വെള്ളാപ്പള്ളി ഈഴവ സമുദായത്തിന്റെ ഡ്രാക്കുള: സുഭാഷ് വാസു
ആലപ്പുഴ: വെള്ളാപ്പള്ളി നടേശനും തുഷാര്‍ വെള്ളാപ്പള്ളിക്കും എതിരേ രൂക്ഷവിമര്‍ശനം ഉന്നയിച്ച് ബി.ഡി.ജെ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് വാസു. വാര്‍ത്താസമ്മേളനത്തിലാണ് തുഷാറിനും കുടുംബത്തിനും എതിരേ സുഭാഷ് വാസു രംഗത്തെത്തിയത്.
ഈഴവ സമുദായത്തിന്റെ രക്തം കുടിക്കുന്ന ഡ്രാക്കുളയാണ് വെള്ളാപ്പള്ളിയെന്ന് സുഭാഷ് വാസു ആരോപിച്ചു. ബി.ഡി.ജെ.എസിന്റെ സ്ഥാപക പ്രസിഡന്റ് താനാണ്. രേഖകള്‍ പ്രകാരം ഇപ്പോഴും തനിക്കാണ് ബി.ഡി.ജെ.എസിന്റെ ചുമതല. കഴിഞ്ഞുപോയ തെരഞ്ഞെടുപ്പുകളിലെല്ലാം ബി.ഡി.ജെ.എസിനെ വച്ചു കുതിരക്കച്ചവടം നടത്തുകയാണ് വെള്ളാപ്പള്ളിയും തുഷാറും ചെയ്തത്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയിലും ആറ്റിങ്ങലിലും ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥികളെ നിര്‍ത്താതിരുന്നത് സി.പി.എമ്മിനെ സഹായിക്കാനാണ്. അരൂര്‍ ഉപതെരഞ്ഞെടുപ്പിലും സ്ഥാനാര്‍ഥിയെ നിര്‍ത്താതെ സി.പി.എമ്മിനെ സഹായിച്ചുവെന്നും സുഭാഷ് വാസു ആരോപിച്ചു.
സാമ്പത്തികപരമായും അല്ലാതെയുമുള്ള കൂട്ടുകെട്ടാണ് സി.പി.എമ്മുമായി വെള്ളാപ്പള്ളിക്കും തുഷാറിനുമുള്ളത്. എസ്.എന്‍.ഡി.പി യിലൂടെ അനധികൃതമായി സമ്പാദിച്ച സ്വത്ത് സംരക്ഷിക്കാന്‍ വേണ്ടിയാണ് എന്‍.ഡി.എയ്ക്ക് ഒപ്പം നില്‍ക്കുന്നത്. ആഗോള ചൂതാട്ട കേന്ദ്രമായ മക്കാവു ദ്വീപില്‍ വരെ വെള്ളാപ്പള്ളിക്കും കുടുംബത്തിനും ഫ്ളാറ്റുണ്ട്.
ഇതെല്ലാം അവര്‍ അനധികൃതമായി സമ്പാദിച്ചതാണ്. ജനുവരി പതിനാറിന് മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനൊപ്പം തിരുവനന്തപുരത്ത് താന്‍ മറ്റൊരു വാര്‍ത്താസമ്മേളനം നടത്തും. വെള്ളാപ്പള്ളിയും കൂട്ടരും നടത്തിയ വലിയ അഴിമതിയുടേയും കൊലപാതകം അടക്കമുള്ള കുറ്റകൃത്യങ്ങളുടേയും വിവരങ്ങള്‍ അന്നു താന്‍ വെളിപ്പെടുത്തുമെന്നും സുഭാഷ് വാസു വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."