HOME
DETAILS

'കോട്ടിട്ട പിണറാ'യിയും 'മുണ്ടുടുത്ത മോദി'യും!

  
backup
March 11 2018 | 00:03 AM

coat-itta-pinarayiyum-munduduha-modiyum

കേന്ദ്രം ഭരിക്കുന്ന മോദി കോട്ടിടുന്നയാളാണ്. കേരളം ഭരിക്കുന്ന പിണറായി മുണ്ടുടുക്കുന്നയാളും. രണ്ടുപേരുടെയും പ്രവര്‍ത്തനരീതിയിലെ സാദൃശ്യം കാരണം കേന്ദ്രത്തിലെ കോട്ടിട്ട പിണറായിയും കേരളത്തിലെ മുണ്ടുടുത്ത മോദിയും എന്ന് ആരെങ്കിലും പറഞ്ഞാല്‍ കുറ്റംപറയാന്‍ പറ്റില്ല. സാദൃശ്യം യാദൃച്ഛികമല്ല. 

മോദി കിങ്കരനെന്നു സംഘ്പരിവാറുകാരും പിണറായി ഇരട്ടച്ചങ്കനെന്നു സി.പി.എമ്മിലെ ചിലരും ചുമ്മാ കല്‍പ്പിച്ചുകൊടുത്തിട്ടുണ്ട്. നാട്ടില്‍ ക്രൂരപ്രവൃത്തികള്‍ ചെയ്യുന്ന ചട്ടമ്പികളെയാണിങ്ങനെ ഇരട്ടപ്പേരില്‍ വിശേഷിപ്പിക്കാറ്. അതു നമ്മുടെ വിഷയമല്ല.
രണ്ടുപേരും മാധ്യമങ്ങളെ നാലയലത്ത് അടുപ്പിക്കില്ലെന്നതാണു സാദൃശ്യങ്ങളില്‍ ഒന്ന്. പിണറായി സഖാവിനു നേരത്തെ ഈ അസ്‌കിതയില്ലായിരുന്നു. മുഖ്യമന്ത്രിയാവുകയും മുട്ടിനുമുട്ടിന് ഉപദേഷ്ടാക്കളുണ്ടാവുകയും ചെയ്തശേഷമാണു മാധ്യമരാഹു സഖാവിന്റെ ദൃഷ്ടിയില്‍ തെളിഞ്ഞത്.
ഇരട്ടച്ചങ്കനാണെന്നു പേടിപ്പിച്ചിരിക്കുന്നതിനാല്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും അടുക്കാന്‍ ധൈര്യമില്ല. അറിഞ്ഞോ അറിയാതെയോ അടുത്തെത്തിപ്പോയവര്‍ 'കടക്കു പുറത്ത്.., മാറി നില്‍ക്ക്...' തുടങ്ങിയ ആട്ടുംതുപ്പും അനുഭവിക്കുകയും ചെയ്തിട്ടുണ്ട്.
കേന്ദ്രന്‍ മോദിയേമാനും മാധ്യമക്കാര്‍ അയിത്തക്കാരാണ്. തീണ്ടല്‍പ്പാടിനകത്തു പ്രവേശിപ്പിക്കില്ല. മോദിയെ കണ്ടാണു പിണറായി പഠിച്ചതെന്നു ചില ദോഷൈകദൃക്കുകള്‍ പറഞ്ഞിട്ടുണ്ട്. അധികാരം തലയ്ക്കു പിടിച്ച ഇരുവരും മഹനീയമായ ജനാധിപത്യ രാജ്യത്താണു ഭരണം നടത്തുന്നതെന്ന കാര്യം മറന്നുപോയി. തങ്ങള്‍ ഏകാധിപതികളാണെന്ന തോന്നലോടെയാണു പെരുമാറ്റം.
മാര്‍ക്‌സിയന്‍ തത്വചിന്തകളില്‍ ഏകാധിപത്യം പറയുന്നുണ്ടോയെന്നറിയില്ല. സോഷ്യലിസവും അതിലുപരി മനുഷ്യത്വവും പറയുന്നുണ്ടെന്നാണു കേട്ടറിവ്. തൊഴിലാളിവര്‍ഗ സര്‍വാധിപത്യമെന്നു പറയുമ്പോള്‍ ഇതെല്ലാം ഉണ്ടാവാതിരിക്കാനും തരമില്ല. സംഘ്പരിവാര്‍ അജന്‍ഡയില്‍ ആധിപത്യം മാത്രമേയുള്ളൂ. അതാണ് മോദിയേമാന്‍ പരീക്ഷിക്കുന്നത്.
ജനങ്ങള്‍ കാര്യങ്ങളറിയാന്‍ നോക്കുന്നതു മാധ്യമങ്ങളെയാണ്. അതേ മാധ്യമങ്ങളെയാണു ജനങ്ങളുടെ വോട്ടു നേടി പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമായവര്‍ അകറ്റിനിര്‍ത്തുന്നത്. ഇതു ക്രൂരതയ്ക്കപ്പുറം ഭീരുത്വമാണെന്നു പറഞ്ഞാലും തെറ്റില്ല. അല്ലെങ്കില്‍, വെറുതെ മാധ്യമങ്ങളുടെ വായില്‍ തലയിട്ടു ജീവന്‍ പോകേണ്ടെന്ന് ഇരുവരും വിചാരിച്ചുകാണും.
