വയനാട്ടിലെ ഭൂമി തട്ടിപ്പ് വേണ്ടത് ജുഡീഷ്യല്‍ അന്വേഷണം
സി.പി.ഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകരയും ഡെപ്യൂട്ടി കലക്ടറും ഉള്‍പ്പെട്ട മിച്ചഭൂമി തട്ടിപ്പ് നിയമസഭയില്‍ ഇന്നലെ പ്രക്ഷുബ്ധരംഗങ്ങള്‍ക്കാണ് ഇടയാക്കിയത്. ഇത് സംബന്ധിച്ച് വി.ഡി സതീഷന്‍ നല്‍കിയ അടിയന്തരപ്രമേയ നോട്ടീസ് ചര്‍ച്ച ചെയ്യുന്നതിന് സ്പീക്കര്‍ അനുമതി നിഷേധിച്ചുവെങ്കിലും വിഷയം ഉന്നയിക്കാനുള്ള നീക്കം തടയണമെന്ന സി.പി.ഐ നേതാവ് സി. ദിവാകരന്റെ ആവശ്യം സ്പീക്കര്‍ നിരാകരിച്ചത് ശ്രദ്ധേയം തന്നെ.
വയനാട്ടിലെ കോട്ടത്തറ വില്ലേജില്‍ നാലരയേക്കര്‍ മിച്ചഭൂമി റിസോര്‍ട്ട് നിര്‍മാണത്തിനായി തരപ്പെടുത്തി കൊടുക്കുവാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് സി.പി.ഐ ജില്ലാ സെക്രട്ടറിയും ഡെപ്യൂട്ടി കലക്ടറും ആരോപണവിധേയരായത്.
ഇന്നലെ ചേര്‍ന്ന സി.പി.ഐ ജില്ലാ കൗണ്‍സില്‍ യോഗം വിജയന്‍ ചെറുകരയെ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയെങ്കിലും ഭൂമി തട്ടിപ്പ് സംബന്ധിച്ച് ശരിയായ വിവരം പുറത്തുവരേണ്ടതുണ്ട്.
കൈകൂലി വാങ്ങിയ ഡെപ്യൂട്ടി കലക്ടറെ സസ്‌പെന്റ് ചെയ്തിട്ടുണ്ടെന്നും ലാന്റ് റവന്യൂ കമ്മിഷണറോട് അന്വേഷിക്കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്നുമുള്ള റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്റെ മറുപടി തൃപ്തികരമല്ല. ചെങ്ങറ ഭൂസമരക്കാര്‍ക്ക് അനുവദിച്ചുകിട്ടിയ ഭൂമിയാണ് സി.പി.ഐ ജില്ലാ സെക്രട്ടറിയും ഡെപ്യൂട്ടി കലക്ടറും ചേര്‍ന്ന് വ്യാജരേഖയുണ്ടാക്കി മറിച്ച് വില്‍ക്കാന്‍ ശ്രമിച്ചത്.
20 ഏക്കര്‍ ഭൂമി റിസോര്‍ട്ടിനായി കിട്ടുമോ എന്ന് ആരാഞ്ഞ് സ്വകാര്യ ചാനല്‍ റിപ്പോര്‍ട്ടര്‍ നടത്തിയ ഒളികാമറ ഓപ്പറേഷനിലാണ് സി.പി.ഐ ജില്ലാ സെക്രട്ടറിയും ഡെപ്യൂട്ടി കലക്ടറും കുടുങ്ങിയത്. ഇതൊരു ട്രാപ്പാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് താന്‍ ഇതിന് നിന്നുകൊടുത്തതെന്ന സി.പി.ഐ സെക്രട്ടറിയുടെ വിശദീകരണം അംഗീകരിക്കാനാവില്ല. എങ്കില്‍ എന്തിനാണ് ചാനല്‍ ലേഖകനെ വഴി നടക്കാന്‍ അനുവദിക്കുകയില്ലെന്ന് അതേ ചാനല്‍ ചര്‍ച്ചയില്‍ തന്നെ സെക്രട്ടറി ഭീഷണിമുഴക്കിയത്. എന്തോ ഒളിക്കാനുണ്ടെന്ന സന്ദേശമല്ലേ ഇതുവഴി സെക്രട്ടറി പൊതുസമൂഹത്തിന് നല്‍കിയത്. വിജിലന്‍സ് അന്വേഷണം കഴിയുന്നത് വരെ താന്‍ മാറിനില്‍ക്കാമെന്ന് അവസാനം അദ്ദേഹത്തിന് സമ്മതിക്കേണ്ടിയും വന്നു. മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ച വിജിലന്‍സ് അന്വേഷണം എത്രമാത്രം ഫലപ്രദമാകുമെന്ന കാര്യത്തില്‍ സംശയമുണ്ട്. നേരത്തേ ഇതുപോലെ അഞ്ച് ഏക്കര്‍ ഭൂമാഫിയ കൈയേറിയ സംഭവം അന്വേഷിച്ച് ക്രൈംബ്രാഞ്ചിന് റിപ്പോര്‍ട്ട് നല്‍കിയതായിരുന്നു. എന്നാല്‍, തുടര്‍നടപടിയുണ്ടായില്ല. വിജിലന്‍സ് സര്‍ക്കാരിന്റെ ഭാഗമാണെന്നിരിക്കെ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന ഒരന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സില്‍ നിന്നുവരുമെന്ന് പ്രതീക്ഷിക്കാന്‍ വയ്യ. നിയമസഭയില്‍ റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്റെ മറുപടിയില്‍ തൃപ്തരാകാതെ പ്രതിപക്ഷം പ്രതിഷേധിച്ചപ്പോഴാണ് മുഖ്യമന്ത്രി തന്റെ മറുപടി പ്രസംഗത്തില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്.
