടി കോന്നി ഡിപ്പോയില്‍ നിന്ന് നേരത്തെ കൊണ്ടുപോയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."