48 മണിക്കൂര്‍ ദേശീയ പണിമുടക്ക് ജില്ലയില്‍ പൂര്‍ണമാകും
കണ്ണൂര്‍: സംയുക്ത ട്രേഡേഴ്‌സ് യൂനിയന്‍ സമിതി കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേയും 12 ഇന ആവശ്യങ്ങള്‍ ഉന്നയിച്ചും എട്ട്, ഒന്‍പത് തിയതികളില്‍ നടത്തുന്ന ദേശീയ പണിമുടക്ക് ട്രെയിന്‍ തടയല്‍ ഉള്‍പ്പെടെ ജില്ലയില്‍ പൂര്‍ണമാകും. പണിമുടക്ക് ദിവസങ്ങളില്‍ പയ്യന്നൂര്‍, കണ്ണപുരം, കണ്ണൂര്‍, തലശ്ശേരി എന്നിവിടങ്ങളില്‍ ട്രെയിന്‍ ഉപരോധിക്കും. പ്രതിമാസം മിനിമം വേതനം 18,000 രൂപയാക്കുക, 3,000 രൂപ പെന്‍ഷനായി നല്‍കുക, തൊഴില്‍ സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക് നടത്തുന്നത്.
പണിമുടക്കിന്റെ ഭാഗമായി ഇന്നു വിവിധ സ്ഥലങ്ങളില്‍ വിളംബര ജാഥകളും നാളെ പന്തംകൊളുത്തി പ്രകടനങ്ങളും നടത്തും. എട്ടിനു രാവിലെ ജില്ലയിലെ 166 കേന്ദ്രങ്ങളില്‍ പ്രകടനവും പൊതുയോഗവും നടത്തും. ആശുപത്രി, പത്രം, പാല്‍, ശുദ്ധജല വിതരണം തുടങ്ങിയ അവശ്യ സര്‍വിസുകളെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തൊഴിലാളികളോടും പൊതുജനങ്ങളോടും വ്യാപാരികളോടും പണിമുടക്കിനോട് സഹകരിക്കണമെന്ന് ഭാരവാഹികളായ കെ.പി സഹദേവന്‍, വി.വി ശശീന്ദ്രന്‍, കെ. മനോഹരന്‍, എം.എ കരീം, സി.പി സന്തോഷ്, കെ. ബാലകൃഷ്ണന്‍, എം.കെ ജയരാജന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."