സമ്പദ്വ്യവസ്ഥ തകിടം മറിക്കുന്നതിനു ശ്രമിച്ച യു.എ.ഇ ബാങ്കിനെതിരെ അമേരിക്ക അന്വേഷിക്കണമെന്ന് ഖത്തര്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്
ദോഹ: ഖത്തരി റിയാലിന്റെ വില ഇടിച്ചുതാഴ്ത്തുന്നതിനും സമ്പദ്വ്യവസ്ഥയെ തകിടം മറിക്കുന്നതിനും ശ്രമിച്ച യു.എ.ഇ ബാങ്കിനെതിരെ അമേരിക്ക അന്വേഷണം നടത്തണമെന്ന് ഖത്തര്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. സഊദി സഖ്യരാജ്യങ്ങളുടെ ഉപരോധത്തെത്തുടര്‍ന്ന് സമ്പദ്വ്യവസ്ഥ തകര്‍ക്കുന്നതിനായി യു.എ.ഇ ബാങ്ക് കൃത്രിമമായി വിദേശ കറന്‍സി ഇടപാടുകള്‍ നടത്തിയതായി ഖത്തര്‍ ചൂണ്ടിക്കാട്ടി. റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. യു.എ.ഇ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഫസ്റ്റ് അബുദാബി ബാങ്കിന്റെ (എഫ്.എ.ബി) യു.എസ് ശാഖയായ നബാഡ് അമേരിക്കസിന്റെ ഇടപാടുകളെക്കുറിച്ച് അന്വേഷിക്കണമെന്നാണ് ഖത്തറിന്റെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് യു.എസ്. ട്രഷറിക്ക് കത്തയച്ചതായി റിപ്പോര്‍ട്ടിലുണ്ട്. ഖത്തരി റിയാലിനെ അട്ടിമറിക്കുന്നതിനും വില ഇടിച്ചുതാഴ്ത്തുന്നതിനുമായി നടത്തിയ ശ്രമങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കയിലെ കമോഡിറ്റി ഫ്യൂച്ചേഴ്സ് ട്രേഡിങ്ങ് കമ്മീഷനും(സി.എഫ്.ടി.സി) കത്തു നല്‍കിയിട്ടുണ്ട്. അഭിഭാഷകരായ പോള്‍ വെയ്സ്, റിഫ്കിന്‍ഡ്, വാര്‍ട്ടണ്‍ ആന്റ് ഗാരിസണ്‍ എന്നിവര്‍ മുഖേനയാണ് സി.എഫ്.ടി.സിക്കു കത്ത് കൈമാറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."