മാറ്റം ഇപ്പോള്‍: മുദ്രാവാക്യം സഫലമാകണം
പുതിയ പ്രതീക്ഷകള്‍ പങ്കുവച്ച് കോണ്‍ഗ്രസിന്റെ 84ാമത് പ്ലീനറി സമ്മേളനം ന്യൂഡല്‍ഹിയില്‍ സമാപിച്ചിരിക്കുകയാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ കൂടി ബി.ജെ.പിയുടെ വരുതിയില്‍ വന്നതോടെ രാജ്യം കൂടുതല്‍ ഫാസിസ്റ്റ് വല്‍ക്കരിക്കപ്പെടുകയാണോ എന്ന് മതേതര ജനാധിപത്യ വിശ്വാസികള്‍ ആശങ്കപ്പെട്ടുകൊണ്ടിരിക്കുന്ന അവസരത്തിലാണ് അപ്രതീക്ഷിത പ്രഹരം ബി.ജെ.പിക്ക് അവരുടെ ഉരുക്ക് കോട്ടയായ യു.പിയില്‍ നിന്നുണ്ടായത്. ഈ വിജയം നല്‍കിയ ഊര്‍ജവും കൂടി കോണ്‍ഗ്രസിന്റെ പ്ലീനറി സമ്മേളനത്തില്‍ പ്രകടമായി. കോണ്‍ഗ്രസിന് യു.പി ഉപതെരഞ്ഞെടുപ്പുകളില്‍ കെട്ടിവച്ച കാശ് കിട്ടിയില്ലെങ്കില്‍ പോലും.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ജയിച്ചടക്കിയതിന്റെ മുന്‍തൂക്കം യു.പിയിലെ പരാജയത്തോടെ ബി.ജെ.പിക്ക് ഇല്ലാതായി. ഇത്തരമൊരു പരിതസ്ഥിതിയില്‍ 2019ലെ പൊതു തെരഞ്ഞെടുപ്പ് അത്ര എളുപ്പമാകില്ലെന്ന ബി.ജെ.പിയുടെ ആശങ്കകൂടി കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന് ഊര്‍ജം പകര്‍ന്നിട്ടുണ്ട്. 'മാറ്റത്തിന് സമയമായി' എന്ന പ്ലീനറി മുദ്രാവാക്യം സഫലമാകാന്‍ കോണ്‍ഗ്രസിന് ഇനിയുള്ള ദിവസങ്ങളില്‍ കഠിനമായി അധ്വാനിക്കേണ്ടിവരും.
ബി.ജെ.പി സര്‍ക്കാരിനെതിരേയുള്ള ആരോപണങ്ങള്‍ കൊണ്ട് മാത്രം കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാനാവുകയില്ല. ബി.ജെ.പി സര്‍ക്കാര്‍ തകര്‍ത്തെറിഞ്ഞ ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി പൂര്‍വസ്ഥിതിയിലാക്കാന്‍ കോണ്‍ഗ്രസിന്റെ പക്കല്‍ ഫലപ്രദമായ എന്ത് പരിഹാര മാര്‍ഗങ്ങളാണ് ഉള്ളതെന്നറിയുവാന്‍ സാധാരണ പൗരന് താല്‍പര്യമുണ്ട്. കോണ്‍ഗ്രസ് ഇന്ത്യന്‍ ജനതയുടെ പൊതു വികാരമാണെന്ന് സമ്മതിച്ചാല്‍ തന്നെ ഉത്തരം നല്‍കേണ്ട കുറേ ചോദ്യങ്ങള്‍ പാര്‍ട്ടി അഭിമുഖീകരിക്കേണ്ടതുണ്ട്. പ്ലീനറി സമ്മേളനത്തില്‍ സാമ്പത്തിക നയത്തെക്കുറിച്ച് ഏറെ വ്യക്തതയുണ്ടായിരുന്നില്ല. ബി.ജെ.പിയുടെ സാമ്പത്തിക നയം തന്നെയായിരിക്കുമോ തുടരുക എന്ന സന്ദേഹം സാധാരണക്കാരനില്‍ ബാക്കിനില്‍ക്കുന്നു.
സാധാരണക്കാരനെയും കര്‍ഷകനെയും ചേര്‍ത്തുപിടിച്ചുള്ള മുന്നേറ്റത്തിലൂടെ മാത്രമേ കോണ്‍ഗ്രസിന് പൊതുതെരഞ്ഞെടുപ്പില്‍ മുന്നേറാനാകൂ. കാര്‍ഷിക കടം എഴുതി തള്ളുമെന്ന പ്ലീനറി വാഗ്ദാനം ശുഭോദര്‍ക്കമാണ്. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വിടവ് അതിഭീകരമാംവിധം വര്‍ധിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇന്ത്യ തുടരുന്ന സാമ്പത്തിക നയത്തിനൊരു മാറ്റം പ്ലീനറി സമ്മേളനം നിര്‍ദേശിക്കേണ്ടതായിരുന്നു. ഒരു ശതമാനം മാത്രമുണ്ടായിരുന്ന 101 ശത കോടീശ്വരന്മാരില്‍ പുതുതായി പതിനേഴോളംപേര്‍ ചേര്‍ന്നത് ബി.ജെ.പി അധികാരത്തില്‍ വന്നതിന് ശേഷമാണ്. അവരുടെ എണ്ണം ഇപ്പോഴും വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ആഭ്യന്തര വളര്‍ച്ചയുടെ പേരില്‍ ബി.ജെ.പി സര്‍ക്കാര്‍ ഊറ്റം കൊള്ളുമ്പോള്‍ ലോകത്ത് ഏറ്റവുമധികം അസമത്വം അനുഭവപ്പെടുന്ന രാജ്യങ്ങളില്‍ ഇന്ത്യ മുന്നിലാണെന്ന് ലോക പ്രശസ്ത സാമ്പത്തിക വിദഗ്ധരാണ് അഭിപ്രായപ്പെടുന്നത്. 67 ശതമാനം ഇന്ത്യക്കാര്‍ ദാരിദ്ര്യത്തിന്റെ പടുകുഴിയിലാണെന്ന് അവര്‍ കണക്കുകള്‍ ഉദ്ധരിച്ച് പറയുന്നു. ഇതിനെ തരണം ചെയ്യാനുള്ള പദ്ധതികളാണ് കോണ്‍ഗ്രസ് ആസൂത്രണം ചെയ്യേണ്ടത്. 'മാറ്റം ഇപ്പോള്‍' എന്ന മുദ്രാവാക്യം യാഥാര്‍ഥ്യമാകണമെങ്കില്‍ ഇത്തരം പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്‌തേ പറ്റൂ. കര്‍ഷകന് താങ്ങായി, തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ക്ക് തൊഴില്‍ ദാതാവായി മാറുമെന്ന പ്രതിജ്ഞയാണ് കോണ്‍ഗ്രസില്‍ നിന്ന് പൊതുസമൂഹം പ്രതീക്ഷിക്കുന്നത്.
