വേനല്‍മഴയിലും ചുഴലിക്കാറ്റിലും ജില്ലയില്‍ കനത്ത നാശം
കാസര്‍കോട്: വേനല്‍മഴയിലും ശക്തമായ ചുഴലിക്കാറ്റിലും ജില്ലയില്‍ കനത്ത നാശം. കൃഷിയിടങ്ങളിലാണു വ്യാപകനാശമുണ്ടായിരിക്കുന്നത്. വൈദ്യുതി തൂണുകള്‍ തകര്‍ന്നു പലയിടത്തും വൈദ്യുതി ബന്ധം മുടങ്ങിയിരിക്കുകയാണ്. വിവിധ സ്ഥലങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണിട്ടുണ്ട്. നിരവധി വീടുകള്‍ക്കും നാശമുണ്ടായിട്ടുണ്ട്. ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമുണ്ടായി. മഞ്ചേശ്വരത്ത് തെങ്ങ് കടപുഴകി വീട് തകര്‍ന്നു. ബങ്കരയിലെ മത്സ്യത്തൊഴിലാളിയായ കാസിമിന്റെ വീടാണ് തകര്‍ന്നത്. വീട്ടുകാര്‍ ആശുപത്രിയില്‍ പോയ സമയത്തായിരുന്നു സംഭവമെന്നതിനാല്‍ വലിയ അപകടം ഒഴിവായി. വീടിന്റെ ഒരു ഭാഗത്തെ മേല്‍ക്കൂരയും ചുമരുമാണ് തകര്‍ന്നത്.
മഞ്ചേശ്വരം കാടിയാറില്‍ തെങ്ങ് വൈദ്യുതി തൂണിലേക്ക് ചെരിഞ്ഞതിനെ തുടര്‍ന്നു തൂണുകള്‍ റോഡില്‍ വീണു ഗതാഗതം മുടങ്ങി. കാഞ്ഞിത്തുങ്കാല്‍, മുന്നാട്, അരിച്ചെപ്പ്, പെര്‍ളടുക്കം, കുണ്ടംങ്കുഴി, ബേഡകം, പള്ളത്തിങ്കാല്‍, കുറ്റിക്കോല്‍ മേഖലകളില്‍ കൃഷിയിടങ്ങളില്‍ വ്യാപകനാശം ഉണ്ടായി. മുന്നാട് പേര്യയില്‍ ഇ. രാഘവന്റെ വീടിനു മുകളില്‍ മരം വീണു. ബേഡഡുക്ക പഞ്ചായത്തില്‍ വ്യാപകനാശമുണ്ടായി. ഹോസ്ദുര്‍ഗ്, കാസര്‍കോട് താലൂക്കുകളില്‍ 14 വീടുകള്‍ തകര്‍ന്നിട്ടുണ്ട്. കൃഷിനാശവും മറ്റുമുണ്ടായ സ്ഥലങ്ങളില്‍ റവന്യൂ വിഭാഗം ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സന്ദര്‍ശിച്ചു.
പെരിയ: കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ ഉണ്ടായ ശക്തമായ കാറ്റില്‍ പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ കനത്ത നാശം. കൃഷിനാശങ്ങള്‍ക്കു പുറമെ വൈദ്യുത വകുപ്പിനും കനത്ത നഷ്ടം സംഭവിച്ചു. പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ കുണിയയില്‍ മാത്രം പത്തിലധികം വൈദ്യുത തൂണുകള്‍ കാറ്റില്‍ തകര്‍ന്നു. ഇതിനു പുറമെ പലഭാഗത്തും വൈദ്യുത കമ്പികളില്‍ മരങ്ങള്‍ പൊട്ടി വീണതോടെ വൈദ്യുത ബന്ധവും നിലച്ചു.
ലക്ഷങ്ങളുടെ നഷ്ടമാണ് വൈദ്യുത വകുപ്പിനുണ്ടായത്. പല ഭാഗങ്ങളിലും മരങ്ങള്‍ കടപുഴകുകയും തെങ്ങ്, കമുക്, വാഴ എന്നിവ വ്യാപകമായി നശിക്കുകയും ചെയ്തു. എസ്.കെ അബ്ദുല്ല, ഇബ്രാഹിം, നഫീസ, ഹസൈനാര്‍ തുടങ്ങിയവരുടെ വാഴകളും തെങ്ങ് കമുക് ഉള്‍പ്പെടെയുള്ളവയും കാറ്റില്‍ കടപുഴകി. കോടോം ബേളൂര്‍, പനത്തടി, കള്ളാര്‍, മടിക്കൈ പഞ്ചായത്തുകളിലും വ്യാപക കൃഷിനാശമുണ്ടായി. പെരിയ, ആയംപാറ, ഉരുളംകോടി, പണമ്മല്‍, നവോദയ നഗര്‍, കപ്പണക്കാല്‍, കുണ്ടൂര്‍ ഭാഗങ്ങളില്‍ നൂറുകണക്കിനു നേന്ത്രവാഴകള്‍ നിലംപൊത്തി. ആയംപാറ, കുണ്ടൂര്‍ എന്നിവിടങ്ങളില്‍ വീടുകള്‍ക്കു മുകളില്‍ മരം കടപുഴകി വീണു. കപ്പണക്കാലിലെ മലബാര്‍ പീനേര്‍സ് പ്ലൈവുഡ് ഫാക്ടറിയുടെ പുകക്കുഴല്‍ തകര്‍ന്നു. കെട്ടിടത്തിന്റെ മേല്‍ക്കൂരയും തകര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."