മതേതര മൂല്യങ്ങള്‍ക്ക് മങ്ങലേല്‍ക്കാതിരിക്കാന്‍ കരുതല്‍ നടപടികള്‍ വേണം: സമദാനി
ഫറോക്ക്: രാജ്യത്തിന്റെ സുന്ദരമായ മതേതര മൂല്യങ്ങള്‍ക്കും പരസ്പര സഹവര്‍ത്തിത്വത്തിനും മങ്ങലേല്‍ക്കാതിരിക്കാന്‍ കരുതല്‍ നടപടികള്‍ വേണമെന്ന് മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി എം.പി അബ്ദുസ്സമദ് സമദാനി അഭിപ്രായപ്പെട്ടു.
താല്‍ക്കാലിക ലാഭത്തിനുവേണ്ടി വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്കു നേരെ മൗനം ദീക്ഷിച്ചാല്‍ വരുംതലമുറ വലിയ വിലനല്‍കേണ്ടിവരും. മാനുഷിക മൂല്യങ്ങളില്‍ ഏറ്റവും ഉദാത്തമായ വലിയവരോടുള്ള ആദരവും ചെറിയവരോടുള്ള കാരുണ്യവും നഷ്ടപ്പെട്ട സമൂഹത്തില്‍ അസഹിഷ്ണുത എളുപ്പത്തില്‍ വേരൂന്നാന്‍ സഹായകമാവും. ഏതു തരത്തിലുള്ള അനുഗ്രഹങ്ങളും അനുഭവിക്കുമ്പോള്‍ അതിന് പിന്നില്‍ ത്യാഗം ചെയ്ത പൂര്‍വികരെ നാം ഓര്‍ക്കാന്‍ ശ്രമിക്കണമെന്നും സമദാനി കൂട്ടിച്ചേര്‍ത്തു.
മുസ്‌ലിം ലീഗ് എഴുപതാം വാര്‍ഷികത്തോടനുബന്ധിച്ച് ഫറോക്ക് മുനിസിപ്പല്‍ മുസ്‌ലിം ലീഗ് കമ്മറ്റി നടത്തിയ തലമുറ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സന്തോഷ് ട്രോഫി താരം ജിയാദ് ഹസ്സനും എം.ബി.ബി.എസ് പരീക്ഷയില്‍ ഉന്നതവിജയം നേടിയ ഡോ. സോന അഷറഫിനും ഉപഹാരങ്ങള്‍ നല്‍കി. 70 വയസു കഴിഞ്ഞ പഴയകാല പ്രവര്‍ത്തകരെ ആദരിക്കല്‍ ചടങ്ങ് ജില്ലാ പ്രസിഡന്റ് ഉമര്‍ പാണ്ടികശാല ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ആക്ടിങ് പ്രസിഡന്റ് സി.എച്ച് സൈതലവി അധ്യക്ഷനായി.
എം.സി മായിന്‍ ഹാജി, എന്‍.സി അബ്ദുല്‍ റസാഖ്, ടി.പി ആരിഫ് തങ്ങള്‍, എ.പി മുഹമ്മദ് ബഷീര്‍, കെ.പി മുഹമ്മദലി, അസ്‌ക്കര്‍ ഫറോക്ക്, പി.വി ഷാഹുല്‍ ഹമീദ്, പി. അബ്ദുല്‍ മജീദ്, വീരാന്‍ വേങ്ങാട്ട്, സമദ് പെരുമുഖം, കബീര്‍ കല്ലമ്പാറ, കെ.പി സുബൈര്‍, സലാം മാട്ടുമ്മല്‍, ശിഹാബ് നല്ലളം, കെ. അബ്ദുല്‍ വാഹിദ്, ഷഫീഖ് അരക്കിണര്‍, ശംസീര്‍ പാണ്ടികശാല, റഹൂഫ് പുറ്റെക്കാട്, കെ.സി ശ്രീധരന്‍, പി.കെ അബ്ദുല്‍ സലാം, യാസിര്‍ കരുവന്‍തിരുത്തി സംസാരിച്ചു. വി. മുഹമ്മദ് ബഷീര്‍ സ്വാഗതവും പി.കെ ജാഫര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."