ജില്ലയിലെ ഏക റിസര്‍വ് വനം അവഗണനയില്‍; സംരക്ഷിക്കാന്‍ നടപടിയില്ല
ഹരിപ്പാട്: ജില്ലയിലെ ഏക സര്‍ക്കാര്‍ തടി ഡിപ്പോയോട് അനുബന്ധിച്ചുള്ള സംരക്ഷിത വനം സാമൂഹിക വിരുദ്ധരുടെ താവളമായിട്ടും നടപടി സ്വീകരിക്കുന്നില്ല. വൈദ്യുതി ലൈന്‍ വനത്തിലെ മരങ്ങള്‍ക്കിടയില്‍ കൂടി കടന്നുപോയിട്ടും മാറ്റി സ്ഥാപിച്ചിട്ടില്ല.
വേനല്‍ക്കാലമായതോടെ മരങ്ങള്‍ ഉണങ്ങിനില്‍ക്കുന്നതിനാല്‍ തീപിടുത്തം പോലെയുള്ള അപകടങ്ങള്‍ മുന്നില്‍ കണ്ട് നടപടിയെടുക്കേണ്ടവര്‍ നിസംഗത നടിക്കുന്നത് വന്‍ ദുരന്തത്തിന് വഴിയൊരുക്കുകയാണെന്നാണ് നാട്ടുകാരുടെ പക്ഷം. അപകടം പതിയിരുന്നിട്ടും ബന്ധപ്പെട്ടവര്‍ നടപടിയെടുക്കാത്തതില്‍ രോഷാകുലരാണ് സ്ഥലവാസികള്‍. വീയപുരം സര്‍ക്കാര്‍ തടി ഡിപ്പോയോട് ചേര്‍ന്നുള്ള ഏക റിസര്‍വ് വനത്തിനാകട്ടെ സംരക്ഷണ ഭിത്തിയുമില്ല. പമ്പാ, അച്ചന്‍ കോവിലാറുകളുടെ സംഗമ സ്ഥലത്താണ് റിസര്‍വ് വനം. മണല്‍ വാരലിലൂടെ വനം സ്ഥിതി ചെയ്യുന്ന രണ്ടുകരകളുടേയും തിട്ട ഇടിഞ്ഞ് ആറായി മാറി. ബ്രിട്ടീഷ് ഭരണകാലത്ത് കിഴക്കന്‍ പ്രദേശങ്ങളില്‍ നിന്നും തടികള്‍ കൊണ്ടുവന്ന് ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുത്തിരുന്ന കേന്ദ്രം പിന്നീട് സക്കാര്‍ തടി ഡിപ്പോ ആയി മാറുകയായിരുന്നു.
ആറിന്റെ ഇരുകരകളിലുമായി 15ഏക്കര്‍ സ്ഥലമായിരുന്നു ഡിപ്പോയ്ക്ക് സ്വന്തമായുണ്ടായിരുന്നത്. ഇതില്‍ രണ്ടുകരയുടെ ഏതാനും ഭാഗങ്ങള്‍ നാലുവര്‍ഷം മുമ്പ് റിസര്‍വ് വനമായി പ്രഖ്യാപിക്കുകയും പിന്നീട് വൃക്ഷത്തൈകള്‍ വെച്ച് പിടിപ്പിക്കുകയും ചെയ്തു. സമീപവാസികളുടെ പരാതിയെ തുടര്‍ന്ന് സമീപത്തുകൂടി പോകുന്ന റോഡിന് സമാന്തരമായി അതിര്‍ത്തിതിരിച്ച് കല്ലിട്ടതല്ലാതെ സംരക്ഷണ ഭിത്തി കെട്ടിയിട്ടില്ല. അതുപോലെ ആറിനോട് ചേര്‍ന്ന് അതിര്‍ത്തി നിര്‍ണയിച്ച് സംരക്ഷണ ഭിത്തിയും നിര്‍മ്മിച്ചിട്ടില്ല. രണ്ടുകരയിലേയും സ്ഥിതി വിഭിന്നമല്ല. സംരക്ഷണ ഭിത്തിയില്ലാതെ തുറസായി കിടക്കുന്നതിനാല്‍ ജലമാര്‍ഗവും കരമാര്‍ഗവും എത്തുന്ന സാമൂഹിവിരുദ്ധരുടെ വിരഹകേന്ദ്രമായി മാറിയിരിക്കുകയാണിവിടം. അതുപോലെ മാലിന്യ ങ്ങള്‍ തള്ളുന്നതും ഇവിടെയാണ്. മനുഷ്യരുടേയും കന്നുകാലികളുടേയും വിസര്‍ജ്യങ്ങളും സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടത്തിന്റെ ബാക്കി പത്രമായ മദ്യ കുപ്പികളും മറ്റ് അവശിഷ്ടങ്ങളുടെയും നിക്ഷേപകേന്ദ്രമായി ഇവിടം മാറി.
