ഉപഭോക്താക്കളെ ദുരിതത്തിലാക്കി ഗ്യാസ് ഏജന്‍സി
.
ചവറ: നിലവിലെ ഉപഭോക്താക്കള്‍ക്ക് ഗ്യാസ് സിലിണ്ടര്‍ നിഷേധിച്ച സ്വകാര്യ ഗ്യാസ് ഏജന്‍സിക്കെതിരേ പരാതി.
പ്രധാനമന്ത്രിയുടെ ഉജ്ജ്വല്‍ യോജന പദ്ധതി പ്രകാരം സൗജന്യ നിരക്കില്‍ ഗ്യാസ് കണക്ഷന്‍ വിതരണം ചെയ്യുന്ന ഉജ്ജ്വല്‍ ദിവസ് പരിപാടിയുടെ മറവില്‍ ഉപഭോക്താക്കളെ ദുരിതത്തിലാക്കിയെന്നാണ് ആരോപണം. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ചവറ കുറ്റിവട്ടത്ത് സ്ഥിതിചെയ്യുന്ന അയണിമൂട്ടില്‍ ഗ്യാസ് ഏജന്‍സിയുടെ നടപടിയിലാണ് വ്യാപക പരാതി.
പരിപാടി നടക്കുന്നതറിയാതെ സിലിണ്ടറെടുക്കാനായി എത്തിയ നിരവധി ഉപഭോക്താക്കളാണ് നിരാശരായി മടങ്ങിയത്. സിലിണ്ടര്‍ വിതരണം ചെയ്യാതെന്തെന്ന് ചോദ്യം ചെയ്തവരോട് ഉജ്ജ്വല്‍ ദിവസ് നടക്കുന്ന ദിവസം ഗ്യാസ് വിതരണം ചെയ്യണ്ടയെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.
കൂടാതെ അന്നേ ദിവസം ഗോഡൗണ്‍ അടച്ചിട്ടിരിക്കുകയാണെന്നും ഉച്ചയ്ക്ക് ശേഷമോ നാളെയോ വന്നാല്‍ മാത്രമെ ഗ്യാസ് എടുക്കാന്‍ പറ്റകയുള്ളൂവെന്നും അധികൃതര്‍ പറഞ്ഞ് ഇടപാടുകാരെ മടക്കുകയായിരുന്നു. ഇത് എതിര്‍ത്ത് ഉപഭോക്താക്കളോട് ഗ്യാസ് ഏജന്‍സിയുടെ ഉടമയും ജീവനക്കാരും അപമര്യാദയായി പെരുമാറിയതായും പരാതിയുണ്ട്.
ഉപഭോക്താക്കള്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ കൊച്ചിയിലെ കോര്‍പ്പറേറ്റ് ഓഫിസുമായി ബന്ധപ്പെട്ടപ്പോള്‍ ഉജ്ജ്വല്‍ ദിവസ് നടക്കുന്നതിന്റെ പേരില്‍ ഉപഭോക്താക്കള്‍ക്ക് ഗ്യാസ് സിലിണ്ടര്‍ നല്‍കരുതെന്ന് യാതൊരു ഉത്തരവും നല്‍കിയിട്ടില്ലെന്നും ഗ്യാസ് ഏജന്‍സിക്കെതിരേ നടപടി കൈക്കൊള്ളുമെന്നും അറിയിച്ചതായാണ് വിവരം.
ഉപഭോക്താക്കളെ വലച്ച നടപടിക്കെതിരേ ഉപഭോക്തൃ കോടതിയെയും ഇന്ത്യന്‍ കോര്‍പ്പറേഷനേയും സമീപിക്കാനിരിക്കുകയാണ് ഉപഭോക്താക്കള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."