കിന്‍ഫ്ര മേഖലയിലെ കയറ്റിറക്ക് അവകാശം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സമരം തുടങ്ങും
കളമശേരി: കിന്‍ഫ്ര മേഖലയിലെ കയറ്റിറക്ക് തൊഴില്‍ അവകാശം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സമരം ആരംഭിക്കാന്‍ ചുമട് തൊഴിലാളികളുടെ സംയുക്ത യോഗം തീരുമാനിച്ചു. കിന്‍ഫ്ര പാര്‍ക്കിലെ ചില വ്യവസായ ശാലകളിലെ കയറ്റിറക്ക് ജോലിയുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ തൊഴില്‍ വകുപ്പും ചുമട് തൊഴിലാളി ക്ഷേമ ബോര്‍ഡും ഉടന്‍ തയ്യാറാകണമെന്നും യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് രണ്ട് മാസം മുന്‍പ് റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മിഷണര്‍ യോഗം വിളിച്ചിരുന്നു.
കിന്‍ഫ്രയിലെ വ്യവസായികളും കിന്‍ഫ്ര അധികൃതരും ചുമട് തൊഴിലാളി ക്ഷേമ ബോര്‍ഡ് ഉദ്യോഗസ്ഥരും ചുമട് തൊഴിലാളി നേതാക്കളും പങ്കെടുത്ത യോഗത്തില്‍ തൊഴില്‍ വകുപ്പിന്റെ അഭിപ്രായം തേടിയതിനു ശേഷം തീരുമാനമുണ്ടാക്കാമെന്ന് ലേബര്‍ കമ്മിഷണര്‍ അറിയിക്കുകയായിരുന്നു. എന്നാല്‍ ചില തൊഴില്‍ ഉടമകള്‍ ചുമട് തൊഴിലാളി ക്ഷേമ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള അംഗീകൃത ചുമട് തൊഴിലാളികളെ ഒഴിവാക്കി അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളെ കൊണ്ട് അനധിക്യതമായി ചുമട് തൊഴില്‍ ചെയ്യിക്കുകയാണ്. ഇതു മൂലം കിന്‍ഫ്ര പ്രദേശത്തെ എച്ച്.എം.ടി കോളനി, മറ്റക്കാട്, കങ്ങരപ്പടി, തേവക്കല്‍, മണലിമുക്ക് പൂളുകളിലെ നൂറിലേറെ ചുമട് തൊഴിലാളികളുടെ ജോലിയും വരുമാനവും കുറഞ്ഞിരിക്കുകയാണ്.
തൊഴിലവകാശം സംരക്ഷിക്കുന്നതിന് തൊഴില്‍ ഉടമകളുമായി ഉടന്‍ ചര്‍ച്ച നടത്തി പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് പ്രത്യക്ഷ സമര പരിപാടികള്‍ക്ക് രൂപം നല്‍കാനും യോഗം തീരുമാനിച്ചു.
ഐ.എന്‍.ടി.യു.സി നേതാവ് പി.എം വീരാക്കുട്ടി യോഗത്തില്‍ അധ്യക്ഷനായി. പി.കെ ബേബി, പി.കെ സുരേന്ദ്രന്‍ (സി.ഐ.ടി.യു ) , അന്‍സാര്‍ എന്‍.എ (ഐ.എന്‍.ടി.യു.സി), പി.എം.എ ലത്തീഫ് ,പി എം അഷറഫ് (എസ്.ടി.യു ), വി കെ അനില്‍കുമാര്‍ (ബി.എം.എസ് ) , സമര സമിതി കണ്‍വീനര്‍ പി വി പ്രസന്നന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."