ബി.ജെ.പിയില്‍ തുടര്‍ച്ചയായ അവഗണന എസ്.എം കൃഷ്ണ അസംതൃപ്തന്‍
ബംഗളൂരു: മാസങ്ങള്‍ക്ക് മുന്‍പ് ബംഗളൂരുവിലെ എല്ലാ മാധ്യമ ഓഫിസുകളിലേക്കും ബി.ജെ.പിയുടെ മാധ്യമവിഭാഗത്തില്‍ നിന്ന് ഒരു പത്രക്കുറിപ്പ് വന്നു. കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ എസ്.എം കൃഷ്ണ ബി.ജെ.പിയില്‍ ചേരുന്നുവെന്നതു സംബന്ധിച്ചായിരുന്നു വാര്‍ത്ത. മുന്‍ കര്‍ണാടക മുഖ്യമന്ത്രി, കോണ്‍ഗ്രസിന്റെ കര്‍ണാടകയിലെ മിന്നുന്ന രാഷ്ട്രീയ നേതാവ്, കേന്ദ്രവിദേശ കാര്യമന്ത്രി, ഗവര്‍ണര്‍ എന്നീ നിലകളില്‍ കഴിവു തെളിയിച്ച കൃഷ്ണ ബി.ജെ.പിയിലേക്കു പോകുന്നത് കോണ്‍ഗ്രസിനെ ഞെട്ടിച്ചിരുന്നു. എന്നാല്‍ കൃഷ്ണയുടെ കൂടുമാറ്റത്തെ അന്നുതന്നെ കോണ്‍ഗ്രസ് വിമര്‍ശിക്കുകയും ഉപയോഗം കഴിഞ്ഞാല്‍ ബി.ജെ.പി വലിച്ചെറിയുമെന്ന മുന്നറിയിപ്പും നല്‍കി.
ഇപ്പോള്‍ തെരഞ്ഞടുപ്പ് പ്രചാരണ രംഗത്തുപോലും കൃഷ്ണയുടെ സാന്നിധ്യം ബി.ജെ.പി അവഗണിക്കുകയാണ്. ഇതേതുടര്‍ന്ന് അദ്ദേഹം ബി.ജെ.പിയില്‍നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കുന്ന സ്ഥിതിയാണുള്ളത്. കഴിഞ്ഞ ജനുവരിയില്‍ ബി.ജെ.പി അധ്യക്ഷന്‍ ബി.എസ് യദ്യൂരപ്പ നടത്തിയ പരിവര്‍ത്തന്‍ യാത്രയില്‍ കൃഷ്ണയുടെ നാടായ മദ്ദൂരില്‍ മാത്രമാണ് അദ്ദേഹം പങ്കെടുത്തത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത യാത്രയിലുടനീളം ബി.ജെ.പിയുടെ പലനേതാക്കളെയും ക്ഷണിച്ചെങ്കിലും കൃഷ്ണയെ മാത്രം അവഗണിക്കുകയായിരുന്നു. ബി.ജെ.പി നേതാക്കള്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാനും തയാറല്ലെന്നാണ് വിവരം. അതേസമയം ബി.ജെ.പിയുടെ പ്രവര്‍ത്തനരീതിയോട് യോജിച്ചുപോകാന്‍ ഇതുവരെ അദ്ദേഹത്തിനായിട്ടില്ലെന്നത് ശ്രദ്ധേയമാണ്.
ബി.ജെ.പിയിലേക്കു പോയതുമുതല്‍ കൃഷ്ണ അസംതൃപ്തനാണെന്നാണ് അദ്ദേഹവുമായി അടുത്ത ബന്ധമുള്ളവര്‍ പറയുന്നത്. പഴയ മൈസൂരുവിലെ വൊക്കലിംഗ വോട്ടുകള്‍ കിട്ടുന്നതിനായാണ് കൃഷ്ണയെ ബി.ജെ.പി വശത്താക്കിയത്. ഈ മേഖലയില്‍ ബി.ജെ.പിക്ക് ഒരുതരത്തിലുള്ള സ്വാധീനവുമില്ല. അതിനാല്‍ എസ്.എം കൃഷ്ണയെ പാര്‍ട്ടിയിലേക്കു കൊണ്ടുവരാന്‍ അവര്‍ തയാറാവുകയായിരുന്നു. കര്‍ണാടകയുടെ വികസനത്തിനു വലിയ സംഭാവന നല്‍കിയ വ്യക്തിയാണ് എസ്.എം കൃഷ്ണ. അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന 1999-2004 കാലഘട്ടത്തിലാണ് ബംഗളൂരുവിന്റെ മുഖച്ഛായ മാറ്റുന്ന വികസനമുണ്ടായത്.
അതേസമയം കോണ്‍ഗ്രസില്‍നിന്ന് രാജിവച്ച് അദ്ദേഹം ബി.ജെ.പിയിലേക്കു പോയത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക്, പ്രത്യേകിച്ചും മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് വലിയ സന്തോഷമാണ് ഉണ്ടാക്കിയിരുന്നത്. ഇരുനേതാക്കളും ഒരിക്കല്‍ പോലും സൗഹൃദത്തിലായിരുന്നില്ല. ഇതിനിടെ മാണ്ഡ്യ ജില്ലയിലെ മദ്ദൂര്‍ മണ്ഡലത്തിലോ ബംഗളൂരുവിലെ രാജരാജേശ്വരി നഗറിലോ മത്സരിക്കാന്‍ എസ്.എം കൃഷ്ണ തന്റെ മകള്‍ക്ക് ടിക്കറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിക്കാന്‍ ബി.ജെ.പി കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ തയാറായിട്ടില്ല. പല പാര്‍ട്ടി മീറ്റിങ്ങുകളിലും എസ്.എം കൃഷ്ണ പങ്കെടുക്കാത്തത് ചൂണ്ടിക്കാട്ടിയപ്പോള്‍ മുതിര്‍ന്ന നേതാവിന് എല്ലാ ആദരങ്ങളും തങ്ങള്‍ നല്‍കുന്നുണ്ടെന്നാണ് യദ്യൂരപ്പ പറഞ്ഞത്. എന്നാല്‍ ബി.ജെ.പിയില്‍ നിന്ന് തുടര്‍ച്ചയായുണ്ടാകുന്ന അവഗണനയെ തുടര്‍ന്നാണ് അദ്ദേഹം നിശബ്ദനായതെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."