മുന്തൂര് ഏറുപുറം കോളനികളുടെ നവീകരണം ഉടന്‍ ആരംഭിക്കും: മന്ത്രി എ.കെ ബാലന്
കോതമംഗലം: അംബേദ്കര്‍ സ്വാശ്രയ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോതമംഗലം മണ്ഡലത്തിലെ മുന്തൂര്, ഏറുപുറം പട്ടിക ജാതി കോളനികളെ നവീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് പട്ടികജാതിവര്‍ഗ ക്ഷേമമന്ത്രി എ.കെ ബാലന് നിയമസഭയില്‍ വ്യക്തമാക്കി. ഇതിനു വേണ്ടി രണ്ട് കോളനികളിലും ഒരു കോടി രൂപയുടെ വീതം പദ്ധതികളാണ് നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു. അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കോളനികളിലെ നവീകരണ പ്രവര്‍ത്തനം ആരംഭിക്കുന്നത് സംബന്ധിച്ച ആന്റണി ജോണ്‍ എം.എല്‍.എയുടെ ചോദ്യത്തിന് മറുപടി പറയുമ്പോള്‍ ആണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഗതാഗത സൗകര്യം, കുടിവെള്ള വിതരണം, ശുചിത്വ സൗകര്യങ്ങള്‍ തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ രണ്ട് കോളനികളിലും നടപ്പിലാക്കുമെന്നും, ഇതിന്റെ ഭാഗമായി മുന്തൂര് കോളനിയില്‍ കിണര്‍ നിര്‍മാണം, വാട്ടര്‍ ടാങ്ക് നിര്‍മാണം, പമ്പ് ഹൗസ്, വിജ്ഞാനവാടിയുടെ നവീകരണം, റോഡുകളുടെ ടാറിങ്ങ്, വീട് മെയിന്റനന്‍സ് ,റീട്ടെയ്നിങ്ങ് വാള് തുടങ്ങിയ പ്രവര്‍ത്തികളും, ഏറുപുറം കോളനിയില്‍ കള്‍വര്‍ട്ടുകളുടെ നിര്‍മാണം, റോഡ് കോണ്‍ക്രീറ്റിങ്ങ് ,പ്രൊട്ടക്ഷന്‍ വാള്, കിണറിന്റെ നവീകരണം, വീട് മെയ്ന്റനന്‍സ് തുടങ്ങിയ പ്രവര്‍ത്തികളുമാണ് നടപ്പിലാക്കുന്നതെന്നും എസ്റ്റിമേറ്റ് തയാറാക്കി വരികയാണെന്നും എസ്റ്റിമേറ്റ് ലഭിച്ച ഉടന്‍ അംഗീകാരം നല്കി പ്രവര്‍ത്തി ആരംഭിക്കുമെന്നും മന്ത്രി ആന്റണി ജോണ്‍ എം.എല്‍.എയെ നിയമസഭയില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."