സന്തോഷത്തിന്റെ വേരുകള്‍
മനസ്സിന്റെ സുഖവും സന്തോഷവുമാണ് ജീവിതത്തിന് ഊര്‍ജവും ചടുലതയും പകരുന്നത്. വീഴ്ചകളും തോല്‍വികളും ജീവിതത്തിന്റെ താളപ്പിഴയായി മനസ്സിനെ അലോസരപ്പെടുത്തുന്നു. വിജയത്തിന്റെ വഴികളിലാണ് സന്തോഷം സഹയാത്രികനാകുന്നത്. അതുകൊണ്ടുതന്നെ വിജയത്തിന്റെ പ്രതീക്ഷകളിലാണ് ഏതൊരു വിവേകിയും നടത്തം തുടരുന്നത്. ഇവിടെ വിജയത്തിന്റെയും സന്തോഷത്തിന്റെയും വേരുകളാണ് അന്വേഷണവിധേയമാക്കുന്നത്.
അല്ലാഹു പറയുന്നു: 'പുരുഷനോ സ്ത്രീയോ ആകട്ടെ സത്യവിശ്വാസിയായി സല്‍കര്‍മം അനുഷ്ഠിക്കുന്ന ആര്‍ക്കും ഉത്തമമായൊരു ജീവിതം നാം അനുഭവിപ്പിക്കുക തന്നെ ചെയ്യും. തങ്ങളനുവര്‍ത്തിച്ച വിശിഷ്ടകര്‍മങ്ങള്‍ക്കുള്ള കൂലി അവര്‍ക്കു നാം കനിഞ്ഞേകുന്നതാണ് (അന്നഹ്‌ല്- 97). ഇവിടെ 'ഉത്തമമായൊരു ജീവിതം' എന്നതുകൊണ്ട് താല്‍പര്യം വിജയമാണെന്ന് ഇബ്‌നു അബ്ബാസ് (റ) വിശദീകരിക്കുന്നു. അത് എല്ലാ അര്‍ഥത്തിലുമുള്ള സന്തോഷത്തിന്റെ മുഖങ്ങളെ ഉള്‍പ്പെടുത്തുന്നു' (ഇബ്‌നു കസീര്‍).
ഹൃദയത്തിന്റെ സുഖവും സ്വസ്ഥതയുമാണ് ഏറ്റവും പ്രധാനം. അല്ലാഹുവിലുള്ള വിശ്വാസത്തിലും അവനോടുള്ള കറയറ്റ സൗഹൃദത്തിലുമാണ് ഹൃദയം ആഹ്ലാദം കണ്ടെത്തുന്നത്. അല്ലാഹുവിനെ അനുസരിച്ചും അവനിലേക്ക് പശ്ചാത്തപിച്ചും അടുത്തുനില്‍ക്കുന്ന ഹൃദയം സന്തോഷ നിര്‍ഭരമായിരിക്കും. അതിലപ്പുറമുള്ള സന്തോഷമെന്നാല്‍ അത് സ്വര്‍ഗീയ സന്തോഷം മാത്രം. ഒരു സൂഫിവര്യന്റെ മൊഴി ഇങ്ങനെ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു: സ്വര്‍ഗസ്ഥര്‍ എത്രമേല്‍ ഉത്തമ ജീവിതത്തിലാണെന്ന് വിസ്മയിച്ചുപോകുന്ന ചില വേളകള്‍ എനിക്ക് വന്നു ചേരാറുണ്ട്. അല്ലാഹുവിനെ അനുസരിക്കുന്നവര്‍ അനുഭവിക്കുന്ന ആത്മീയ നിര്‍വൃതി, ഹൃദയ സായൂജ്യം, ഉള്‍വെളിച്ചം, സന്തോഷാധിക്യം അവാച്യം തന്നെ.
ഹൃദയം ലക്ഷ്യം നേടിയാല്‍ ശരീരത്തിലെ മറ്റ് അവയവങ്ങളെല്ലാം തന്നെ സജീവവും സക്രിയവുമാകും. ഈ ഊര്‍ജ്വസ്വലത നന്മയുടെ വഴിയില്‍ ബഹുദൂരം ഗമിക്കാന്‍ പ്രചോദനമേകും. ഇരുലോക വിജയങ്ങള്‍ സുനിശ്ചിതമാക്കും. അല്ലാഹു പറയുന്നു: 'വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങളനുഷ്ഠിക്കുകയും ചെയ്യുന്നവര്‍ക്കാണ് സൗഭാഗ്യവും അത്യുദാത്ത സങ്കേതവും' (അല്‍ റഅ്ദ്- 29). ഇവിടെ സൗഭാഗ്യം കൊണ്ട് വിവക്ഷിക്കുന്നത് വിജയത്തിന്റെ ഉറവിടങ്ങളാകുന്ന സര്‍വ സന്തോഷവും കണ്‍കുളിര്‍മയുമാണ്. അത്യുദാത്ത സങ്കേതമെന്നാല്‍ പാരത്രിക ഭവനവുമാണ്. ഇഹത്തില്‍ അല്ലാഹുവിനെ സൂക്ഷിച്ച് ജീവിച്ചവര്‍ക്കുവേണ്ടി പ്രത്യേകം തയാര്‍ ചെയ്യപ്പെട്ടിട്ടുള്ള വിശാല വിസ്തൃത സുഖസമ്പന്ന സന്തോഷ സമ്പൂര്‍ണ സ്വര്‍ഗം. അങ്ങനെ അവര്‍ ഐഹികവും പാരത്രികവുമായ വിജയങ്ങള്‍ നേടിയവരായിത്തീരുന്നതാണ്.
