ഫോര്‍ച്യൂണറിനെ തകര്‍ത്ത് ജയന്റ്‌സ് ഫൈനലില്‍
കിരണ്‍ പുരുഷോത്തമന്‍#
കൊച്ചി: പ്രോ കബഡി ലീഗിന്റെ ആറാം സീസണിലെ ക്വാളിഫയര്‍ പോരാട്ടത്തില്‍ ഗുജറാത്ത് ഫോര്‍ച്യൂണറിനെ കീഴടക്കി ജയന്റ്‌സ് ബംഗളൂരു ബുള്‍സ് ഫൈനലില്‍ കടന്നു. 29-41ന് ആണ് ഫോര്‍ച്യൂണറിനെ ജയന്റ്‌സ് പരാജയപ്പെടുത്തിയത്. വാശിയേറിയ പോരാട്ടത്തില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പം നിന്നു. ആദ്യ പകുതിയില്‍ 13-14 ന് ഗുജറാത്ത് മുന്നിട്ടു നിന്നു. രണ്ടാം പകുതിയില്‍ ബംഗളൂരു തിരിച്ചടിച്ചു.
ആദ്യ ദിനത്തിലെ പോരാട്ടങ്ങളെ അപേക്ഷിച്ചു രണ്ടാം ദിനം ആവേശകരമായി. ഗുജറാത്തും ബംഗളൂരുവും നിരന്തരം വിജയകരമായ റൈഡുകള്‍ നടത്തി. ആദ്യ പകുതി അവസാനിക്കാന്‍ ആറ് മിനുട്ട് ശേഷിക്കേ ഫോര്‍ച്യൂണറിന്റെ സച്ചിന്‍ വിട്ടാലയെ പിന്‍വലിച്ച് റൈഡറായ ഹാദി ഓഷ്ടറോക്കിനെ കളത്തിലിറക്കി.
രണ്ടാം പകുതിയിലും ഗുജറാത്ത് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. എന്നാല്‍, മുന്നേറ്റത്തിലെ മൂര്‍ച്ചയില്ലായ്മ അവര്‍ക്ക് വിനയായി. രണ്ടാം പകുതിയുടെ ആദ്യ മിനുട്ടുകളില്‍ ബംഗളൂരുവിനെ ഓള്‍ ഔട്ടിലൂടെ ഗുജറാത്ത് ഞെട്ടിച്ചു. എന്നാല്‍ ഫോര്‍ച്യൂണറിന്റെ ആവേശത്തിന് അധികനേരം ആയുസ് ഉണ്ടായില്ല.
കെ. പ്രപഞ്ചിന്റെ റൈഡിലൂടെ മൂന്നു പേരേ കളിത്തട്ടിന് പുറത്താക്കി ഗുജറാത്തിനെ ബംഗളൂരു ഓള്‍ഔട്ട് കെണിയില്‍ വീഴ്ത്തി. അതും രണ്ടു തവണ. ഓള്‍ഔട്ട് പോയിന്റിലൂടെ ആധിപത്യം നേടിയ ബംഗളൂരു പിന്നീട് പിന്തിരിഞ്ഞില്ല. മികച്ച റൈഡുകള്‍ പുറത്തെടുത്ത പവന്‍കുമാറിന്റെ പ്രകടനമാണ് ജയന്റ്‌സിനെ മുന്നില്‍ എത്തിച്ചത്. 13 റൈഡുകളില്‍ നിന്ന് 13 പോയിന്റാണ് പവന്‍ പിടിച്ചെടുത്തത്. വിജയത്തോടെ പ്രോ കബഡി ആറാം സീസണില്‍ ഫൈനല്‍ ഉറപ്പിക്കുന്ന ആദ്യ ടീമായി ബംഗളൂരു.
ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ചവച്ച ഇരുടീമുകളും കാണികളെ ആവേശഭരിതരാക്കി. പതിവിന് വിപരീതമായി ടാക്കിള്‍ പോയിന്റുകളേക്കാള്‍ റൈഡ് പോയിന്റുകളായിരുന്നു മത്സരത്തില്‍ പിറന്നത്.
പത്ത് പോയിന്റ് നേടിയ സച്ചിനാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍. കബഡി ലീഗിന്റെ കൊച്ചിയിലെ പോരാട്ടങ്ങള്‍ അവസാനിച്ചു. മുംബൈയിലാണ് ഇനിയുള്ള പോരാട്ടങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."