സങ്കേതത്തിലെ പ്രശ്‌നബാധിത പ്രദേശങ്ങളില്‍ പരിശോധന നടത്തി
സുല്‍ത്താന്‍ ബത്തേരി: വയനാട് വന്യജീവിസങ്കേതത്തില്‍ പെടുന്ന കുറിച്യാട് റെയിഞ്ചില്‍ കാട്ടാന വെടിയേറ്റ് ചരിഞ്ഞ സംഭവത്തില്‍ വനം വകുപ്പ് അന്വേഷണം പുരോഗമിക്കുന്നു. അന്വേഷണത്തിന്റെ ഭാഗമായി സങ്കേതവുമായി ബന്ധപെട്ട് കിടക്കുന്ന പ്രശ്‌ന ബാധിത പ്രദേശങ്ങളില്‍ വനം വകുപ്പ് പരിശോധന നടത്തി. ഈ ഭാഗങ്ങളില്‍ വന്യമൃഗങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളും വനം വകുപ്പിന്റെ കേസില്‍ കുടുങ്ങിയതുമായ ആളുകളെ കേന്ദ്രീകരിച്ചുള്ള വിവരങ്ങളാണ് വനം വകുപ്പ് അന്വേഷണം വിഭാഗം പരിശോധിച്ചത്. ആനക്ക് വെടിയേറ്റതായി പറയുന്ന സമയത്ത് ഇതുവഴി കടന്നുപോയ വാഹനങ്ങള്‍, ഈ സമയം ഈ ഭാഗത്ത് പ്രവര്‍ത്തിച്ചിരുന്ന മൊബൈല്‍ ഫോണുകള്‍ എന്നിവയാണ് പരിശോധനക്ക് വിധേയമാക്കിയത്.
അയല്‍ സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. വന്യജീവി സങ്കേതം വനമേഖലകളില്‍ തോക്ക് ഉപയോഗിക്കാന്‍ അറിയുന്നവരെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇതിനു പുറമെ വനപാതയില്‍ 12-ാളം കാമറകളും സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ആനയെ വെടിവച്ചതുമായി ബന്ധപെട്ട് കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ല എന്നാണ് വനം വകുപ്പില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍.
ജില്ലാ കലക്ടറുടെ നിര്‍ദേശാനുസരണം ഒരു ടീമും വൈല്‍ഡ്‌ലൈഫ് വാര്‍ഡന്റെ നേതൃത്വത്തില്‍ മൂന്ന് ടീമുകളുമാണ് അന്വേഷണം നടത്തുന്നത്. സംഭവം നടന്ന് ദിവസങ്ങള്‍ പിന്നിടുമ്പോഴും പ്രതിയെകുറിച്ചുള്ള വിവരങ്ങള്‍ വനം വകുപ്പിന് ലഭിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."