കൊടുങ്കാറ്റായി കെ.എല്‍ രാഹുല്‍
ചണ്ഡീഗഢ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന് വിജയം. സ്വന്തം തട്ടകത്തില്‍ അവര്‍ ഡല്‍ഹി ഡയര്‍ഡെവിള്‍സിനെ പരാജയപ്പെടുത്തി. ആറ് വിക്കറ്റിനാണ് പഞ്ചാബിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെന്ന ഭേദപ്പെട്ട സ്‌കോര്‍ നേടിയപ്പോള്‍ പഞ്ചാബ് 18.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുത്ത് വിജയിക്കുകയായിരുന്നു.
167 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പഞ്ചാബിനെ കെ.എല്‍ രാഹുല്‍ നേടിയ റെക്കോര്‍ഡ് അര്‍ധ സെഞ്ച്വറി അനായാസ വിജയത്തിലേക്ക് നയിച്ചു. 14 പന്തില്‍ അര്‍ധ സെഞ്ച്വറി തികച്ച് രാഹുല്‍ ഐ.പി.എല്ലിലെ ഏറ്റവും വേഗതയാര്‍ന്ന അര്‍ധ സെഞ്ച്വറിയെന്ന റെക്കോര്‍ഡ് സ്വന്തം പേരിലാക്കി. 15 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയ സുനില്‍ നരെയ്ന്‍, യൂസുഫ് പത്താന്‍ എന്നിവരുടെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണ് രാഹുല്‍ പഴങ്കഥയാക്കിയത്. ഓപണറായി ഇറങ്ങിയ താരം 16 പന്തുകള്‍ നേരിട്ട് ആറ് ഫോറും നാല് സിക്‌സും സഹിതം 51 റണ്‍സടിച്ച് പഞ്ചാബിന് ശക്തമായ അടിത്തറയിട്ടാണ് മടങ്ങിയത്. പിന്നീടെത്തിയ കരുണ്‍ നായര്‍ 33 പന്തില്‍ 50 റണ്‍സെടുത്ത് വിജയത്തിനടുത്തെത്തിച്ചു. പുറത്താകാതെ നിന്ന് ഡേവിഡ് മില്ലര്‍ (24), സ്റ്റോയിനിസ് (22) എന്നിവര്‍ ചേര്‍ന്ന് പഞ്ചാബിന്റെ വിജയം ഉറപ്പാക്കി. രാഹുല്‍ തന്നെ കളിയിലെ കേമന്‍.
നേരത്തെ ടോസ് നേടി പഞ്ചാബ് ഡല്‍ഹിയെ ബാറ്റിങിനയക്കുകയായിരുന്നു. ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ നേടിയ അര്‍ധ സെഞ്ച്വറിയുടെ മികവിലാണ് ഡല്‍ഹി ഭേദപ്പെട്ട സ്‌കോറിലെത്തിയത്. നായകന്‍ 42 പന്തില്‍ 55 റണ്‍സെടുത്തു. റിഷഭ് പന്ത് (28), ക്രിസ് മോറിസ് (പുറത്താകാതെ 27) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി.
പഞ്ചാബിനായി അഫ്ഗാന്‍ കൗമാര താരം മുജീബ് റഹ്മാന്‍ അരങ്ങേറി. ഇതോടെ ഐ.പി.എല്ലില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും 17കാരനായ താരം സ്വന്തമാക്കി. രണ്ട് വിക്കറ്റെടുത്ത് അരങ്ങേറ്റം അവിസ്മരണീയമാക്കനും അഫ്ഗാന്‍ താരത്തിനായി. പഞ്ചാബിനായി മോഹിത് ശര്‍മയും രണ്ട് വിക്കറ്റെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."