വിവാഹ ഫോട്ടോകളില്‍ മോര്‍ഫിങ് പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് വനിതാ കമ്മിഷന്
കോഴിക്കോട്: വടകരയില്‍ സ്വകാര്യ സ്റ്റുഡിയോ ജീവനക്കാരന് വിവാഹ ഫോട്ടോകളിലെയും വിഡിയോകളിലേയും യുവതികളുടെ ചിത്രങ്ങള്‍ മോര്‍ഫിങ് നടത്തി അശ്ലീല ചിത്രങ്ങള്‍ നിര്‍മിച്ച സംഭവത്തില്‍ നടപടിയെടുക്കാന്‍ വനിതാ കമ്മിഷന് നിര്‍ദേശം. എസ്.പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തണമെന്നും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും കമ്മിഷന് ഉത്തരവിട്ടു.
സംഭവത്തില്‍ കമ്മിഷന് സ്വമേധയാ കേസെടുത്തിട്ടുണ്ട്. അന്വേഷണ പുരോഗതി സംബന്ധിച്ച് രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ പൊലിസ് മേധാവിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അശ്ലീല ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തുണ്ടാക്കിയും നഗ്നചിത്രങ്ങള്‍ ചതിയില്‍ ചിത്രീകരിച്ചും സ്ത്രീകളെ ഭീഷണിപ്പെടുത്തുന്ന സംഭവങ്ങളില്‍ കുറ്റവാളികള്‍ക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പുവരുത്തണമെന്നും വനിതാ കമ്മിഷന് ചെയര്‍പേഴ്സണ്‍ എം.സി. ജോസഫൈന് നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."