നീലക്കുറിഞ്ഞി ദേശീയോദ്യാനം: ഉത്തരവില്‍ മാറ്റം വരുത്താനുള്ള നിര്‍ദേശം മന്ത്രിസഭ മാറ്റിവച്ചു
തിരുവനന്തപുരം: മൂന്നാറിലെ നീലക്കുറിഞ്ഞി ദേശീയോദ്യാനവുമായി ബന്ധപ്പെട്ടു നിവേദിത പി. ഹരന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇറക്കിയ ഉത്തരവില്‍ മാറ്റം വരുത്താനുള്ള നിര്‍ദേശം മന്ത്രിസഭ മാറ്റിവച്ചു.
നീലക്കുറിഞ്ഞി ഉദ്യാന പരിധിയിലുള്ള പ്രദേശത്തെ മരം മുറിക്കുന്നത് അടക്കം ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന ചില കാര്യങ്ങളില്‍ മാറ്റം വരുത്താനുള്ള നിര്‍ദേശമാണു നടപ്പാക്കേണ്ടത്. ഇക്കാര്യം മന്ത്രിസഭയുടെ അജന്‍ഡയില്‍ ഉള്‍പ്പെടുത്തിയിരുന്നുവെങ്കിലും റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ യോഗത്തില്‍ പങ്കെടുക്കാതിരുന്ന സാഹചര്യത്തിലാണു തീരുമാനം നീട്ടിയത്. 24നു ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യാമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
മന്ത്രി ഇ. ചന്ദ്രശേഖരനു പുറമേ വനം മന്ത്രി കെ. രാജു, ഇടുക്കി ജില്ലയില്‍ നിന്നുള്ള മന്ത്രി എം.എം മണി എന്നിവര്‍ നേരത്തെ നീലക്കുറിഞ്ഞി ഉദ്യാന പ്രദേശം സന്ദര്‍ശിച്ചിരുന്നു. ഇവര്‍ മൂന്നു പേരും പ്രത്യേക റിപ്പോര്‍ട്ടുകള്‍ മുഖ്യമന്ത്രിക്കു നല്‍കി.
ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ഏകീകരിച്ച റിപ്പോര്‍ട്ട് തയാറാക്കിയിട്ടുണ്ട്. നിവേദിത പി. ഹരന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്നു നടപ്പാക്കിയ കാര്യങ്ങളില്‍ മാറ്റം വരുത്തുന്നത് ഈ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ്. ഇനി ഇതു മന്ത്രിസഭ അംഗീകരിച്ച് ഉത്തരവിറക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."