അല്ലാഹുവിനെ കുറിച്ചുള്ള സ്മരണകള്‍ മനുഷ്യമനസ്സിനെ നിര്‍മ്മലമാക്കും. ചാപല്യങ്ങളെ നിര്‍വീര്യമാക്കും. വിഹ്വലതകളെ വിപാടനം ചെയ്യും. സ്രഷ്ടാവുമായുള്ള സൗഹൃദം സ്ഥാപിക്കും. അവന്റെ സഹായത്തിലും സംരക്ഷണത്തിലും താന്‍ സുരക്ഷിതനാണെന്ന് അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തും. അല്ലാഹു പറഞ്ഞു: 'സത്യവിശ്വാസം കൈക്കൊള്ളുകയും ദൈവസ്മരണയാല്‍ മനഃസമാധാനമാര്‍ജിക്കുകയും ചെയ്തവരെ തന്നിലേക്കവന്‍ വഴികാണിക്കുന്നു. അറിയുക, ദൈവസ്മരണ കൊണ്ടുമാത്രമേ ഹൃദയങ്ങള്‍ക്ക് ശാന്തി കൈവരൂ' (അര്‍ റഅ്ദ്- 28).
വിധിയിലുള്ള വിശ്വാസമാണ് ആശ്വാസവും സമാധാനവും നിലനിര്‍ത്തുന്ന മറ്റൊരു ഘടകം. മുസ്‌ലിമിന്റെ അടിസ്ഥാനപരമായ വിശ്വാസകാര്യങ്ങളില്‍ ഒന്നാണിത്. ക്ഷാമത്തിലും ക്ഷേമത്തിലും സന്താപത്തിലും സന്തോഷത്തിലും സ്രഷ്ടാവിനെകുറിച്ചുള്ള പ്രതീക്ഷാ നിര്‍ഭരമായ മനസ്സ് കാത്തുസൂക്ഷിക്കാന്‍ ഈ വിശ്വാസം പ്രചോദനമേകുന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ തളര്‍ന്നുപോകില്ല. പരീക്ഷണങ്ങളില്‍ പരാജയപ്പെടില്ല. വിധിവിശ്വാസം വീഴ്ചകളില്‍ കൈപിടിക്കുന്നു. സാന്ത്വനത്തിന്റെ തലോടലേകുന്നു. വിധിയെ പഴിക്കാതെ, വേപഥുവില്‍ വേവാതെ, വേദനയില്‍ ഉരുകാതെ മനസ്സിന്റെ സന്തുലിതത്വം നിലനിര്‍ത്തുന്നു.
പ്രവാചകര്‍ (സ) പഠിപ്പിച്ചു: നിങ്ങള്‍ക്ക് വല്ല വിപത്തും വന്നെത്തിയാല്‍ നിങ്ങള്‍ പറയരുത്, ഞാന്‍ ഇന്നതെല്ലാം ചെയ്തിരുന്നെങ്കില്‍ ഇങ്ങനെയാകുമായിരുന്നല്ലോ. നിങ്ങള്‍ പറയുക: അല്ലാഹുവിന്റെ വിധി! അവന്‍ ഉദ്ദേശിച്ചതാണ് അവന്‍ ചെയ്യുന്നത്. മറിച്ച്, 'ചെയ്തിരുന്നെങ്കില്‍' എന്ന വിചാരം പിശാചിന്റെ കര്‍മത്തെ തുറന്നുവിടുന്നതാണ് (മുസ്‌ലിം).
