വേനല്‍ കനക്കുന്നു; തൊടുപുഴ മേഖലയില്‍ പകര്‍ച്ചവ്യാധി
തൊടുപുഴ: വേനല്‍ കനത്തതോടെ നഗരത്തിലും സമീപ മേഖലകളിലും കൊതുകുജന്യ രോഗങ്ങള്‍ അടക്കം പകര്‍ച്ചവ്യാധികള്‍ പടരുന്നു. തൊടുപുഴ നഗരത്തിനു പുറമേ വണ്ണപ്പുറം, ഇടവെട്ടി, കുമാരമംഗലം എന്നിവിടങ്ങളില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. മഞ്ഞപ്പിത്തം, ചിക്കന്‍പോക്‌സ്, വയറിളക്കം ഛര്‍ദി, വൈറല്‍ പനി, ജലദോഷം, ശക്തമായ ചുമ തുടങ്ങിയ രോഗങ്ങളും പടരുകയാണ്.
കാലാവസ്ഥാ വ്യതിയാനത്തിനൊപ്പം കൊതുകുകളുടെ സാന്ദ്രത വര്‍ധിച്ചതുമാണ് പകര്‍ച്ചവ്യാധിക്കു കാരണമാവുന്നത്. ആരോഗ്യവകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ ഇടവെട്ടി പഞ്ചായത്തിലെ ശാസ്താംപാറ മേഖലയിലും വണ്ണപ്പുറത്തും കൊതുകുകളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതായി കണ്ടെത്തിയിരുന്നു. വേനല്‍ കടുത്തതോടെ ജനങ്ങള്‍ വെള്ളംപിടിച്ചു പാത്രങ്ങളില്‍ ദിവസങ്ങളോളം സൂക്ഷിച്ചുവയ്ക്കുന്നതു കൊതുകു പെരുകാന്‍ ഇടയാക്കുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.
വെള്ളം പിടിച്ചുവയ്ക്കുന്ന പാത്രങ്ങള്‍ കൊതുകും മറ്റും കയറാതെ ശരിയായി മൂടി സൂക്ഷിക്കണമെന്നും വീടിനു പരിസരത്തും പറമ്പിലും മറ്റും വെള്ളം കെട്ടിനില്‍ക്കാനുള്ള സാഹചര്യം ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടി. തൊടുപുഴ നഗരപ്രദേശത്ത് ഇതര സംസ്ഥാന തൊഴിലാളികളില്‍ നടത്തിയ രക്തപരിശോധനയില്‍ മൂന്നുപേര്‍ക്കു മന്തുരോഗത്തിന്റെ അണുക്കള്‍ ഉള്ളതായി ആരോഗ്യവകുപ്പ് അടുത്തിടെ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഊര്‍ജിതമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. മലമ്പനി ലക്ഷണം കണ്ടാല്‍ ഉടന്‍തന്നെ ഡോക്ടറുടെ സേവനം തേടണമെന്നും ആരോഗ്യവകുപ്പ് അധികൃതരെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."