സി.പി.എം-ബി.ജെ.പി തര്‍ക്കം: പള്ളിക്കര മേല്‍പാലം തറക്കല്ലിടല്‍ മാറ്റി
നീലേശ്വരം: സി.പി.എം-ബി.ജെ.പി ഉടക്കില്‍ കുടുങ്ങി പള്ളിക്കര മേല്‍പാലത്തിന്റെ തറക്കല്ലിടല്‍ മാറ്റി. നാളെ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ തറക്കല്ലിടുമെന്നായിരുന്നു നേരത്തേ പി. കരുണാകരന്‍ എം.പി അറിയിച്ചിരുന്നത്. എന്നാല്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിന്‍ ഗഡ്കരിയുടെ അസൗകര്യം മൂലം തറക്കല്ലിടല്‍ മാറ്റി എന്നാണ് ഇപ്പോഴത്തെ വിശദീകരണം. മുന്‍ നിശ്ചയപ്രകാരം തറക്കല്ലിടല്‍ ചടങ്ങില്‍ കേന്ദ്രമന്ത്രിയുടെ പേര് ഉണ്ടായിരുന്നില്ല. ഇതോടെ ബി.ജെ.പി പ്രാദേശിക നേതൃത്വം കേന്ദ്ര നേതൃത്വവുമായി ബന്ധപ്പെടുകയും അതിന്റെ അടിസ്ഥാനത്തില്‍ ദേശീയപാത അതോറിറ്റി വിഭാഗം, തറക്കല്ലിടല്‍ ചടങ്ങില്‍ കേന്ദ്ര പ്രതിനിധി ഉണ്ടാകണമെന്ന് എം.പിയെ അറിയിക്കുകയുമായിരുന്നത്രേ. ഇതോടെയാണ് തറക്കല്ലിടല്‍ മാറ്റി വയ്ക്കാന്‍ സംഘാടക സമിതി നിര്‍ബന്ധിതമായത്.
നേരത്തേ തന്നെ മേല്‍പാലം വിഷയത്തില്‍ സി.പി.എമ്മും ബി.ജെ.പിയും പോരിലാണ്. മേല്‍പാലത്തിന്റെ പ്രവര്‍ത്തി സാങ്കേതികത്വത്തില്‍ കുടുങ്ങി വൈകുന്നതില്‍ പ്രതിഷേധിച്ച് പി. കരുണാകരന്‍ എം.പി അനിശ്ചിതകാല ഉപവാസമിരുന്നിരുന്നു. ഇതേ തുടര്‍ന്നാണു നടപടികള്‍ വേഗത്തിലായത്. എന്നാല്‍ മേല്‍പാലം പ്രവര്‍ത്തി വൈകാന്‍ കാരണം എം.പിയാണെന്ന് ബി.ജെ.പി നേതൃത്വവും ആരോപിച്ചിരുന്നു.
നീലേശ്വരത്ത് ട്രെയിനുകള്‍ക്കു സ്റ്റോപ്പ് അനുവദിക്കുന്ന കാര്യത്തിലും നീലേശ്വരം റെയില്‍വേ സ്റ്റേഷന്റെ വികസന കാര്യത്തിലും സി.പി.എമ്മും ബി.ജെ.പിയും പരസ്യമായി തന്നെ പോരടിച്ചിരുന്നു. ഇന്റര്‍സിറ്റി എക്‌സ്പ്രസിനു നീലേശ്വരത്ത് സ്റ്റോപ്പ് അനുവദിച്ചതായി അടുത്തിടെ എം.പി അറിയിച്ചിരുന്നുവെങ്കിലും ഇതുവരെയായും റെയില്‍വേ മന്ത്രാലയം സമയക്രമം പ്രഖ്യാപിക്കുകയോ ട്രെയിന്‍ നിര്‍ത്തിത്തുടങ്ങുകയോ ചെയ്തിട്ടില്ല. ഇതും സി.പി.എം-ബി.ജെ.പി പോരിനെ തുടര്‍ന്നാണെന്നാണു വിലയിരുത്തപ്പെടുന്നത്. കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന പാര്‍ട്ടികള്‍ തമ്മിലുള്ള പോര് ഒരു നാടിന്റെ വികസനത്തെ തന്നെയാണ് ഇപ്പോള്‍ ബാധിച്ചിരിക്കുന്നത്.
ദേശീയപാതയില്‍ ഗോവ കഴിഞ്ഞാലുള്ള ഏക റെയില്‍വേ ഗേറ്റാണ് പള്ളിക്കരയിലേത്. 52.67 കോടി രൂപയാണു മേല്‍പാലത്തിനായി വകയിരുത്തിയത്. കൊച്ചി ആസ്ഥാനമായ ഇ.കെ.കെ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ടെന്‍ഡര്‍ എടുത്തിരിക്കുന്നത്.
ടെന്‍ഡര്‍ ലഭിച്ചു 45 ദിവസത്തിനകം കരാര്‍ വച്ച് പ്രവര്‍ത്തി തുടങ്ങണമെന്നാണു നിയമം.എന്നാല്‍ തറക്കല്ലിടല്‍ നീളുന്നതോടെ പ്രവര്‍ത്തി തുടങ്ങുന്നതും നീളാനാണു സാധ്യത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."