അതെന്തുമാകട്ടെ, മോദി ഭരണത്തില്‍ വിജയ് മല്യ, നീരവ് മോദി തുടങ്ങിയ വന്‍കിടക്കാരെല്ലാം കോടികളുമായി രാജ്യം വിടുന്നതാണു പുതിയ കാഴ്ച. പൊരെങ്കില്‍ കോര്‍പറേറ്റുകളുടെ ഭീമമായ കടങ്ങളും എഴുതിത്തള്ളുന്നു. പെട്രോളിനും ഡീസലിനുമൊക്കെ വില വര്‍ധിപ്പിച്ചു സാധാരണക്കാരുടെ വയറ്റത്തടിച്ച് റിലയന്‍സ് തുടങ്ങിയവര്‍ ഇഷ്ടക്കാരുടെ വയറു വീര്‍പ്പിക്കുന്നു.
എല്ലായിടത്തും ഒരു പ്രൊഫഷണല്‍ തട്ടിപ്പു മണമാണ്. മോദീഭരണത്തില്‍ തട്ടിപ്പുകാരെല്ലാം സുരക്ഷിതര്‍. അവര്‍ക്കു പാര്‍ക്കാന്‍ വിദേശങ്ങളിലെ മുന്തിരിത്തോപ്പുകള്‍.
കേരളത്തില്‍ ഉന്മൂലനസിദ്ധാന്തം നടപ്പാക്കുകയാണു മറ്റേക്കൂട്ടര്‍. ഇഷ്ടമില്ലാത്തവരെ വെട്ടിനുറുക്കുന്ന രാഷ്ട്രീയാസഹിഷ്ണുത. കണ്ണൂര്‍ കേന്ദ്രീകരിച്ചാണു പരിപാടി. വടക്കന്‍പാട്ടിലൂടെ ചേകോന്മാരുടെ വീരകഥകള്‍ കേട്ടിരുന്ന സ്ഥാനത്ത് ഇന്നു ഭീരുക്കളുടെ ഒളിയുദ്ധവും അകാലമരണവും.
വധിക്കപ്പെടുന്നവരെല്ലാം സാധാരണക്കാര്‍. അഭിനവ ചേകവന്മാരുടെ മക്കളൊന്നും നാലയലത്തില്ല. അവര്‍ക്കു പാര്‍ക്കാനും വിദേശത്തെ പഞ്ചനക്ഷത്ര മുന്തിരിത്തോപ്പുകള്‍. കഷ്ടപ്പാടു വന്നാല്‍ ദേഹമറിഞ്ഞു സഹായിക്കാന്‍ മുതലാളിമാരും.
എതിരാളികളെ തല്ലിക്കൊന്നു പാര്‍ട്ടിയെ സംരക്ഷിക്കുന്നതാണു പുതിയ പാര്‍ട്ടിലൈന്‍. ഉത്തരവിടുന്നവര്‍ എപ്പോഴും സുരക്ഷിതര്‍. രക്തസാക്ഷികളുടെ എണ്ണം അനുദിനം പെരുകിക്കൊണ്ടേയിരിക്കുന്നു. എതിരാളികളില്‍ കോണ്‍ഗ്രസുകാരനെന്നോ ബി.ജെ.പിക്കാരനെന്നോ മുസ്‌ലിംലീഗുകാരനെന്നോ വിവേചനമില്ല. എതിര്‍ത്താല്‍ കൊല്ലപ്പെടും.
അസിഹിഷ്ണുതയുടെ വിളനിലമായി പാര്‍ട്ടികള്‍ മാറുന്നു. പിണറായി വിചാരിച്ചാല്‍ കണ്ണൂരിലെ രാഷ്ട്രീയകൊലപാതകങ്ങള്‍ ഒറ്റദിവസം കൊണ്ടു തീരുമെന്ന എഴുത്തുകാരന്‍ എം.മുകുന്ദന്റെ വാക്കും കേരളത്തില്‍ ജീവിക്കാന്‍ ഭയമാകുന്നുവെന്ന അടൂര്‍ ഗോപാലകൃഷ്ണന്റെ വാക്കും ചേര്‍ത്തുവായിക്കണം. ദൈവങ്ങള്‍ മുണ്ടുടുത്തോയെന്ന് അന്വേഷിക്കുന്നവര്‍ക്കും കപടനാടകം കളിക്കുന്ന ചില ഇടതുപക്ഷ സാഹിത്യ-സാംസ്‌കാരിക-കവി പുംഗവന്മാര്‍ക്കും ഇതിനെക്കുറിച്ചൊന്നും മിണ്ടാട്ടമില്ല.
