കുടുംബശ്രീ സാഗര്‍മാല: തീരദേശത്തെ 1000 യുവജനങ്ങള്‍ക്ക് സൗജന്യ നൈപുണ്യ പരിശീലനം
മുക്കം: തീരദേശമേഖലയിലെ ആയിരത്തോളം നിര്‍ധന യുവജനങ്ങള്‍ക്ക് സൗജന്യ നൈപുണ്യ പരിശീലനം നല്‍കാനൊരുങ്ങി കുടുംബശ്രീ. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന(സാഗര്‍മാല) യിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്.
പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം കോഴിക്കോട്, എറണാകുളം ജില്ലകളിലാണ് പദ്ധതി നടപ്പാക്കുക. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ഈ മേഖലയില്‍ 3000 പേര്‍ക്ക് വിദഗ്ധ തൊഴില്‍ പരിശീലനം നല്‍കാനാണു കുടുംബശ്രീ ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ തുറമുഖ വികസനം വരുമ്പോഴുണ്ടാകുന്ന തൊഴിലുകള്‍ മുന്‍നിര്‍ത്തി നൈപുണ്യ വികസനം നടത്താന്‍ കേന്ദ്ര, ഗ്രാമ വികസന മന്ത്രാലയം വഴി കേന്ദ്ര ഷിപ്പിങ് മന്ത്രാലയം രൂപം കൊടുത്ത പദ്ധതിയാണ് സാഗര്‍മാല.
തീരദേശ മേഖലയിലെ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കുടുംബശ്രീ ഡി.ഡി.യു.ജി.കെ.വൈ പദ്ധതി പ്രകാരമുള്ള നൈപുണ്യ പരിശീലന പരിപാടി നടപ്പാക്കുന്നത്. തീരദേശ വാസികളായ യുവജനങ്ങള്‍ക്ക് ഈ മേഖലയുമായി ബന്ധപ്പെട്ടുള്ള തൊഴില്‍ ഇടങ്ങളില്‍ ജോലി ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
മൂന്നു മാസം മുതല്‍ ഒരുവര്‍ഷം വരെയാണ് കോഴ്‌സുകളുടെ കാലാവധി. ലൈഫ് ഗാര്‍ഡ്‌സ്, ഫിഷ് ആന്‍ഡ് സീ ഫുഡ് പ്രോസസിങ്, ഡീപ് സീ ഫിഷിങ്, ക്രെയിന്‍ ഓപറേറ്റേഴ്‌സ്, ഇലക്ട്രിക് ആര്‍ക് വെല്‍ഡിങ് തുടങ്ങിയ മേഖലകളിലാകും പദ്ധതിയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് ആദ്യഘട്ടത്തില്‍ നൈപുണ്യ പരിശീലനം നല്‍കുക.
പദ്ധതി നടത്തിപ്പിനായി കുടുംബശ്രീ നിഷ്‌കര്‍ഷിച്ച മാനദണ്ഡങ്ങള്‍ പ്രകാരം പരിശീലനം നല്‍കാന്‍ കഴിയുന്ന തൊഴില്‍ പരിശീലന ഏജന്‍സികളെ എംപാനല്‍ ചെയ്യുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. ഏജന്‍സികളുടെ പ്രവര്‍ത്തനമികവിന്റെ സൂക്ഷ്മപരിശോധന പൂര്‍ത്തിയാക്കിയ ശേഷം വിശദമായ റിപ്പോര്‍ട്ട് പ്രൊജക്ട് അപ്രൂവല്‍ കമ്മിറ്റിയുടെ അനുമതിക്കായി സമര്‍പ്പിക്കും. ഇതിന് അനുമതി ലഭിക്കുന്ന പ്രകാരം 45 ദിവസത്തിനുള്ളില്‍ പരിശീലന കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം ആരംഭിക്കും. കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍മാര്‍, ബ്ലോക്ക് കോഡിനേറ്റര്‍മാര്‍, കമ്മ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സണ്‍മാര്‍, സി.ഡി.എസ്, എ.ഡി.എസ് പ്രവര്‍ത്തകര്‍ എന്നിവര്‍ മുഖേനയാണ് പദ്ധതിയിലേക്കുള്ള ഗുണഭോക്താക്കളെ കണ്ടെത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."