മഞ്ഞള്‍ കൃഷിയിലൂടെ പുതിയൊരു കാര്‍ഷിക വിപ്ലവം
പുതുക്കാട്: സഹകരണ മേഖലയിലെ മഞ്ഞള്‍ കൃഷിയിലൂടെ അളഗപ്പനഗറില്‍ പുതിയ കാര്‍ഷിക വിപ്ലവത്തിനാണു തിരിതെളിയുന്നത്. വട്ടണാത്ര, ആമ്പല്ലൂര്‍ സഹകരണ ബാങ്കുകള്‍ ചേര്‍ന്നുള്ള കണ്‍സോര്‍ഷ്യമാണു പഞ്ചായത്തിലെ തരിശു പ്രദേശങ്ങളില്‍ മഞ്ഞള്‍ കൃഷി നടത്തുന്നത്.
25 ഏക്കറില്‍ നടത്തിയ മഞ്ഞള്‍ കൃഷിയുടെ വിളവെടുപ്പും പുതുക്കാട് നിയോജക മണ്ഡലത്തില്‍ മഞ്ഞള്‍ കൃഷി വ്യാപിപ്പിക്കുന്നതിനുള്ള വിത്ത് വിതരണവും ഇന്നലെ നടന്നു.മന്ത്രി വി.എസ് സുനില്‍കുമാര്‍ മണ്ഡലത്തിലെ പത്തു സഹകരണ ബാങ്കുകള്‍ക്കായി 50 ടണ്‍ വിത്താണു വിതരണം ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ മഞ്ഞള്‍ കൃഷിയുടെ വന്‍വിജയമാണു സഹകരണ ബാങ്കുകള്‍ക്കു വന്‍തോതില്‍ കൃഷി നടത്താന്‍ പ്രേരകമായത്. 20 ഏക്കര്‍ സ്ഥലത്ത് 15 ടണ്‍ മഞ്ഞളാണു അന്നു കൃഷി ചെയ്തത്. ഒരേക്കറില്‍ 700 കിലോ മഞ്ഞള്‍ കൃഷി ചെയ്യുകയും പതിനായിരം കിലോ ഉല്‍പാദിപ്പിച്ചതുമാണു കര്‍ഷകര്‍ക്കു ആവേശമായത്. കിലോഗ്രാമിനു 45 രൂപ നിരക്കിലാണു കണ്‍സോര്‍ഷ്യം മഞ്ഞള്‍ സംഭരിക്കുന്നത്. ഒരേക്കര്‍ മഞ്ഞള്‍ കൃഷിയില്‍ നിന്നു ചെലവുകളെല്ലാം കഴിഞ്ഞു രണ്ടു ലക്ഷം രൂപയാണു കര്‍ഷകര്‍ ആദായം പ്രതീക്ഷിക്കുന്നത്.
പഞ്ചായത്ത് പരിധിയിലെ 10 സെന്റു മുതല്‍ 10ഏക്കര്‍ വരെയുള്ള സ്ഥലങ്ങളില്‍ മഞ്ഞള്‍കൃഷി ചെയ്യാനാണു ഉദ്ദേശിക്കുന്നത്. ഇതിനു കര്‍ഷകരും കുടുംബശ്രീ പ്രവര്‍ത്തകരും കൈകോര്‍ക്കും. കുന്നിന്‍ ചെരിവുകളിലും വലിയ കൃഷികള്‍ക്കു ഇടവിളയായും മഞ്ഞള്‍ കൃഷി ചെയ്യും.
കോഴിക്കോട് ഭാരതീയ സുഗന്ധവിളകേന്ദ്രം വികസിപ്പിച്ച പ്രതിഭ ഇനത്തില്‍പ്പെട്ട മഞ്ഞളാണു ഇവിടെ ഉപയോഗിക്കുന്നത്. ഏറ്റവും ചെലവു കുറഞ്ഞ കൃഷി രീതിയാണു പ്രതിഭ മഞ്ഞളിന്റെ സവിശേഷത. ഏപ്രില്‍, മേയ് മാസങ്ങളിലെ പുതുമഴയിലാണു മഞ്ഞള്‍ കൃഷിയിറക്കുന്നത്. പച്ചിലകളും ചാണകം, പൊട്ടാഷ്, ഫാക്ടംഫോസ് എന്നിവയും വളമായി ഉപയോഗിക്കും. ക്യാന്‍സറിനെ പ്രതിരോധിക്കുന്ന കുര്‍ക്കുമിന്‍ 5.6 ശതമാനം അടങ്ങിയിട്ടുണ്ടെന്നതും പ്രതിഭയുടെ പ്രത്യേകതയാണ്. ഇടനിലക്കാരെ ഒഴിവാക്കി കര്‍ഷകര്‍ക്കു മികച്ച ആദായം ലഭ്യമാക്കാനാവുമെന്നതാണു സഹകരണ കണ്‍സോര്‍ഷ്യത്തിന്റെ പ്രധാന സവിശേഷത.
കുര്‍ക്കുമീന്‍ അനുബന്ധ ഉത്പന്നങ്ങള്‍, ശുദ്ധമായ മഞ്ഞള്‍പ്പൊടി എന്നിവ ഉത്പാദിപ്പിക്കുന്ന സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനെ കുറിച്ചും കണ്‍സോര്‍ഷ്യം ആലോചിക്കുന്നുണ്ട്. കര്‍ഷകര്‍ക്കു ആവശ്യമായ വിത്ത്, വളം, കാര്‍ഷികവായ്പ എന്നിവ സഹകരണ ബാങ്കുകള്‍ നല്‍കും.
പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിലൂടെ സബ്‌സിഡിയും കൃഷിഭവനുകള്‍വഴി പരിശീലനവും നല്‍കുന്നുണ്ട്. വട്ടണാത്ര സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എം ചന്ദ്രന്‍ ചെയര്‍മാനും ആമ്പല്ലൂര്‍ സഹകരണ ബാങ്ക് സെക്രട്ടറി എ.എസ് ജിനി കണ്‍വീനറുമായാണു കണ്‍സോര്‍ഷ്യം പ്രവര്‍ത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."