നോക്കുകൂലിയും സി.പി.ഐ കൈക്കൂലിയും
സി.പി.ഐയുമായും റവന്യൂവകുപ്പുമായും ബന്ധപ്പെട്ട മിച്ചഭൂമി ഇടപാട് ആരോപണമെന്ന വലിയൊരു ആയുധവുമായാണ് പ്രതിപക്ഷം ഇന്നലെ സഭയിലെത്തിയത്. പ്രതിപക്ഷനിരയിലെ ആശയക്കുഴപ്പവും ധാരണാപ്പിശകും ചേര്‍ന്നപ്പോള്‍ അതൊരു സാധാരണ പ്രതിഷേധം മാത്രമായി ഒതുങ്ങി. എന്നാല്‍, പിന്നീട് നിക്ഷേപം പ്രോത്സാഹിപ്പിക്കല്‍ ബില്ലിന്മേല് നടന്ന ചര്‍ച്ചയിലും വിഷയം പലതവണ ഉയര്‍ന്നുവന്നു.
വയലുകള്‍ക്കു മുകളില്‍ കഴുകന്‍മാര്‍ പറക്കുന്നു എന്നാണ് മന്ത്രി ജി. സുധാകരന്‍ നേരത്തെ പറഞ്ഞതെന്നും എന്നാല്‍, ഇപ്പോള്‍ സര്‍ക്കാര്‍ ഭൂമിക്കു മുകളിലാണ് കഴുകന്‍മാര്‍ പറക്കുന്നതെന്നും അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയ വി.ഡി സതീശന്‍. എം.എന്‍ ഗോവിന്ദന്‍ നായരുടെയും സി. അച്യുതമേനോന്റെയും പാര്‍ട്ടി ഇത്രയേറെ അധഃപതിച്ചതില്‍ ദുഃഖമുണ്ടെന്നും സതീശന്‍. വിജയന്‍ ചെറുകരയും കുഞ്ഞിമുഹമ്മദും എം.എന്‍ സ്മാരകത്തില്‍ വന്നാണ് ഭൂമിക്കച്ചവടം ഉറപ്പിച്ചതെന്നും അതുകൊണ്ട് ആരോപണത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും കെ.എം മാണി. ആരോപണത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും വിഷയം രാഷ്ട്രീയമായി തിരിച്ചുവിടരുതെന്നും മന്ത്രി ഇ. ചന്ദ്രശേഖരന്റെ അഭ്യര്‍ഥന. സി.പി.ഐയുടെ ആദര്‍ശത്തിന്റെ പൂച്ച് പുറത്തുചാടിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് അംഗങ്ങള്‍ ആദ്യം സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം തുടങ്ങി. സ്പീക്കറുടെ വേദിക്കരികിലേക്ക് നീങ്ങി അവര്‍ ഉച്ചത്തില്‍ മുദ്രാവാക്യം മുഴക്കിയപ്പോള്‍ സഭ പ്രക്ഷുബ്ധമായേക്കുമെന്ന പ്രതീതിയുണ്ടായി. എന്നാല്‍, പെട്ടെന്ന് ചെന്നിത്തല അവരെ തിരിച്ചുവിളിക്കുകയും തങ്ങള്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോകുകയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. കേരള കോണ്‍ഗ്രസ് (എം) അംഗങ്ങളും ഒ. രാജഗോപാലും യു.ഡി.എഫ് അംഗങ്ങള്‍ക്കു പിന്നാലെ ഇറങ്ങിപ്പോയി. നിക്ഷേപം പ്രോത്സാഹിപ്പിക്കല്‍ ബില്ലിന്മേല് നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിപക്ഷാംഗങ്ങളെല്ലാം തന്നെ ഈ വിഷയത്തില്‍ എല്‍.ഡി.എഫിനു വന്ന മനംമാറ്റത്തെ അഭിനന്ദിച്ചെങ്കിലും സംസ്ഥാനത്തു നോക്കുകൂലി വ്യാപകമാകുന്നതിലെ ആശങ്ക പങ്കുവച്ചു. നിക്ഷേപകര്‍ക്കു സൗകര്യപ്രദമായി എത്ര നിയമങ്ങള്‍ ഉണ്ടാക്കിയാലും നോക്കുകൂലി തടയാനായില്ലെങ്കില്‍ നിക്ഷേപകര്‍ സംസ്ഥാനത്തേക്കു വരില്ലെന്ന് പി.ടി തോമസ്.
നടന്‍ സുധീര്‍ കരമനയോട് ചുമട്ടുതൊഴിലാളികള്‍ നോക്കുകൂലി വാങ്ങിയ സംഭവം കേരളത്തക്കുറിച്ചു തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് കെ.സി ജോസഫ്. നോക്കുകൂലിക്ക് ഒരുകാലത്തു വളംവച്ചുകൊടുത്തത് സി.പി.എമ്മാണെന്ന് ടി.വി ഇബ്രാഹിം. സി.ഐ.ടി.യുക്കാരെ നോക്കുകൂലിയിലൂടെ നിലനിര്‍ത്തി പാര്‍ട്ടിയുടെ ആവശ്യങ്ങള്‍ക്കു വേണ്ടി അക്രമത്തിന് ഉപയോഗിക്കുകയാണ് ചെയ്തിരുന്നതെന്നും ഇബ്രാഹിം. വ്യവസായ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള അധികാരം എടുത്തുമാറ്റി അവയുടെ സെക്രട്ടറിമാര്‍ക്കു നല്‍കുന്നത് അധികാര വികേന്ദ്രീകരണത്തിന് എതിരാണെന്ന് മഞ്ഞളാംകുഴി അലി. ഇടതുപക്ഷം അധികാരത്തില്‍ വന്നപ്പോഴൊക്കെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരം കവര്‍ന്നെടുത്തിട്ടുണ്ടെന്നും അലി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."