കൊളംബിയ ക്വാര്‍ട്ടറില്‍
പരാഗ്വെയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് വീഴ്ത്തി
ബക്ക, റോഡ്രിഗസ് സ്‌കോറര്‍മാര്‍
കാലിഫോര്‍ണിയ: തുടര്‍ച്ചയായ രണ്ടാം ജയത്തോടെ കൊളംബിയ കോപ്പ അമേരിക്ക ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടറില്‍ കടന്നു. ക്വാര്‍ട്ടറില്‍ കടക്കുന്ന ആദ്യ ടീം കൂടിയാണ് കൊളംബിയ. രണ്ടു മിനുട്ടിനിടെ രണ്ടു മഞ്ഞക്കാര്‍ഡ് വാങ്ങി ഓസ്‌കര്‍ റൊമേറോ പുറത്തായതോടെ പത്തു പേരായി ചുരുങ്ങിയ പരാഗ്വെയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് വീഴ്ത്തിയാണ് കൊളംബിയ ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. ആദ്യ പകുതിയില്‍ കാര്‍ലോസ് ബക്ക, ജെയിംസ് റോഡ്രിഗസ് എന്നിവര്‍ കൊളംബിയയുടെ ഗോളുകള്‍ നേടി.
ആദ്യ മത്സരം വിജയിച്ച ടീമില്‍ മാറ്റം വരുത്താതെയാണ് കോച്ച ്‌ജോസ് പെക്കര്‍മാന്‍ കൊളംബിയന്‍ ടീമിനെ കളത്തിലിറക്കിയത്. തോളിനേറ്റ പരുക്കിനെ തുടര്‍ന്ന് റോഡ്രിഗസ് കളിക്കില്ലെന്ന് ആശങ്കകളുയര്‍ന്നെങ്കിലും അവസാന നിമിഷം താരം കളത്തിലിറങ്ങുകയായിരുന്നു. ആദ്യ പകുതിയില്‍ പരാഗ്വെയെ നിഷ്പ്രഭമാക്കുന്ന പ്രകടനമായിരുന്നു കൊളംബിയയുടേത്. 12ാം മിനുട്ടില്‍ തന്നെ ടീം ലീഡ് നേടി. ജെയിംസ് റോഡ്രിഗസ് എടുത്ത കോര്‍ണറില്‍ തകര്‍പ്പനൊരു ഹെഡ്ഡറിലൂടെയാണ് ബക്ക ഗോള്‍ നേടിയത്. പിന്നീട് കൊളംബിയ മികച്ച മുന്നേറ്റങ്ങള്‍ നടത്തി. റോഡ്രിഗസിന്റെ മികച്ചൊരു ഷോട്ട് പരാഗ്വെ ഗോളി ജസ്റ്റോ വില്ലാര്‍ ആയാസപ്പെട്ടാണ് സേവ് ചെയ്തത്. 30ാം മിനുട്ടില്‍ കൊളംബിയ ലീഡ് ഉയര്‍ത്തി. എഡ്വിന്‍ കാര്‍ഡോണയുടെ പാസില്‍ നിന്ന് റോഡ്രിഗസ് ലക്ഷ്യം കാണുകയായിരുന്നു. 34ാം മിനുട്ടില്‍ പൗലോ ഡാ സില്‍വ ഹെഡ്ഡറിലൂടെ പരാഗ്വെയ്ക്കായി ഗോള്‍ നേടിയെങ്കിലും ഓഫ് സൈഡായതിനാല്‍ ഗോളനുവദിച്ചില്ല.
രണ്ടാം പകുതിയില്‍ രണ്ടു ഗോളിന്റെ മുന്‍തൂക്കവുമായിറങ്ങിയ കൊളംബിയയെ മികച്ച മുന്നേറ്റങ്ങളിലൂടെ പരാഗ്വെ പരീക്ഷിച്ചു. 74ാം മിനുട്ടില്‍ വിക്ടര്‍ ഹെരേര മിന്നല്‍ ഷോട്ടിലൂടെ പരാഗ്വെയുടെ ഗോള്‍ നേടി. എന്നാല്‍ റൊമേറോയ്ക്ക് ചുവപ്പു കാര്‍ഡ് ലഭിച്ചതോടെ പരാഗ്വെയുടെ പോരാട്ടവീര്യം ചോര്‍ന്നു. ഇതോടെ ജയം കൊളംബിയക്കൊപ്പം നില്‍ക്കുകയായിരുന്നു.