ബി.ജെ.പിയെ പുറംതള്ളാനായി രാജ്യ വ്യാപകമായി പ്രാദേശിക കക്ഷികള്‍ സഖ്യത്തിലേര്‍പ്പെടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ മേധാവിത്വം ആവശ്യപ്പെടാതെ അതിന്റെ ഭാഗമാകുവാന്‍ ശ്രമിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യേണ്ടത്. അത്തരമൊരു മുന്നണിയുടെ സാരഥ്യത്തിലേക്ക് ഉയര്‍ത്തപ്പെടാന്‍ ഉതകുന്ന പരിപാടികളും പദ്ധതികളുമാണ് കുറഞ്ഞ മാസങ്ങള്‍ക്കുള്ളില്‍ കോണ്‍ഗ്രസില്‍ നിന്നുണ്ടാകേണ്ടത്. ദലിത് പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളെ കൂട്ടുപിടിച്ചുള്ള മുന്നേറ്റമായിരിക്കും കോണ്‍ഗ്രസില്‍ നിന്നുമുണ്ടാവുക എന്ന രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ ആശാവഹമാണ്. ബി.ജെ.പി തീവ്ര ഹിന്ദുത്വം പയറ്റുമ്പോള്‍ മൃദു ഹിന്ദുത്വം പയറ്റാനാണ് കോണ്‍ഗ്രസ് ഭാവമെങ്കില്‍ അത് പരാജയപ്പെടുകയേയുള്ളൂ എന്ന് അനുഭവത്തില്‍ നിന്ന് പഠിക്കണം.
രണ്ടാം യു.പി.എ സര്‍ക്കാരിന് സംഭവിച്ച തെറ്റുകള്‍ ഏറ്റുപറയുവാന്‍ രാഹുല്‍ഗാന്ധി കാണിച്ച ആര്‍ജവം അഭിനന്ദനീയമാണ്. ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരാനുള്ള കോണ്‍ഗ്രസിന്റെ ആവശ്യവും ന്യായമുള്ളതാണ്. ഈ ആവശ്യം ആം ആദ്മി നേരത്തെ തന്നെ ഉന്നയിച്ചതുമാണ്.
വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം വരുത്തുന്നത് ഐ.ടി വിദഗ്ധനും ആം ആദ്മി പാര്‍ട്ടി നേതാവും ദൃശ്യമാധ്യമങ്ങളിലൂടെ പ്രദര്‍ശിപ്പിച്ചത് മറക്കാറായിട്ടില്ല. സാങ്കേതിക വിദ്യയെ തള്ളിപ്പറയുകയാണെന്ന ന്യായം അപ്രസക്തമാണ്. സാങ്കേതികമായി ഏറ്റവുമധികം പുരോഗമിച്ച ജപ്പാനില്‍ പോലും ബാലറ്റ് പേപ്പറിലൂടെയാണ് ജനങ്ങള്‍ സമ്മതിദാനാവകാശം നിറവേറ്റുന്നത്. ഇന്ത്യയുടെ മതേതര ജനാധിപത്യം അഭംഗുരം നിലക്കണമെങ്കില്‍ വോട്ടറുടെ വോട്ട് അയാള്‍ ഉദ്ദേശിക്കുന്ന സ്ഥാനാര്‍ഥിക്ക് തന്നെ കിട്ടണം. ആര്‍ക്ക് വോട്ട് ചെയ്താലും താമരയില്‍ വീഴുന്ന പരിപാടികള്‍ അവസാനിക്കണം. നോട്ട് നിരോധനവും ജി.എസ്.ടിയും ഗുണകരമാണെന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന കോര്‍പ്പറേറ്റുകളെ തുറന്ന് കാണിക്കണം. ബി.ജെ.പിയുടെ അഴിമതി ഭരണത്തിനെതിരെയും ജനങ്ങളെ വിഭജിക്കുന്നതിനെതിരെയും ഉയര്‍ന്നുവരുന്ന കരുത്തനായ പ്രതിപക്ഷ നേതാവാണ് രാഹുല്‍ഗാന്ധിയെന്ന് കാലം തെളിയിക്കണമെങ്കില്‍ അതിന് ഒട്ടേറെ ഗൃഹപാഠം ചെയ്യാനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."