ജനാധിപത്യസംവിധാനത്തെയും നാടിന്റെ സംസ്‌കാരത്തെയും സാമൂഹ്യനീതിയെയും ചോദ്യംചെയ്യുന്ന കൊലപാതകരാഷ്ട്രീയത്തെക്കുറിച്ച് ആര്‍ക്കുമൊന്നും പറയാനുമില്ല. ഏതായാലും, സി.പി.എം. പാലിയേറ്റീവ് കെയര്‍ തുടങ്ങാന്‍ തീരുമാനിച്ചതു പുണ്യം. അടികൊണ്ടും വെട്ടേറ്റും വീഴുന്ന പാര്‍ട്ടി അണികളുടെ ആരോഗ്യസംരക്ഷണത്തിനും അതോടെ പരിഹാരമായി.
നേതാക്കന്മാര്‍ക്കു ചികിത്സയ്ക്ക് അപ്പോളോയും ലണ്ടനും യു.എസ്സുമുള്ളപ്പോള്‍ അണികള്‍ക്കു പാലിയേറ്റീവ് കെയര്‍ മതിയല്ലോ! രോഗം ഭേദമാക്കേണ്ട. മരിക്കുംവരെ ആശ്വസിപ്പിച്ചിരുത്താം.
മോദിക്കു ഗുജറാത്ത് കലാപത്തിന്റെ കറ പുരണ്ടപോലെ പിണറായിക്കു കണ്ണൂരിന്റെ കറ പുരളാതെ നോക്കാന്‍ ഇനിയും സമയമുണ്ടെന്നാണ് എം.മുകുന്ദന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നത്.
*** *** ***
കൂടെ നടന്നവരും ഒരുമിച്ചുണ്ടവരും പാലാ മാണിസാറിനു പാരയായപ്പോള്‍ കൊല്ലതെകൊന്നവരാണ് ഇടതുപക്ഷക്കാര്‍. ഇന്നിപ്പോള്‍ സ്വന്തം വിജിലന്‍സിനെക്കൊണ്ടു മാണിയെ മാമോദീസ മുക്കി. ഓരോ സര്‍ക്കാരിന്റെ കാലത്തും അവര്‍ക്കൊത്തു തുള്ളുന്നതാണു വിജിലന്‍സിന്റെ പ്രധാന പണി.
സര്‍ക്കാരിനു തലവേദനയില്ലാതെ ഭരിക്കണമെങ്കില്‍ വിജിലന്‍സ് വേണം. അരിവില കൂടിയാലും പട്ടിശല്യം കൂടിയാലും ശ്രദ്ധ തിരിച്ചുവിടാന്‍ വിജിലന്‍സ് നല്ല ആയുധമാണ്. അഞ്ചുവര്‍ഷത്തേക്കുള്ള ഇരകളെയാണു കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാര്‍ വിജിലന്‍സിനു സംഭാവന ചെയ്തത്. അതിലൊരാളാണു മാണി സാര്‍. അദ്ദേഹം അകത്തുപോകുമെന്നു കണക്കുകൂട്ടിയവരൊക്കെ നിരാശയിലാണ്. മാണി സാര്‍ ഒറ്റയടിക്കാണിപ്പോള്‍ പണ്യാളനായത്. ഇപ്പോള്‍ കേരള രാഷ്ര്ടീയ....നഭോമണ്ഡലത്തില്‍ വൃഷ്ടിദോഷം സംഭവിച്ച മാണിച്ചായനെക്കുറിച്ചു വിലപിക്കാന്‍ മാണിഭക്തരായ കേരളാ കോണ്‍ഗ്രസുകാരേക്കാള്‍ തിടുക്കം സി.പി.എമ്മുകാര്‍ക്കാണ്.
സി.പി.ഐയുടെ വിരട്ടലാണു തടസം. മാണിച്ചനോടു യാതൊരുവിധ വിട്ടുവീഴ്ചയും വേണ്ടെന്നാണു സി.പി.ഐയുടെ നിലപാട്. അഴിമതിക്കെതിരായ പോരാട്ടത്തിന്റെ ഫലമാണ് ഈ സര്‍ക്കാരെന്നും അങ്ങനെയുള്ള മുന്നണിക്കു മാണിയെ കൂടെക്കൂട്ടാന്‍ എങ്ങനെ കഴിയുമെന്നും കാനം ചോദിക്കുന്നു. സി.പി.ഐ അപകടം മണക്കുകയാണ്. ഒട്ടകത്തിനു സ്ഥലം കൊടുത്താലുള്ള ഗതിയാണ് അവരെ ഭയപ്പെടുത്തുന്നത്.
വാലറ്റം: വടക്കന്‍പ്രദേശത്ത് അവശേഷിച്ചിരുന്ന ത്രിപുരസുന്ദരിയെ ബി.ജെ.പി. കിങ്കരന്മാര്‍ അടിച്ചോണ്ടുപോയി. ഇനി വടക്കൊന്നും ചെയ്യാനില്ലാത്തതിനാല്‍ സി.പി.എം പോളിറ്റ്ബ്യൂറോ ഓഫീസ് തല്‍ക്കാലം തെക്കോട്ടെടുക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മാനവീയം  2024' പോസ്റ്റര്‍ പ്രകാശനം ചെയ്തു 