കോസ്റ്റ റിക്ക പിടിച്ച് അമേരിക്ക
അമേരിക്കയ്ക്ക് ആദ്യ ജയം
കോസ്റ്റ റിക്കയെ എതിരില്ലാത്ത നാലു ഗോളിന് തകര്‍ത്തു
ക്ലിന്‍ഡ് ഡെംപ്‌സിക്ക് 50ാം അന്താരാഷ്ട്ര ഗോള്‍
ചിക്കാഗോ: ആതിഥേയരുടെ കരുത്ത് പ്രകടമാക്കിയ മത്സരത്തില്‍ കോസ്റ്റ റിക്കയെ എതിരില്ലാത്ത നാലു ഗോളിന് തകര്‍ത്ത് അമേരിക്ക കോപ്പ അമേരിക്കയിലെ ആദ്യ ജയം സ്വന്തമാക്കി. ജയത്തില്‍ കുറഞ്ഞതൊന്നും ചിന്തിക്കാതെയാണ് അമേരിക്ക കളത്തിലിറങ്ങിയത്. ആദ്യ മത്സരത്തില്‍ കൊളംബിയയോട് തോറ്റതിനാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്താകല്‍ ഭീഷണിയിലായിരുന്നു അമേരിക്ക. എന്നാല്‍ ഈ സമ്മര്‍ദങ്ങളൊന്നും ഇല്ലാതെയാണ് അവര്‍ കോസ്റ്റ റിക്കയെ നേരിട്ടത്.
കളം നിറഞ്ഞു കളിച്ച ക്ലിന്‍ഡ് ഡെംപ്‌സിയുടെ തകര്‍പ്പന്‍ പ്രകടനമാണ് അമേരിക്കയെ ജയത്തിലേക്ക് നയിച്ചത്. കൊളംബിയക്കെതിരേ സ്‌ട്രൈക്കറുടെ റോളില്‍ കളിച്ച ഡെംപ്‌സിക്ക് മികവിലേക്കുയരാനായിരുന്നില്ല. എന്നാല്‍ രണ്ടാം മത്സരത്തില്‍ അറ്റാക്കിങ് മിഡ്ഫീല്‍ഡറുടെ റോളിലാണ് ഡെംപ്‌സി കളത്തിലിറങ്ങിയത്. ഒന്‍പതാം മിനുട്ടില്‍ തന്നെ ടീം അക്കൗണ്ട് തുറന്നു. ബോബി വുഡിനെ ബോക്‌സിനുള്ളില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ഡെംപ്‌സി ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ഡെംപ്‌സിയുടെ 50ാം അന്താരാഷ്ട്ര ഗോള്‍ കൂടിയായിരുന്നു ഇത്.
ഗോള്‍ നേടിയതോടെ കോസ്റ്റ റിക്കയുടെ ഗോള്‍ മുഖത്ത് നിരന്തരമായ ആക്രമണമാണ് അമേരിക്ക നടത്തിയത്. എന്നാല്‍ നിര്‍ഭാഗ്യം കൊണ്ട് അവയൊന്നും ലക്ഷ്യത്തിലെത്തിയില്ല.
37ാം മിനുട്ടില്‍ അമേരിക്ക ലീഡ് ഉയര്‍ത്തി. ജെര്‍മെയ്ന്‍ ജോണ്‍സായിരുന്നു സ്‌കോറര്‍. ഡെംപ്‌സി ഒരുക്കിക്കൊടുത്ത അവസരം മുതലെടുത്തായിരുന്നു ഗോള്‍. രണ്ടാം ഗോള്‍ വീണതോടെ പേരുകേട്ട കോസ്റ്റ റിക്കയുടെ പ്രതിരോധം പാടെ പാളി. ഇതു മുതലെടുത്ത അമേരിക്ക 42ാം മിനുട്ടില്‍ വീണ്ടും ഗോള്‍ നേടി. ജോണ്‍സന്‍ നല്‍കിയ പാസ് അമേരിക്കന്‍ പ്രതിരോധത്തെ സമര്‍ഥമായി വെട്ടിച്ച് ബോബി വുഡാണ് ഗോള്‍ നേടിയത്.
രണ്ടാം പകുതിയില്‍ അമേരിക്ക മുന്നേറ്റം തുടര്‍ന്നപ്പോള്‍ തോല്‍വി ഉറപ്പിച്ച രീതിലായിരുന്നു കോസ്റ്റ റിക്ക ടീം. കാര്യമായിട്ടുള്ള മുന്നേറ്റങ്ങളൊന്നും വന്നില്ല. മത്സരം തീരാന്‍ മിനുട്ടുകള്‍ മാത്രം ശേഷിക്കെ ഗ്രഹാം ഗുസി അമേരിക്കയുടെ നാലാം ഗോളും നേടിയതോടെ ടൂര്‍ണമെന്റില്‍ ക്വാര്‍ട്ടര്‍ പ്രതീക്ഷ സജീവമാക്കാന്‍ ആതിഥേയര്‍ക്കു സാധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."