കേരളത്തിലെ ഇടതു വലത് ഭരണകാലത്ത് ഇവിടെ ഇക്കോ ടൂറിസം പദ്ധതിയുടെ നടത്തിപ്പിനുള്ള പ്രാരംഭചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും പിന്നീട് യാതൊരുനടപടികളും തുടങ്ങിയിട്ടില്ല. പഴയതും പുതിയതുമായ ആറോളം കെട്ടിടങ്ങള്‍ ഇവിടെയുണ്ടെങ്കിലും രണ്ട് കെട്ടിടങ്ങള്‍ മാത്രമാണ് ഓഫിസ് ഉയോഗത്തിനുള്ളത്. ബാക്കിയുള്ള കെട്ടിടങ്ങള്‍ വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ചില നിയമപ്രശ്‌നങ്ങള്‍ അതിനും തടസമായി. ഈ പ്രദേശത്തിന്റെ പ്രകൃതി രമണീയത ചലച്ചിത്ര പ്രവര്‍ത്തകരുടെ ഇഷ്ടകേന്ദ്രമായി മാറുകയാണ്. ഹിന്ദി,തമിഴ്,തെലുങ്ക്,മലയാളം സിനിമകളുടെ പ്രിയ ലൊക്കഷനുംഅതുപോലെ സീരിയലുകളുടേയും,വിവാഹാദി മംഗള കര്‍മ്മങ്ങളുടെയും ഷൂട്ടിങ്ങ് സ്ഥലവുമാണ്. എന്നാല്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് ഇവിടുത്തെ ശാപമാണ്.
രാപ്പകല്‍ ഡ്യൂട്ടിക്ക് ഒരു വാച്ചര്‍ മാത്രമാണുള്ളത്. രണ്ടുകരകളിലെ അനധികൃത നടപടികള്‍ പിടിക്കപ്പെടാന്‍ ഒരാളെ കൊണ്ടു കഴിയുന്നില്ല. മണല്‍ വാരലിനും മറ്റ് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുന്നവര്‍ മാരകായുധങ്ങളുമായാണെത്തുന്നത്. ചോദ്യം ചെയ്യുന്നവരുടെ നേരെ അക്രമവും ഉണ്ടായിട്ടുണ്ട്. ഇവരുടെ പക്കല്‍ നിന്നും അക്രമമുണ്ടായിട്ടുണ്ടെന്നും നാട്ടുകാര്‍തന്നെ സാക്ഷ്യപ്പെടുത്തുന്നു.
സമീപത്ത് പൊലിസ് സ്റ്റേഷനുണ്ടായിട്ടും അവരുടെ സേവനം ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. ഒരു കരയില്‍ നിന്നും മറുകരയില്‍ എത്തുന്നതിന് ജലവാഹനങ്ങള്‍ ഏര്‍പ്പെടുത്തുക, ആവശ്യത്തിന് വാച്ചര്‍മാരെയും മറ്റ് ജീവനക്കാരേയും നിയമിക്കുക, ലക്ഷക്കണക്കിന് രൂപ മുതല്‍ മുടക്കില്‍ നിര്‍മിച്ച കെട്ടിടങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ നടപടി സ്വീകരിക്കുക, അനധികൃത മണല്‍വാരലും സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടത്തിനും എതിരെ നടപടി സ്വീകരിക്കുക, അപകടം പതിയിരിക്കുന്ന വൈദ്യുതി ലൈന്‍ മാറ്റി സ്ഥാപിക്കുക എന്നീ ആവശ്യങ്ങളാണ് നാട്ടുകാര്‍ ഉന്നയിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."