oman
  •  2 months ago
No Image

സ്‌കൂള്‍ സമയങ്ങളില്‍ മീറ്റിങ്ങുകള്‍ക്ക് വിലക്ക്; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala
  •  2 months ago
No Image

വാട്‌സ്ആപ്പിലൂടെ ഓഫര്‍ലിങ്ക് നല്‍കി തട്ടിപ്പ്; പ്രവാസിക്ക് നഷ്ടപ്പെട്ടത് 98 കുവൈത്തി ദിനാര്‍

Kuwait
  •  2 months ago
No Image

ആളൊഴിഞ്ഞ പറമ്പില്‍ കഞ്ചാവ് നട്ടുവളര്‍ത്തി; യുവാവ് അറസ്റ്റില്‍

Kerala
  •  2 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ പിന്‍ഗാമി ഹാശിം സഫ്‌യുദ്ദീന്‍

International
  •  2 months ago
No Image

യു.പിയിലെ നരബലി; രണ്ടാം ക്ലാസുകാരനെ കൊന്നത് സ്‌കൂളിന്റെ അഭിവൃദ്ധിക്ക്; അധ്യാപകരടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

'എസ്.കെ.എസ്.എസ്.എഫ് ദേശീയ ദ്വിദിന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

organization
  •  2 months ago
No Image

എസ്.കെ.എസ്.എസ്.എഫ് ദേശീയ കമ്മിറ്റിക്ക് പുതിയ നേതൃത്വം

organization
  •  3 months ago
No Image

ഗരുഡ കൊടുമുടി കയറുന്നതിനിടെ ശ്വാസംമുട്ടല്‍; മലയാളി യുവാവ് മരിച്ചു

Kerala
  •  3 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ കൊലപാതകം സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  3 months ago