സഊദിയില്‍ സമ്മേളനങ്ങളില്‍ അറബി ഭാഷ നിര്‍ബന്ധമാക്കി
ജിദ്ദ: സഊദിയില്‍ സെമിനാറുകള്‍, പരിശീലനങ്ങള്‍, സമ്മേളനങ്ങള്‍, ശില്‍പ്പശാലകള്‍ തുടങ്ങിയവ സംഘടിപ്പിക്കുന്നതിന് പുതിയ നിബന്ധനകളുമായി സഊദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്റ് നാഷനല്‍ ഹെറിറ്റേജ്. മേഖലയുടെ വളര്‍ച്ച ലക്ഷ്യമിട്ടും അവ കാര്യക്ഷമമാക്കുന്നതിനു വേണ്ടിയുമാണ് പുതിയ വ്യവസ്ഥകള്‍ മുന്നോട്ടുവച്ചതെന്ന് കമ്മീഷന്‍ പ്രസിഡന്റ് സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു.
സമ്മേളനങ്ങളുടെ ഔദ്യോഗിക ഭാഷ അറബി ആയിരിക്കണമെന്നതാണ് നിബന്ധനകളിലൊന്ന്. ഇതര ഭാഷകളിലാണ് സമ്മേളനം നടക്കുന്നതെങ്കില്‍ അവയുടെ അറബി പരിഭാഷ ലഭ്യമാക്കുന്നതിനുള്ള സംവിധാനം ഉണ്ടായിരിക്കണം. സമ്മേളനങ്ങളില്‍ ചുരുങ്ങിയത് 50 പേരെങ്കിലും പങ്കെടുക്കണമെന്നുള്ളതാണ് മറ്റൊരു നിബന്ധന. ശില്‍പ്പശാല, പരിശീലനങ്ങള്‍ തുടങ്ങിയവ സംഘടിപ്പിക്കുന്നതില്‍ പ്രഫഷനലിസം കൊണ്ടുവരുന്നതിനും ഈ മേഖലയുടെ നിലവാരം ഉയര്‍ത്തുന്നതിനുമായാണ് പുതിയ നിബന്ധനകളെന്ന് സഊദി എക്‌സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ ബ്യൂറോയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ താരിഖ് അല്‍ ഇസ്സ അറിയിച്ചു.
ബിസിനസ് സമ്മേളനങ്ങള്‍, വാണിജ്യ പ്രദര്‍ശനങ്ങള്‍ എന്നിവയുടെ നിലവാരം മെച്ചപ്പെടുത്തുകയാണ് ഭരണകൂടത്തിന്റെ ലക്ഷ്യം. സമ്മേളനങ്ങളുടെ സമയം ചുരുങ്ങിയത് നാല് മണിക്കൂറെങ്കിലും ഉണ്ടായിരിക്കണം. പരമാവധി ഏഴ് ദിവസം വരെ നീളാം. ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന ഹാളുകള്‍, യൂനിവേഴ്‌സിറ്റി കോണ്‍ഫറന്‍സ് ഹാളുകള്‍, ഹോട്ടലുകളിലെയും മറ്റും പ്രത്യേകം സജ്ജമാക്കിയ മുറികള്‍ എന്നിവിടങ്ങളില്‍ മാത്രമേ സമ്മേളനങ്ങള്‍ സംഘടിപ്പിക്കാവൂ എന്നും പുതിയ നിബന്ധനകളിലുണ്ട്. നിയമവിധേയമായി കലാസ്വാദന പരിപാടികളും സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കാം. ശില്‍പ്പശാലകള്‍ സംഘടിപ്പിക്കുന്നവര്‍ ചുരുങ്ങിയത് നാല് ദിവസം മുമ്പെങ്കിലും ഇതിനുള്ള പോര്‍ട്ടല്‍ വഴി അനുമതിക്ക് അപേക്ഷിക്കണം. രണ്ട് ദിവസങ്ങള്‍ക്കകം അനുമതി ലഭിക്കുന്ന വിധത്തിലാണ് കാര്യങ്ങള്‍ സജ്ജമാക്കിയിട്ടുള്ളതെന്ന് അല്‍ ഇസ്സ പറഞ്ഞു.
പ്രഭാഷണങ്ങള്‍, പരിശീലനങ്ങള്‍ എന്നിവ സംഘടിപ്പിക്കുന്നവര്‍ ചുരുങ്ങിയത് 90 ദിവസം മുമ്പെങ്കിലും അപേക്ഷ നല്‍കണം. അപേക്ഷകളില്‍ പരമാവധി ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."