മുറവിളിക്ക് മൂന്നരപ്പതിറ്റാണ്ട്: വേണം തൃക്കരിപ്പൂര്‍ താലൂക്ക്
തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ ആസ്ഥാനമായി താലൂക്ക് വേണമെന്ന തൃക്കരിപ്പൂരിന്റെ ആവശ്യത്തിനു മൂന്നര പതിറ്റാണ്ടിന്റെ പഴക്കം. കാര്യങ്കോട് പുഴക്ക് തെക്കും കവ്വായി പുഴക്ക് വടക്കുമുള്ള ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി തൃക്കരിപ്പൂര്‍ താലൂക്ക് രൂപീകരിക്കണമെന്ന് 1983 ഒക്‌ടോബര്‍ 25നു തൃക്കരിപ്പൂര്‍ പഞ്ചായത്ത് മൈതാനിയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ആവശ്യത്തിനു മൂന്നര പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും അധികൃതര്‍ പരിഗണന നല്‍കിയില്ല. തൃക്കരിപ്പൂര്‍ താലൂക്ക് എന്ന ആവശ്യം പതിറ്റാണ്ടുകള്‍ക്കു മുന്‍പ് ഉന്നയിച്ചതിനു ശേഷം സംസ്ഥാനത്ത് മാറിമാറി വരുന്ന സര്‍ക്കാറുകള്‍ നിരവധി താലൂക്കുകള്‍ അനുവദിച്ചെങ്കിലും തൃക്കരിപ്പൂരിനു നേരെ അധികൃതര്‍ കണ്ണടക്കുകയായിരുന്നു.
കാസര്‍കോട് ജില്ലാ രൂപീകരണത്തിനു വര്‍ഷങ്ങള്‍ക്കു മുന്‍പേ തന്നെ തളിപ്പറമ്പ താലൂക്ക് വിഭജിച്ച് പയ്യന്നൂര്‍ താലൂക്കും ഹൊസ്ദുര്‍ഗ് താലുക്ക് വിഭജിച്ച് തൃക്കരിപ്പൂര്‍ താലൂക്കും സ്ഥാപിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. പയ്യന്നൂര്‍ താലൂക്ക് കഴിഞ്ഞ മാസം യാഥാര്‍ഥ്യമാവുകയും ചെയ്തു.
ബസ്സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ എന്നിവ തൊട്ടുരുമ്മി നില്‍ക്കുന്ന പ്രദേശമായതിനാല്‍ താലൂക്ക് ആസ്ഥാനം തൃക്കരിപ്പൂരില്‍ വരുന്നത് അനുകൂലമാണ്.
കൂടാതെ പിലിക്കോട്, ചെറുവത്തൂര്‍, കയ്യൂര്‍-ചീമേനി, വലിയപറമ്പ ദ്വീപ്, പടന്ന എന്നീ പഞ്ചായത്തിലുളള ജനങ്ങള്‍ക്ക് എളുപ്പത്തില്‍ തൃക്കരിപ്പൂരില്‍ എത്താനും കഴിയും. തൃക്കരിപ്പൂരില്‍ താലൂക്ക് യാഥാര്‍ഥ്യമായി കിട്ടാന്‍ കൂട്ടായ്മ രൂപീകരിക്കാനുള്ള ഒരുക്കത്തിലാണ് തൃക്കരിപ്പൂര്‍ നിവാസികളായ യുവാക്കള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."