നിലംപൊത്താറായി ലക്ഷംവീടുകള്‍ മോചനം കാത്ത് കുടുംബങ്ങള്‍
പള്ളിക്കല്‍: പള്ളിക്കല്‍ പഞ്ചായത്തിലെ പുത്തൂര്‍ പള്ളിക്കല്‍ സലാമത്ത് നഗറിനടുത്തുള്ള ലക്ഷംവീട് കോളനിയിലെ തകര്‍ന്നുവീഴാറായ വീടുകളില്‍ നിന്നു മോചനവും കാത്ത് നിര്‍ധനകുടുംബങ്ങള്‍. ഭവന നിര്‍മാണത്തിനായി സര്‍ക്കാറിന്റെ സ്‌പെഷല്‍ സ്‌കീമില്‍ കോളനിയെ നേരത്തെ ഉള്‍പ്പെടുത്തിയതായി പറയുന്നുണ്ടെങ്കിലും സഹായമൊന്നും ഇതുവരെ ലഭ്യമായില്ല.
ഇപ്പോള്‍ സര്‍ക്കാറിന്റെ ലൈഫ് മിഷന്‍ ഭവന നിര്‍മാണപദ്ധതിയില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് ഇവരുടെ കാത്തിരിപ്പ്. 45 വര്‍ഷത്തിലേറെ പഴക്കമുണ്ട് ഈ കോളനിക്ക്. ചില ഒറ്റപ്പട്ട വീടുകള്‍ പുനരുദ്ധാരണ പ്രവൃത്തി നടത്തിയിട്ടുണ്ടെങ്കിലും നിര്‍ധന കുടുംബങ്ങളില്‍ പലരും തകര്‍ന്ന് വീഴാറായ വീടുകളിലാണ് ഭയപ്പാടോടെ അന്തിയുറങ്ങുന്നത്. മേല്‍കൂരയുള്‍പ്പെടെ തകര്‍ന്ന വീടുകളില്‍ നിന്ന് ചിലര്‍ക്ക് ബന്ധുക്കളുടെ വീടുകളിലേക്കും വാടക വീടുകളിലേക്കും താമസം മാറേണ്ടിയും വന്നിട്ടുണ്ട്. നാല് സെന്റ് വീതം സ്ഥലത്ത് അനുവദിച്ചു നല്‍കിയ ലക്ഷം വീട് കോളനിയില്‍ അഞ്ചു ഇരട്ടവീടുകളുടെ ഇരുഭാഗത്തായി പത്ത് കുടുംബങ്ങളും ബാക്കിയുള്ളവര്‍ ഒറ്റ വീടുകളിലുമായാണ് ഇവിടെ താമസിച്ചുവരുന്നത്.
ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടയം ലഭിച്ച കുടുംബങ്ങള്‍ക്ക് ഭവന നിര്‍മാണത്തിനാവശ്യമായ സഹായം നല്‍കുന്നതിനായി കഴിഞ്ഞ ദിവസം വില്ലേജ് ഓഫിസര്‍ കെ.കെ സുധീഷ് കുമാറിന്റെ നേതൃത്വത്തില്‍ അധികൃതര്‍ കോളനിയിലെത്തി രേഖകള്‍ പരിശോധിച്ചിരുന്നു. നാല് സെന്റ് കൃത്യമായി വേര്‍തിരിക്കാതെ ഇപ്പോള്‍ ഭൂമി ഒന്നിച്ചുകിടക്കുന്നതിനാല്‍ സ്ഥലം അളന്ന് തിട്ടപ്പെടുത്തിയ ശേഷമേ ഓരോരുത്തര്‍ക്കും ഭവന നിര്‍മാണം സാധ്യമാകൂ. പ്രദേശം ഏറനാട് താലൂക്കിലായിരുന്ന കാലത്താണ് നാല് സെന്റ് ഭൂമി വീതം കോളനിക്ക് അനുവദിച്ച് വീടുകള്‍ നിര്‍മിച്ചുനല്‍കിയത്. കോളനിയിലെ 16 കുടുംബങ്ങളുടെ പക്കല്‍ കൈവശ രേഖകളുണ്ടെങ്കിലും ഇതിന്റെ പ്ലോട്ടഡ് സ്‌കച്ച് പള്ളിക്കല്‍ വില്ലേജിലോ കൊണ്ടോട്ടി താലൂക്കിലോ ലഭ്യമല്ലായെന്നാണ് വിവരം. ഏറനാട് താലൂക്കില്‍ നിന്നും പഴയ രേഖകള്‍ പരിശോധിച്ച് പ്ലോട്ട് സര്‍വെ നടത്തിയ ശേഷമേ ഭൂമി അളന്ന് പതിച്ച് നല്‍കാനാവൂവെന്നാണ് വില്ലേജ് ഓഫിസറില്‍ നിന്നു ലഭിക്കുന്ന വിവരം. ഇതിനാവശ്യമായ അടിയന്തിര നടപടികളുമായി മുന്നോട്ട് പോകുമെന്ന് വില്ലേജ് ഓഫിസര്‍ കെ.കെ സുധീഷ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."