കേരളത്തിന്റെ 'പരസ്യപ്രതിഷേധം'
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരേ ദേശീയ മാധ്യമങ്ങളില്‍ ഒന്നാം പേജ് പരസ്യം നല്‍കി കേരള സര്‍ക്കാര്‍. 'ഒറ്റക്കെട്ടാണ് ഞങ്ങള്‍, ഒന്നാമതാണ് ഞങ്ങള്‍' എന്ന തലക്കെട്ടില്‍ പ്രധാന ദേശീയ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട പരസ്യത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ നിലപാടിന് പുറമേ, കേരളത്തിന്റെ നേട്ടങ്ങളും എടുത്തുപറഞ്ഞിട്ടുണ്ട്.
ഇന്ത്യയില്‍ ആദ്യമായി പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രമേയം പാസാക്കിയത് കേരളമാണെന്നും പരസ്യത്തില്‍ പറയുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരേ കേരളം ദേശീയ തലത്തില്‍ നടത്താന്‍ പോകുന്ന കാംപയിനിന്റെ തുടക്കമായാണ് ഇതിനെ വിലയിരുത്തുന്നത്. ദാരിദ്ര്യം ഇല്ലായ്മ ചെയ്യുന്നതില്‍, ആരോഗ്യപരിരക്ഷാ നിലവാരത്തില്‍, വിദ്യാഭ്യാസ നിലവാരത്തില്‍, ലിംഗ വിവേചനമില്ലായ്മയില്‍, നൂതനാശയങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതില്‍ കേരളം ഒന്നാമതാണെന്നും പരസ്യം പറയുന്നു. ഭരണഘടനയെ സംരക്ഷിക്കാന്‍ കേരളം മുന്നിലാണെന്നും പറയുന്നുണ്ട്.
പൗരത്വപ്പട്ടികയിലേക്ക് നയിക്കുന്ന എന്‍.പി.ആര്‍ നടപടികള്‍ കേരളം നിര്‍ത്തിവച്ചതും വ്യക്തമാക്കുന്നുണ്ട്.
പൗരത്വ നിയമ ഭേദഗതിക്കെതിരേ നിയമസഭയില്‍ പ്രമേയം പാസാക്കുകയും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇതിനെതിരേ പരസ്യമായി രംഗത്തുവരികയും ചെയ്തതിനു പിന്നാലെയാണ് സര്‍ക്കാര്‍ പരസ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."