ഐഹിക നഷ്ടങ്ങളില്‍ നമുക്ക് മോഹഭംഗം വരരുത്. അത് നമ്മെ തളര്‍ത്തുകയോ നന്മയുടെ വഴിയില്‍ നിന്ന് പിന്തിരിപ്പിക്കുകയോ അരുത്. അല്ലാഹു ഇതിലും ഉത്തമമായ വിജയം തനിക്ക് വേണ്ടി കരുതിവച്ചിട്ടുണ്ടെന്ന് വിശ്വസിക്കുക. നബി(സ) പറഞ്ഞിരിക്കുന്നു: വിശ്വാസിയുടെ കാര്യത്തില്‍ ഞാന്‍ അത്ഭുതപ്പെടുന്നു; അല്ലാഹു അവന് വിധിച്ചതൊക്കെയും നന്മ മാത്രം (അഹ്മദ്). നീ മനസ്സിലാക്കുക: ക്ഷമയോടൊപ്പമാണ് സഹായമുള്ളത്. വേദനയോടൊപ്പമാണ് മുക്തിയുള്ളത്. ഞെരുക്കത്തോടൊപ്പമാണ് എളുപ്പവും (അഹ്മദ്). 'അല്ലാഹു നിനക്ക് വീതം വച്ചതില്‍ നീ സന്തുഷ്ടനെങ്കില്‍ നീയാണ് ജനങ്ങളില്‍ ഏറ്റവും വലിയ ധനികന്‍' (തിര്‍മുദി). 'വിഭവങ്ങളുടെ ധാരാളിത്തമല്ല സമ്പന്നത. സമ്പന്നതയെന്നാല്‍ മനസ്സിന്റെ ഐശ്വര്യമാണ്' (ബുഖാരി, മുസ്‌ലിം). സന്തോഷം നിലനിര്‍ത്താന്‍ ജീവിതത്തിന്റെ മുഖമുദ്രയായിരിക്കേണ്ട എത്ര വലിയ സിദ്ധാന്തങ്ങളാണ് മുഹമ്മദ് (സ) ലളിതമായി പറഞ്ഞുവയ്ക്കുന്നത്. നന്മയും തിന്മയും അല്ലാഹുവിന്റെ തീരുമാനം മൂലമാണെന്ന തിരിച്ചറിവുണ്ടാവുക. അല്ലാഹുവോടെന്നും നല്ല നിലയില്‍ വര്‍ത്തിക്കാന്‍ ശ്രമിക്കുന്ന തനിക്ക് തന്റെ കണക്കുകൂട്ടലുകള്‍ക്കപ്പുറമുള്ള നന്മകളാണ് അവന്‍ കാത്തുവച്ചിട്ടുള്ളതെന്ന് ധൈര്യപ്പെടാനാവുക. എന്നെ സ്‌നേഹിക്കുന്ന എന്റെ സ്രഷ്ടാവ് എനിക്കെന്ത് തീരുമാനിച്ചുവോ അതിലാണെന്റെ തൃപ്തിയെന്ന് ആശ്വസിക്കാനാവുക. അവിടെയാണ് സന്തോഷം അതിന്റെ വേരുകള്‍ കണ്ടെത്തുന്നത്. ഉള്ളതുകൊണ്ട് തൃപ്തിപ്പെടാനായവന്‍ വിജയിച്ചിരിക്കുന്നുവെന്നും അതിനാല്‍ വിജയം കൊതിക്കുന്നവര്‍ അതിനുള്ള മാനസികബലം ആര്‍ജിക്കാന്‍ പരിശീലിക്കണമെന്നും ബുദ്ധിജീവികള്‍ മക്കള്‍ക്ക് ഉപദേശം നല്‍കിയിരുന്നു. ഓജസും ഊര്‍ജവും കെടുത്തിക്കളയുന്ന നൈരാശ്യം പരാജയത്തിന്റെ പടിവാതില്‍ക്കലേക്ക് കൂട്ടിക്കൊണ്ടുപോവാതിരിക്കാനുള്ള കരുതലുണ്ടാവണം.
സന്തോഷത്തിന്റെയും വിജയത്തിന്റെയും നാലു ഘടകങ്ങള്‍ കൂടി തിരുദൂതര്‍ (സ) പരിചയപ്പെടുത്തി: നാലു വിജയ ഘടകങ്ങളുണ്ട്. പതിവ്രതയായ ഭാര്യ, വിശാല ഭവനം, നല്ല അയല്‍ക്കാരന്‍, മേന്മയുള്ള വാഹനം (ഇബ്‌നു ഹിബ്ബാന്‍). അഥവാ വ്യക്തിയുടെ വിജയം സുനിശ്ചിതമാക്കുന്നതില്‍ അവന്റെ കെട്ടുബന്ധങ്ങള്‍ക്കും ചുറ്റുപാടുകള്‍ക്കും അവയുടേതായ പങ്കുണ്ട്. പ്രചോദനം പകരുന്ന സഹധര്‍മ്മിണി, പ്രസന്നത നല്‍കുന്ന ഗൃഹാന്തരീക്ഷം, കാര്യങ്ങള്‍ സുഗമമാക്കുന്ന വാഹനം... എല്ലാം ഒത്തുചേരുന്ന സമൂഹത്തിന്റെ സഹവര്‍ത്തിത്വത്തിലാണ് സന്തോഷത്തിന്റെ കൊണ്ടകൊടുക്കലുകളും അതുവഴി സമാധാനാന്തരീക്ഷവും സാധ്യമാകുന്നത്.
