ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്നു; പേരൂരില്‍ സംഭാര യൂനിറ്റിന് തീ പിടിച്ചു
ഏറ്റുമാനൂര്‍: ഗ്യാസ് ഏജന്‍സിയില്‍ നിന്നും പുതുതായി കൊണ്ടുവന്ന് വെച്ച സിലിണ്ടറില്‍ നിന്നും പാചകവാതകം ചോര്‍ന്ന് സംഭാര നിര്‍മ്മാണ യൂനിറ്റിന് തീ പിടിച്ചു. വന്‍ദുരന്തം ഒഴിവായി.
രണ്ട് ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടങ്ങള്‍ സംഭവിച്ചു. പേരൂര്‍ അരയിരം ക്ഷേത്രത്തിനു സമീപം ആണ്ടുകുന്നേല്‍ ഷൈമോന്റെ വക കൃഷ്ണാ സംഭാരനിര്മ്മാണ യൂനിറ്റിലാണ് ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ അഗ്നിബാധ ഉണ്ടായത്. നാട്ടുകാരും കോട്ടയത്ത് നിന്ന് എത്തിയ ഫയര്‍ഫോഴ്സ് സംഘവും ചേര്‍ന്നാണ് തീ അണച്ചത്. സംഭാര യൂനിറ്റിലെ മോട്ടോറുകളും കെട്ടിടത്തിന്റെ മേല്കൂരയും മറ്റും അഗ്നിക്കിരയായി. ഇന്നലെ കുമാരനല്ലൂരിലെ ഗ്യാസ് ഏജന്‍സിയില്‍ നിന്നും കൊണ്ടുവന്ന സിലിണ്ടറിന് ചോര്‍ച്ചയുണ്ടായതാണ് തീ പടരുവാന്‍ കാരണമായത്. ഇതിനു മുമ്പും ഗ്യാസ് സിലിണ്ടറിന് ചോര്ച്ചയുണ്ടായിട്ടുള്ളതായും സിലിണ്ടറിനുള്ളിലെ വാഷര്‍ കമ്പികൊണ്ട് കുത്തി ക്രമീകരിക്കാന്‍ നിര്‍ദ്ദേശം നല്കുന്നതല്ലാതെ വേണ്ട സുരക്ഷാക്രമീകരണങ്ങള്‍ ചെയ്യാന്‍ ഏജന്‍സി തയ്യാറായിരുന്നില്ലെന്നും ഷൈമോന്‍ പറഞ്ഞു. ഇന്നലെ സിലിണ്ടറിന് തീ പിടിച്ച വിവരം അറിയിക്കാന്‍ പല തവണ എജന്‍സിയിലേക്ക് വിളിച്ചിട്ടും ഫോണ്‍ എടുക്കുന്നുണ്ടായിരുന്നില്ല. പിന്നീട് സിലിണ്ടര്‍ എത്തിക്കുന്നയാളെ വിളിച്ചു പറഞ്ഞു. രാത്രി എട്ടര മണിയായിട്ടും അഗ്നിക്കിരയായ സിലിണ്ടര്‍ സ്ഥലത്തുനിന്നും മാറ്റാന്‍ നടപടി ഉണ്ടായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."