ജില്ലാ ജയിലില്‍നിന്ന് രക്ഷപ്പെട്ട തടവുകാരനെ വൈകിട്ടോടെ പിടികൂടി
കോഴിക്കോട്: ജില്ലാജയിലില്‍ നിന്ന് ഇന്നലെ രാവിലെ രക്ഷപ്പെട്ട വിചാരണത്തടവുകാരനെ വൈകിട്ടോടെ പിടികൂടി. സമീപവാസിയുടെ വീടിന് തീവച്ച കേസിലെ പ്രതി കൂട്ടാലിട അവിടനല്ലൂര്‍ ഒച്ചുമ്മല് വീട്ടില്‍ അനില്‍കുമാര്‍(39) ആണ് തടവ് ചാടിയത്.
ഇന്നലെ രാവിലെ ഒന്‍പതോടെയാണ് സംഭവം. ജയിലിലെ പുറംപണികള്ക്കൊപ്പം തെങ്ങില്‍ കയറാനും അനിലിനെ ഉപയോഗപ്പെടുത്തിയിരുന്നു. ഇന്നലെ രാവിലെ 7.30ഓടെ സെല്ലില്‍ നിന്ന് പുറത്തിറക്കിയ ഇയാളോട് ജയില്‍ ഡി.ഐ.ജി ഓഫിസ് പരിസരത്തുള്ള തെങ്ങില്‍ കയറാന്‍ നിര്‍ദേശിച്ചു. എന്നാല്‍ ഒരു തെങ്ങില്‍ കയറി ഇറങ്ങിയ ശേഷം ജയില്‍ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് സ്പെഷല്‍ സബ്ജയിലിന് സമീപത്തെ പുറത്തേക്കുള്ള ഗേറ്റിലൂടെ ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. ഷര്‍ട്ടിന്റെ കുടുക്കുകളിട്ട് ഗേറ്റ് വഴി പുറത്തിറങ്ങുന്ന അനില്‍കുമാറിന്റെ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു.
തുടര്‍ന്ന് ജയില്‍ സൂപ്രണ്ടണ്ട് പി. അനില്‍കുമാറിന്റെ പരാതിയില്‍ കസബ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. വൈകിട്ട് ആറോടെ ജയില്‍ ഉദ്യോഗസ്ഥര്‍ തന്നെയാണ് ഇയാളെ കൂട്ടാലിടയില്‍ വച്ച് പിടികൂടിയത്.
സ്വന്തം വീടിന് തീവച്ച കേസിലും ഇയാളുടെ പേരില്‍ ബാലുശ്ശേരി പൊലിസ് സ്റ്റേഷനില്‍ കേസ് നിലവിലുണ്ട്. ഗുരുതരമായ സുരക്ഷാവീഴ്ചയുണ്ടായതിനാല് കാരണക്കാരായ ജയില്‍ ജീവനക്കാര്‍ക്കെതിരേ നടപടിയുണ്ടായേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."