ഒരാളോട് മാപ്പാക്കലും അവന്റെ അറിവില്ലായ്മക്കും അരുതായ്മക്കും താഴ്ന്നു കൊടുക്കലും ഒരു തരത്തിലും കുറച്ചിലല്ല. അപമാനമല്ല. ഉദാത്തമായൊരു ഗുണമാണ് വിട്ടുവീഴ്ച ചെയ്യല്‍. അത് സ്പര്‍ധയുടെ വിനാശ സ്ഫുലിംഗങ്ങളെ ഊതിക്കെടുത്തും. പ്രതികാര ദാഹം ശമിപ്പിക്കും. കാട്ടാള മനസ്സുകളെ മാറിച്ചിന്തിപ്പിക്കും. വാളെടുത്തവനെ നിരായുധനാക്കും. മാപ്പരുളുന്നതിന്റെ മഹത്വം പരാമര്‍ശിക്കുകയും അതിലൂടെ കൈവരിക്കാനാകുന്ന പ്രതിഫലം വമ്പിച്ചതാണെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യുന്ന ഖുര്‍ആനിക വചനങ്ങളാണിവ. പാരത്രിക ലോകത്ത് അല്ലാഹുവിന്റെ സവിധത്തില്‍ അവന്റെ പ്രതിഫലം പാഴായിപ്പോകുന്നതല്ല. ഇഹലോകത്ത് അന്തസ്സും അഭിമാനവും നല്‍കി അല്ലാഹു അവനെ ആദരിക്കുകയും ചെയ്യും. തിരുദൂതര്‍ (സ്വ) പറഞ്ഞു: വിട്ടുവീഴ്ച കൊണ്ട് അടിമക്ക് അന്തസ്സല്ലാതെ അല്ലാഹു വര്‍ധിപ്പിക്കുകയില്ല (മുസ്‌ലിം).
വിട്ടുവീഴ്ചയുടെ സംസ്‌കാരം വരുത്തുന്ന സാമൂഹിക പരിവര്‍ത്തനം വളരെ വലുതാണ്. വിദ്വേഷത്തിന്റെയും പകയുടെയും മാമലകള്‍ മഞ്ഞു കണങ്ങളായി ഉരുകിത്തീരാനും മനസ്സുകള്‍ വിമലീകരിക്കപ്പെടാനും ഹൃദയങ്ങള്‍ ഇണക്കമുള്ളതാവാനും വഴിയൊരുക്കുന്നു. അകല്‍ച്ചയുടെ ദൂരം ഇല്ലായ്മ ചെയ്യാനും ചിതല്‍ പിടിച്ച സ്‌നേഹബന്ധങ്ങള്‍ പൂര്‍വ ശോഭയില്‍ പുതുക്കിപ്പണിയാനും മാപ്പരുളുകള്‍ സക്രിയമാകുന്നു. വര്‍ഷങ്ങള്‍ നീണ്ട പിണക്കങ്ങളുടെ അധ്യായത്തിന് വിരാമമിടാന്‍ മനസ്സലിവിന്റെ ഒരു നിമിഷം മതി. സമൂഹത്തില്‍ തമ്മിലടിയുടെ കെണികളൊരുക്കി തക്കം കാത്തു കഴിയുന്ന പിശാചിനെ നിരാശനാക്കാനും സ്‌നേഹ-സൗഹൃദങ്ങളുടെ ചിരികള്‍ ഊഷ്മളമാക്കാനും പൊറുക്കലുകളുടെ ധന്യ നിമിഷങ്ങള്‍ക്കാകുന്നു.
ദമ്പതികള്‍ക്കിടയിലും വിട്ടുവീഴ്ചകളുടെ വിളക്കിച്ചേര്‍ക്കലുകള്‍ നിലനില്‍ക്കണം. പാകപ്പിഴവുകള്‍ പര്‍വതീകരിക്കപ്പെടാതെയും അളന്നു തൂക്കി കനപ്പെടുത്താതെയും വഴിമുടക്കം സൃഷ്ടിക്കാത്ത വിധം തള്ളിക്കളയാനാവണം. നിസാരമായ പ്രശ്‌നങ്ങളെ പര്‍വതീകരിച്ച് സ്വയം ഉരുകിത്തീരുന്നതിന് പകരം മനസുഖം നേടാനുള്ള വഴികളെ വെട്ടിത്തെളിക്കാനാണ് വിശുദ്ധ ഖുര്‍ആനും തിരുനബി(സ)യും നമുക്ക് കാണിച്ച് തരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."