അഴിമതിക്കും ഭൂമാഫിയകള്‍ക്കുമെതിരെയാണ് തങ്ങള്‍ നിലകൊള്ളുന്നതെന്ന പ്രതിച്ഛായ സമൂഹത്തില്‍ ഏറക്കുറെ ഉറപ്പിച്ച സി.പി.ഐക്ക് ഓര്‍ക്കാപ്പുറത്തേറ്റ പ്രഹരം തന്നെയാണ് വയനാട്ടിലെ ഭൂമി തട്ടിപ്പ്. മൂന്നാര്‍ ഭൂമി കൈയേറ്റത്തില്‍ ഭൂമാഫിയകള്‍ക്കെതിരെ സി.പി.എമ്മിന്റെ ഏതിര്‍പ്പ്‌പോലും വകവയ്ക്കാതെ ഉറച്ച നിലപാടുമായി മുന്നോട്ട്‌പോയ സി.പി.ഐ പൊതുസമൂഹത്തില്‍ മതിപ്പുളവാക്കിയിരുന്നു. മൂന്നാറിലെയും ഇടുക്കിയിലെയും ആദിവാസികളുടെ ഭൂമി കൈയേറിയ വിഷയത്തിലൂന്നിയായിരുന്നു സി.പി.ഐ സി.പി.എമ്മുമായി കൊമ്പുകോര്‍ത്തിരുന്നത്. ഈ വിഷയത്തില്‍ ഏറ്റവുമവസാനത്തേതാണ് മൂന്നാറിലെ വിവാദ റിസോര്‍ട്ടായ ലവ്‌ഡെയില്‍ കോടതി വിധിയുടെ ആനുകൂല്യത്തോടെ ഒഴിപ്പിക്കാന്‍ കഴിഞ്ഞത്. കോടതി വിധിയെത്തുടര്‍ന്ന് ഈ റിസോര്‍ട്ട് കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. നേരത്തെ റവന്യൂ വകുപ്പ് ഇത് ഏറ്റെടുക്കുവാന്‍ തുനിഞ്ഞപ്പോള്‍ ഏതിര്‍പ്പുമായി മന്ത്രി എം.എം മണി രംഗത്ത് വരികയും ഏറ്റെടുക്കരുതെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുകയും ചെയ്തിരുന്നു. കൈയേറ്റം ഒഴിപ്പിക്കാന്‍ മുമ്പില്‍ നിന്ന സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് ഇതേത്തുടര്‍ന്നാണ് സ്ഥാന ചലനം ഉണ്ടായത്. ഹൈക്കോടതി വിധി സി.പി.എമ്മിന് പ്രഹരമാവുകയും സി.പി.ഐക്ക് നേട്ടമാവുകയും ചെയ്തു.
സി.പി.ഐയുടെ ഈ വിജയാഘോഷത്തിന്റെ പൊലിമ നിലനില്‍ക്കുമ്പോഴാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന് കനത്ത ആഘാതം നല്‍കിക്കൊണ്ടുള്ള സി.പി.ഐ വയനാട് ജില്ലാ സെക്രട്ടറിയുടെ പങ്ക് പുറത്ത് വന്നിരിക്കുന്നത്. പാര്‍ട്ടി തലത്തിലുള്ള അന്വേഷണത്തിന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും പാര്‍ട്ടിക്കേറ്റ ക്ഷീണം അടുത്ത കാലത്തൊന്നും മാഞ്ഞുപോവുകയില്ല. മാഞ്ഞുപോകണമെങ്കില്‍ ആരോപണവിധേയനായ ജില്ലാ സെക്രട്ടറിയെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കുകയാണ് വേണ്ടത്. സി.പി.ഐ ഉയര്‍ത്തുന്ന അഴിമതി വിരുദ്ധ മുദ്രാവാക്യവും ഭൂമാഫിയകള്‍ക്കെതിരെ നടത്തുന്ന സമരവും ആത്മാര്‍ഥതയുള്ളതാണെന്ന് അപ്പോള്‍ മാത്രമേ ജനം വിശ്വസിക്കുകയുള്ളൂ. ഒരുവശത്ത് അഴിമതി വിരുദ്ധ പാര്‍ട്ടിയായും മറുവശത്ത് റവന്യൂ വകുപ്പും നേതാക്കളും ചേര്‍ന്ന് ഭൂമി തട്ടിപ്പു നടത്തുകയുമാണെന്നുള്ള ആരോപണത്തിന് സി.പി.ഐക്ക് മറുപടി പറയേണ്ടിവരും. രാഷ്ട്രീയ നേതാക്കളും ഉയര്‍ന്ന ഉദ്യോഗസ്ഥരും പങ്കാളികളാകുന്ന ഭൂമി തട്ടിപ്പുപോലുള്ള കേസുകള്‍ വിജിലന്‍സിലൂടെ തെളിയണമെന്നില്ല. ആദര്‍ശം പറയുന്ന സി.പി.ഐ ഭൂമി തട്ടിപ്പിന് കൂട്ടുനിന്നുവെന്ന പഴിയായിരിക്കും പിന്നീട് കേള്‍ക്കേണ്ടി വരിക. അതിനാല്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് സി.പി.ഐ തന്നെ ആവശ്യപ്പെടുകയായിരിക്കും അഭികാമ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."