ഭക്തര്‍ക്ക് പ്രാഥമിക സൗകര്യമൊരുക്കി പാണമ്പ്ര ഇസ്സത്തുല്‍ ഇസ്‌ലാം മദ്‌റസ
തേഞ്ഞിപ്പലം: ശബരിമല തീര്‍ഥാടകര്‍ക്ക് പ്രാഥമിക സൗകര്യമൊരുക്കി പാണമ്പ്ര ഇസ്സത്തുല്‍ ഇസ്‌ലാം മദ്‌റസ. കര്‍ണാടക ബെല്ലാരിയില്‍നിന്നു ശബരിമലയിലേക്ക് പോവുകയായിരുന്ന അയ്യപ്പഭക്തര്‍ക്ക് പ്രാഥമിക കര്‍മങ്ങള്‍ക്കും ഭക്ഷണത്തിനും മറ്റും സൗകര്യമൊരുക്കിയാണ് ഇസ്സത്തുല്‍ ഇസ്‌ലാം മദ്‌റസ ശ്രദ്ധേയമായത്.
കിലോമീറ്ററുകള്‍ക്കപ്പുറത്തുനിന്ന് തന്നെ അയ്യപ്പഭക്തര്‍ സൗകര്യപ്രദമായ സ്ഥലം നോക്കി വരുന്നതിനിടയിലാണ് പാണമ്പ്ര മദ്‌റസ, മസ്ജിദിന്റെ വിശാലമായ അങ്കണം ശ്രദ്ധയില്‍പ്പെട്ടത്.
രാവിലെ ഏഴോടെ മുപ്പതോളം പേരടങ്ങുന്ന സംഘമായിരുന്നു പാണമ്പ്ര പള്ളിയോട് ചേര്‍ന്ന് ദേശീയ പാതയോരത്ത് ബസ് നിര്‍ത്തിയത്. പള്ളി, മദ്‌റസാ മുറ്റത്തെ വിശാലമായ സ്ഥലംകണ്ട അയ്യപ്പഭക്തര്‍ പള്ളിമുറ്റത്ത് നില്‍ക്കുകയായിരുന്ന മുഅദ്ദിന്‍ ചോനാരി അലി ഫൈസിയെ സമീപിക്കുകയായിരുന്നു. ഉടന്‍തന്നെ അലി ഫൈസി കമ്മിറ്റിക്കാരില്‍നിന്ന് സമ്മതം വാങ്ങി അയ്യപ്പഭക്തര്‍ക്കുള്ള സൗകര്യങ്ങള്‍ പള്ളിമുറ്റത്ത് ചെയ്തുകൊടുത്തു. പുഴയുടെ സൗകര്യം നാട്ടുകാര്‍ അയ്യപ്പഭക്തരെ അറിയിച്ചെങ്കിലും ബാത്ത് റൂം സൗകര്യമില്ലാത്തതിനാല്‍ ആ നീക്കം ഉപേക്ഷിക്കുകയായിരുന്നു.
കൈയില്‍ കരുതിയ നെയ്യപ്പവും പേടയും അടക്കം മധുരം പള്ളിയിലുള്ളവര്‍ക്കും കമ്മിറ്റിക്കാര്‍ക്കും നല്‍കിയാണ് അവര്‍ യാത്ര തുടര്‍ന്നത്. അവര്‍ നല്‍കിയ മധുരം മതസൗഹാര്‍ദത്തിന്റെ മധുരമാണെന്ന് അലി ഫൈസി പറഞ്ഞു. മണിക്കൂറുകളോളം ചെലവിട്ട ഇവര്‍ സൗകര്യം തന്നവര്‍ക്ക് നന്ദി അറിയിച്ചശേഷമാണ് മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."