സഹചാരി ഫണ്ട് ശേഖരണം ഇന്ന്
കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആതുര സേവന വിഭാഗമായ സഹചാരി റിലീഫ് സെല്ലിന്റെ ഫണ്ട് ശേഖരണം ഇന്ന് (വെള്ളി) ജുമുഅ നിസ്കാരാനന്തരം സംസ്ഥാനത്തെ പള്ളികളില്‍ വെച്ച് നടക്കും. കഴിഞ്ഞ പത്ത് വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന സഹചാരി നിര്‍ധന രോഗികള്‍ക്ക് വേണ്ടി രണ്ട് കോടിയിലധികം രൂപ ചെലവഴിച്ച്കഴിഞ്ഞു.
റമദാനിന്റെ ആദ്യ വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി നടക്കുന്ന ഫണ്ട് ശേഖരണത്തിലൂടെ സമാഹരിക്കുന്ന സംഖ്യയാണ് രോഗികള്‍ക്ക് ആശ്വാസമെത്തിക്കാന്‍ ഉപയോഗപ്പെടുത്തുന്നത്. റോഡപകടങ്ങളില്‍ പെട്ടവര്‍ക്ക് അടിയന്തര ചികിത്സാ സഹായം, ക്യാന്‍സര്‍, വൃക്ക രോഗികള്‍ക്ക് പ്രത്യേക സാമ്പത്തിക സഹായം, സ്ഥിരമായി മരുന്നു കഴിക്കുന്ന നിര്‍ധന രോഗികള്‍ക്ക് മാസാന്ത ധനസഹായം നല്കുന്ന പദ്ധതി എന്നിവയാണ് ഇപ്പോള്‍ നടന്നുവരുന്നത്.
ഈ വര്‍ഷം മുതല്‍ 'നൂറ് കാന്‍സര്‍ വിമുക്ത ഗ്രാമം' എന്ന പദ്ധതി കൂടി ആരംഭിക്കുകയാണ്. കൂടാതെ സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികള്‍ കേന്ദ്രീകരിച്ച് വിഖായ വളണ്ടിയര്‍മാരുടെ ആതുര സേവന പ്രവര്‍ത്തനങ്ങള്‍ സംഘടന നടത്തിവരുന്നുണ്ട്. ഇന്ന് പള്ളികളില്‍ നിന്ന് ശേഖരിക്കുന്ന ഫണ്ട് നാളെ ജില്ലാ കേന്ദ്രങ്ങളില്‍ സ്വീകരിക്കും.
ഫണ്ട് സ്വീകരിക്കുന്ന ജില്ലാ കേന്ദ്രങ്ങള്‍:- സമസ്ത ജില്ലാ ഓഫിസ്, പുതിയ ബസ്റ്റാന്റ് (കാസര്‍ക്കോട്), സഹചാരി മെഡി. സിറ്റി, താണ (കണ്ണൂര്‍), ഇസ്ലാമിക് സെന്റര്‍ (കോഴിക്കോട്), സുന്നി മഹല്‍ മലപ്പുറം, ദാറുല്‍ ഹുദാ ചെമ്മാട്, എന്‍.ഐ. കൈതവളപ്പ് മദ്റസ, തിരൂര്‍, സുന്നി മഹല്‍ പെരിന്തല്‍മണ്ണ, നിലമ്പൂര്‍ മര്‍ക്കസ്, സുന്നി മഹല്‍ കൊണ്ടോട്ടി, അല്‍ ബുസ്താന്‍ മദ്റസ വളാഞ്ചേരി, ടി.ഐ മദ്റസ കോട്ടക്കല്‍ (മലപ്പുറം), സമസ്ത കാര്യാലയം, ചെര്‍പ്പുളശ്ശേരി, മണ്ണാര്‍ക്കാട് ഇസ്ലാമിക് സെന്റര്‍ (പാലക്കാട്), എസ്.കെ.എസ്.എസ്.എഫ് ജില്ലാ ഓഫീസ്, എം.ഐ.സി (തൃശൂര്‍), സെന്‍ട്രല്‍ ജുമാമസ്ജിദ് ആലുവ (എറണാകുളം), ഇസ്ലാമിക് സെന്റര്‍ ഓഫിസ് നീര്‍ക്കുന്ന് (ആലപ്പുഴ), സമസ്ത ജില്ലാ കാര്യാലയം (ഇടുക്കി), ഗസ്റ്റ് ഹൗസ് (കൊല്ലം), പഴയ പള്ളി മുസ്ലിം ജമാഅത്ത് ചെങ്ങനാശ്ശേരി (കോട്ടയം), സമസ്ത ജൂബില സൗധം തമ്പാനൂര്‍ (തിരുവനന്തപുരം), ടൗണ്‍ ജുമാമസ്ജിദ് (നീലഗിരി), സമസ്ത ഓഫിസ് മംഗളൂര്, ബദ്രിയാ ജുമാമസ്ജിദ് പുത്തൂര്‍ (ദക്ഷിണ കന്നഡ), മുസ്ലിം ഓര്‍ഫനേജ് സിദ്ധാപുരം (കൊടക്), എസ്.കെ.എസ്.എസ്.എഫ് ജില്ലാ ഓഫീസ് മൂടിക്കരൈ (ചിക്ക് മാംഗ്ലൂര്‍)
ഫണ്ട് ശേഖരണം വിജയിപ്പിക്കാന്‍ ശാഖാ തലങ്ങളില്‍ പ്രവര്‍ത്തകര്‍ കര്‍മ രംഗത്തിറങ്ങണമെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."