നവചേതന പദ്ധതി സര്‍വേ: 559 പേരില്‍ 112 നിരക്ഷരര്‍
കല്‍പ്പറ്റ: സാക്ഷരതാ മിഷന്റെ നവചേതന പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലയിലെ പട്ടിക വര്‍ഗ കോളനിയില്‍ നടത്തിയ സര്‍വേയില്‍ 112 പേരെ നിരക്ഷരരായി കണ്ടെത്തി. പട്ടികജാതി വിഭാഗങ്ങളിലെ അവശേഷിക്കുന്ന നിരക്ഷരരെ ഇല്ലാതാക്കുക, പാതി വഴിയില്‍ പഠനം മുടങ്ങിയവര്‍ക്ക് തുടര്‍ പഠനത്തിന് അവസരമൊരുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.
പദ്ധതിയുടെ ഭാഗമായുള്ള ആദ്യഘട്ട സര്‍വേയിലാണ് ഇത്രയും നിരക്ഷരരെ കണ്ടെത്തിയത്. ജില്ലയിലെ പട്ടികജാതി കോളനികളിലെ 158 കുടുംബങ്ങളിലായി 559 പേരാണ് സര്‍വേയില്‍ ഉള്‍പ്പെട്ടത്. ഇതില്‍ 281 പുരുഷന്മാരും 278 സ്ത്രീകളുമായിരുന്നു. നിരക്ഷരരായി കണ്ടെത്തിയ 112 പേരില്‍ 38 പുരുഷന്മാരും 74 സ്ത്രീകളുമാണുള്ളത്.
ഇവര്‍ക്കുള്ള സാക്ഷരതാ പഠന ക്യാംപുകള്‍ ഊര്‍ജ്ജിതമാക്കാനാണ് സാക്ഷരത മിഷന്‍ തീരുമാനം. ഇതിനായി പട്ടിക ജാതി വിഭാഗങ്ങളില്‍ നിന്നുള്ള ഇന്‍സ്ട്രക്ടര്‍മാരെ ഇതിനകം തിരഞ്ഞെടുത്തിട്ടുണ്ട്. ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍, പദ്ധതി നടപ്പാക്കുന്ന കോളനികളിലെ വിദ്യാര്‍ഥികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സര്‍വേ നടത്തിയത്.
സര്‍വേയുടെ അടിസ്ഥാനത്തിലുള്ള നിരക്ഷരരുടെ എണ്ണത്തില്‍ വയനാട് സംസ്ഥാനത്ത് പതിനൊന്നാം സ്ഥാനത്താണുള്ളത്. എന്നാല്‍ ആദ്യഘട്ട സര്‍വേയില്‍ ജില്ലയിലെ വിരലിലെണ്ണാവുന്ന പട്ടികജാതി കോളനികള്‍ മാത്രമാണ് ഉള്‍പ്പെട്ടിട്ടുള്ളത്.
മറ്റു കോളനികളിലെ സര്‍വേ കൂടി പൂര്‍ത്തിയായാല്‍ നിരക്ഷരരുടെ എണ്ണം ഇനിയും കൂടാനാണ് സാധ്യത. ജില്ലയില്‍ മൂന്ന് കോളനികളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്. പട്ടിക ജാതി കോളനികളിലെ നിരക്ഷരര്‍, സ്‌കൂളില്‍ നിന്ന് കൊഴിഞ്ഞുപോയ മുതിര്‍ന്നവര്‍ തുടങ്ങിയവരാണ് പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കള്‍.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ അതാത് കോളനിവാസികളുടെ പങ്കാളിത്തത്തോടെ ജനകീയ കാംപയിനായാണ് പദ്ധതി നടപ്പാക്കുക. നാലുമാസമാണ് സാക്ഷരതാ ക്ലാസിന്റെ ദൈര്‍ഘ്യം. ഇതില്‍ വിജയിക്കുന്നവര്‍ക്ക് നാല്, ഏഴ് തുല്യതാ കോഴ്‌സുകള്‍ നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."